KERALANEWS

കോവിഡ് മുന്നണിപ്പോരാളികള്‍ നേരിടുന്നത് വന്‍ ഭീഷണി;രോഗികളുടെ എണ്ണത്തിന് ആനുപാതികമായി ആരോഗ്യ പ്രവര്‍ത്തകരെ നിയമിക്കണം;കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മാനവവിഭവശേഷി ഉറപ്പാക്കണമെന്ന് കെജിഎംഒഎ

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മാനവവിഭവശേഷി ഉറപ്പാക്കണമെന്ന് സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘടന കെജിഎംഒഎ. രോഗികളുടെ എണ്ണത്തിന് ആനുപാതികമായി ആരോഗ്യ പ്രവര്‍ത്തകരെ നിയമിക്കണം. അല്ലാത്തപക്ഷം ഗുരുതര സാഹചര്യം നേരിടേണ്ടിവരും. കോവിഡ് മുന്നണിപ്പോരാളികള്‍ നേരിടുന്നത് വന്‍ ഭീഷണിയാണ്. പല ജില്ലകളിലും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 40 ശതമാനത്തിലെത്തി. ഈ സാഹചര്യത്തില്‍ 18-44 പ്രായക്കാര്‍ക്കുള്ള വാക്സിനേഷന്‍ എത്രയും വേഗം മുന്‍ഗണന വിഭാഗങ്ങളെ നിശ്ചയിച്ച് നടപ്പാക്കാനുള്ള നടപടികള്‍ സ്വീകരിക്കണം എന്നതുള്‍പ്പെടെ ഏഴ് നിര്‍ദേശങ്ങളാണ് കെജിഎംഒഎ സര്‍ക്കാരിന് സമര്‍പ്പിച്ചത്.

കെജിഎംഒഎയുടെ നിര്‍ദേശങ്ങള്‍:

1) മാനവവിഭവശേഷി ഉറപ്പാക്കുക: മാനവവിഭവശേഷിയുടെ ഗുരുതരമായ കുറവാണ് നമ്മുടെ ആരോഗ്യ സ്ഥാപനങ്ങള്‍ അഭിമുഖീകരിക്കുന്ന വലിയ വെല്ലുവിളി. കോവിഡിനോടൊപ്പം കോവിഡേതര ചികിത്സകയും പ്രതിരോധപ്രവര്‍ത്തനങ്ങളും മുന്നോട്ട് കൊണ്ടുപോകുന്ന ഭാരിച്ച ഉത്തരവാദിത്വമാണ് ആരോഗ്യവകുപ്പ് ഏറ്റെടുത്തിട്ടുള്ളത്. ഇത് കാര്യക്ഷമമായി പ്രാവര്‍ത്തികമാക്കാന്‍ വേണ്ട അധികം ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ആരോഗ്യ പ്രവര്‍ത്തകരെ അടിയന്തരമായി പ്രാഥമികാരോഗ്യകേന്ദ്രങ്ങള്‍ മുതല്‍ കോവിഡ് ആശുപത്രികളില്‍ വരെ നിയമിക്കണം. വിശ്രമരഹിതമായി പ്രവര്‍ത്തിക്കുന്ന ആരോഗ്യ പ്രവര്‍ത്തകരില്‍ മാനസികവും ശാരീരികവുമായ പ്രയാസങ്ങള്‍ ഉണ്ടാവുന്നുണ്ട്. പലരും കോവിഡ് രോഗബാധിതരാവുന്ന സാഹചര്യവും നിലവിലുണ്ട്. രോഗികളുടെ എണ്ണത്തിന് ആനുപാതികമായി ആരോഗ്യ പ്രവര്‍ത്തകരെ നിയമിച്ചില്ലെങ്കില്‍ ഗുരുതര സാഹചര്യത്തിലേക്ക് പോകാം.

2) മാനവവിഭവശേഷിയുടെ അധിക വിനിയോഗം കുറയ്ക്കാനായി ഗുരുതരമല്ലാത്ത എന്നാല്‍ വീടുകളില്‍ ചികിത്സയില്‍ കഴിയാന്‍ ബുദ്ധിമുട്ടുള്ള Category A രോഗികളെയും കോവിഡ് ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജാവുന്നവരെയും ചികിത്സിക്കാനും നിരീക്ഷിക്കാനും Domiciliary Care Center കളും, step down CFLTC കളും പഞ്ചായത്ത് /ബ്ലോക്ക് തലത്തില്‍ സജ്ജമാക്കണം. ഇവിടെ ഡോക്ടര്‍മാരുടെ physical presence ഒഴിവാക്കി ടെലി കണ്‍സള്‍ട്ടേഷന്‍ സംവിധാനം നടപ്പാക്കണം. ഇത്തരം സംവിധാനങ്ങളുടെ നടത്തിപ്പിന്റെയും ജീവനക്കാരെ നിയമിക്കുന്നതിന്റെയും പൂര്‍ണ്ണ ചുമതല തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കായിരിക്കണം. കൂടുതല്‍ CFLTC കള്‍തുടങ്ങുന്നതിനേക്കാള്‍ നിലവിലുള്ളവയിലെ bed strength വര്‍ദ്ധിപ്പിക്കുന്നത് മാനവവിഭവശേഷി വിനിയോഗം കുറക്കാന്‍ ഉപകരിക്കും.

3) വീടുകളില്‍ ചികിത്സയിലുള്ള രോഗികളുടെയും നിരീക്ഷണത്തില്‍ ഉള്ളവരുടെയും എണ്ണം വലിയ തോതില്‍ വര്‍ധിച്ചു വരുന്നസാഹചര്യത്തില്‍ അവര്‍ക്ക് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിനും ചികിത്സ ഉറപ്പു വരുത്തുന്നതിനും ഓരോ പഞ്ചായത്ത് /ബ്ലോക്ക് തലത്തിലും സര്‍വ്വീസില്‍ നിന്ന് വിരമിച്ചവരുള്‍പ്പടെയുള്ള ആരോഗ്യ പ്രവര്‍ത്തകരെ നിയമിച്ചുകൊണ്ട് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന call centre സ്ഥാപിക്കണം. പല കാരണങ്ങള്‍ കൊണ്ടും നേരിട്ട് രോഗി പരിചരണത്തില്‍ ഏര്‍പ്പെടാന്‍ സാധിക്കാത്തവരുടെ സേവനം ഇത്തരമൊരു സംവിധാനത്തില്‍ പ്രയോജനപ്പെടുത്താന്‍ സാധിക്കും. DCC കളിലെ ചികിത്സാ-നിരീക്ഷണത്തിനും ഇത് ഫലപ്രദമായി വിനിയോഗിക്കാം.

4) കോവിഡ് ഒന്നാം തരംഗത്തിന്റെ സമയത്ത് കോവിഡ് ബ്രിഗേഡിനു പുറമെ ലഭിച്ചിരുന്ന ആയിരത്തോളം പുതിയ ഡോക്ടര്‍മാരുടെ സേവനം ഇപ്പോള്‍ ലഭ്യമല്ല. ആരോഗ്യ വകുപ്പില്‍ നിന്ന് പിജി പഠനത്തിന് പോയ ഡോക്ടര്‍മാരെ, അത് പൂര്‍ത്തിയാകുന്ന തീയതിയില്‍ തന്നെ വകുപ്പിലേക്ക് തിരികെ പ്രവേശിപ്പിക്കാനുള്ള നടപടികള്‍ വൈകുന്നു. ഈ കാര്യങ്ങളില്‍ അടിയന്തര ശ്രദ്ധ പതിയേണ്ടതാണ്.

5) കോവിഡ് ആശുപത്രികള്‍, CSLTC കള്‍ എന്നിവയിലേക്കുള്ള പ്രവേശനത്തിന് കൃത്യമായ അഡ്മിഷന്‍ റഫറല്‍ പ്രോട്ടോകോള്‍ ഉണ്ടാക്കണം. ഇവിടത്തെ കിടക്കകള്‍ category B, C വിഭാഗം രോഗികള്‍ക്കായി മാറ്റിവക്കുകയും ഗുരുതരമല്ലാത്ത category A രോഗികള്‍ അവിടെ പ്രവേശിക്കപ്പെടുന്നില്ല എന്ന് ഉറപ്പാക്കുകയും വേണം.

6) വര്‍ദ്ധിച്ചുവരുന്ന രോഗി ബാഹുല്യം കണക്കിലെടുത്ത് വീടുകളില്‍ നിന്നും, ഡിസിസി കളില്‍ നിന്നും, സി എഫ് എല്‍ ടി സി കളില്‍ നിന്നും മറ്റും ഗുരുതരാവസ്ഥയില്‍ അല്ലാത്ത രോഗികളെ മാറ്റുന്നതിന് ആംബുലന്‍സുകളോടൊപ്പം ടാക്സികളും പ്രയോജനപ്പെടുത്തണം. ഇതുമായി സഹകരിച്ച പ്രവര്‍ത്തിക്കാന്‍ താല്പര്യമുള്ള ടാക്സികളില്‍ ഡബിള്‍ ക്യാബിന്‍ സംവിധാനമൊരുക്കിയും ഡ്രൈവര്‍മാര്‍ക്ക് സുരക്ഷ മുന്‍കരുതല്‍ ഉറപ്പാക്കിയും ഇതില്‍ പങ്കാളികളാകണം.

7) 18 വയസിനും 45 വയസ്സിനും ഇടയില്‍ ഉള്ളവരുടെ വാക്സിനേഷന്‍ എത്രയും വേഗം മുന്‍ഗണന വിഭാഗങ്ങളെ നിശ്ചയിച്ച് നടപ്പിലാക്കുവാനുള്ള നടപടികള്‍ സ്വീകരിക്കണം. ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ ഉള്ളവര്‍, കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി നേരിട്ട് ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന വിഭാഗങ്ങള്‍, മാധ്യമ പ്രവര്‍ത്തകര്‍ എന്നിവരോടൊപ്പം അണുബാധ ഏല്‍ക്കാന്‍ ഏറ്റവുമധികം സാധ്യതയുള്ള വിഭാഗമെന്ന നിലയില്‍ കോവിഡ് രോഗീപരിചരണവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ആരോഗ്യ പ്രവര്‍ത്തകരുടെ first degree relatives (spouse and children) നെയും മുന്‍ഗണന വിഭാഗത്തില്‍ ഉള്‍പ്പെടുത്തണം.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close