HEALTHTop News

കോവിഡ് രണ്ടാം തരം​ഗം പ്രതീക്ഷിച്ചതിലും ഭീകരം; മരണ നിരക്കും ആശങ്ക ഉയർത്തുന്നു; സംസ്ഥാനത്തെ സർക്കാർ ആശുപത്രികൾ തികയാതെ വരും; കൂടുതൽ സ്വകാര്യ ആശുപത്രികളിൽ കോവിഡ് ഒ.പി. തുടങ്ങാൻ നിർദ്ദേശം നൽകി ഭരണകൂടം

തിരുവനന്തപുരം: കോവിഡ് രണ്ടാം തരം​ഗം പ്രതീക്ഷിച്ചതിലും ഭീകരമെന്ന കണക്കുകൂട്ടലിൽ അധികൃതർ. ഒന്നാം തരം​ഗത്തെ അതിജീവിക്കാൻ കേരളത്തിന് കഴിഞ്ഞിരുന്നെങ്കിലും രണ്ടാം തരം​ഗത്തിലെ അതിതീവ്ര വ്യാപനവും മരണ നിരക്ക് ഉയരുന്നതും അധികൃതരെ ആശങ്കയിലാഴ്ത്തുന്നു. ഒന്നാം തരം​ഗത്തിൽ റിപ്പോർട്ട് ചെയ്ത കോവിഡ് മരണങ്ങളിൽ അധികവും മറ്റ് അസുഖങ്ങൾ ഉള്ളവരും പ്രായം ചെന്നവരുമായിരുന്നെങ്കിൽ ഇപ്പോൾ ചെറുപ്പക്കാരും ​ഗുരുതര രോ​ഗങ്ങൾ ഇല്ലാത്തവരും മരിക്കന്നതും വെല്ലുവിളി ആകുകയാണ്. കോവിഡ് മുക്തരായ ശേഷവും ​ഗുരുതരമായ ആരോ​ഗ്യപ്രശ്നങ്ങളാണ് കാത്തിരിക്കുന്നത് എന്നതും ​ഗൗരവത്തോടെയാണ് ഭരണകൂടവും ആരോ​ഗ്യപ്രവർത്തകരും നോക്കിക്കാണുന്നത്.

കൂടുതൽ സ്വകാര്യ ആശുപത്രികളിൽ കോവിഡ് ഒ.പി. തുടങ്ങാൻ സർക്കാർ നിർദേശിച്ചിട്ടുണ്ട്. പി.പി.ഇ. കിറ്റ്, കൈയുറകൾ, എൻ-95 മാസ്‌ക്, ഫെയ്‌സ് ഷീൽഡ് എന്നിവ ആവശ്യത്തിനുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും ഉത്തരവിൽ പറയുന്നു. സർക്കാർ ആശുപത്രികളിലെ പനി ക്ലിനിക്കുകൾ കോവിഡ് ഒ.പി.കളാക്കി മാറ്റണം. കിടപ്പുരോഗികൾക്ക് കോവിഡ് ബാധയുണ്ടായാൽ വീടുകളിൽ ഓക്സിജൻ സൗകര്യമൊരുക്കണം. എല്ലാ സർക്കാർ ആശുപത്രികളും മേയ് 31 വരെ കോവിഡ് ചികിത്സയ്ക്ക് മുൻഗണന നൽകണം. അപകടംപോലെ അടിയന്തര സ്വഭാവമുള്ള കേസുകൾ മാത്രമേ ഇതിനുപുറമേ സ്വീകരിക്കാവൂ. കൂടുതൽ സ്വകാര്യ ആശുപത്രികളിൽ കോവിഡ് ചികിത്സാ സൗകര്യമൊരുക്കണം. ഐ.സി.യു. കിടക്കകൾ 50 ശതമാനമായി ഉയർത്തി ഔക്സിജൻ സൗകര്യം ലഭ്യമാക്കണം. ലാബ് സൗകര്യങ്ങളും മരുന്നുകളും സജ്ജീകരിക്കണം.

എല്ലാ താലൂക്ക് ആശുപത്രിയിലും ഓക്സിജൻ ബെഡ്ഡുകൾ ഒരുക്കണം. കുറഞ്ഞത് അഞ്ചു കിടക്കകളിലെങ്കിലും വെന്റിലേറ്ററുകൾ സജ്ജീകരിക്കണം. സി.എസ്.എൽ.ടി.സി.കൾ താലൂക്ക് ആശുപത്രികളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കണം.പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ, കുടുംബാരോഗ്യ കേന്ദ്രങ്ങൾ, മറ്റ് ആശുപത്രികൾ എന്നിവിടങ്ങളിൽ അവശ്യമുള്ള സ്റ്റിറോയിഡുകളും മരുന്നുകളും സംഭരിക്കണം. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരുടെ ആരോഗ്യനില വിലയിരുത്താൻ ടെലി മെഡിസിൻ വിഭാഗം അതിജാഗ്രത പുലർത്തണം.

അതേസമയം, കോവിഡിനെ അതി ജീവിക്കുന്നവര്‍ നേരിടെണ്ടി വരുന്നത് അതിലും വലിയ ദുരിതമാണ് എന്നാണ് ആരോ​ഗ്യ പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നത്. രോഗം ഭേദമായാലും പ്രതിരോധശേഷി നഷ്ടപ്പെട്ടു പോകുന്ന ആളുകളില്‍ മറ്റ് രോഗങ്ങള്‍ വേഗത്തില്‍ പിടിപെടുകയും അത് മരണത്തിലേയ്ക്ക് വരെ നയിക്കുകയും ചെയ്യും. മഹാരാഷ്ട്രയില്‍ കോവിഡ് അതിജീവിച്ച 8 പേര്‍ക്കാണ്‌ ബ്ലാക്ക് ഫംഗസ് (Mucormycosis) ബാധകാരണം മരണം സംഭവിച്ചതെന്ന്സംസ്ഥാന മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറേറ്റ് (ഡിഎംഇആര്‍) ഡയറക്ടര്‍ ഡോ. തത്യാറാവു ലഹാനെ പറഞ്ഞു.

കോവിഡ് ഭേദമായാലും പ്രതിരോധശേഷി ദുര്‍ബലമായ അവസ്ഥയിലാണ് ബ്ലാക്ക് ഫംഗസ് ബാധ ഉണ്ടാകുന്നത്. സ്റ്റിറോയ്ഡ് മരുന്നുകളുടെ അമിത ഉപയോഗവും ഇതിനു വഴിയൊരുക്കുന്നു.മ്യൂകോര്‍ എന്ന ഫംഗസാണ് മ്യൂകോര്‍മൈകോസിസ് രോഗത്തിന് കാരണമെന്നും തണുത്ത പ്രതലത്തിലാണ് ഇവ കണ്ടുവരുന്നതെന്നും നിതി ആയോഗ് അംഗം വി.കെ.പോള്‍ പറഞ്ഞു. കോവിഡ് രോഗിയെ ഓക്‌സിജന്‍ സഹായത്തില്‍ കിടത്തുമ്പോള്‍ അതിലെ ഹ്യുമിഡിഫയറില്‍ അടങ്ങിയ വെള്ളം അണുബാധ ഉണ്ടാകാനുള്ള സാഹചര്യം വര്‍ധിപ്പിക്കുന്നതാണ് ഫംഗസ് ബാധയ്ക്ക് കാരണമെന്നും അദ്ദേഹം പറഞ്ഞു.

ഫംഗസ് വളരെ വേഗം രോഗികളെ ബാധിക്കുകയും വ്യാപിക്കുകയും ചെയ്യുന്നതായാണ് കണ്ടുവരുന്നതെന്ന് ഡോ. ലഹാനെ മുന്നറിയിപ്പ് നല്‍കി. ഇത് തലച്ചോറിനെ ബാധിച്ചാല്‍ മരണത്തിന് കാരണമാകുന്നു. ഈ അവസരത്തില്‍ രോഗിയുടെ ഒരു കണ്ണ് പൂര്‍ണമായും എടുത്തു കളഞ്ഞാല്‍ ജീവന്‍ നിലനിര്‍ത്താനാകുമെന്നും അദ്ദേഹം പറഞ്ഞു. പ്രതിരോധശേഷി കുറഞ്ഞവര്‍, പ്രമേഹ രോഗികര്‍, അവയവമാറ്റം നടത്തിയവര്‍ എന്നിവരിലാണ് രോഗം കൂടുതലായി ബാധിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മരണകാരിയായ ബ്ലാക്ക് ഫംഗസ് പലര്‍ക്കും അന്ധതയ്ക്കും കാരണമാകാറുണ്ടെന്നും ലഹാനെ അറിയിച്ചു. ഈ രോഗം ബാധിച്ചാല്‍ രോഗിക്ക് 21 ദിവസത്തേക്ക് ഒരു പ്രത്യേക കുത്തിവയ്പ്പ് നല്‍കേണ്ടതുണ്ട്. കണ്ണുവേദന, മുഖ വീക്കം, തലവേദന, പനി, മൂക്കടപ്പ്, കാഴ്ചക്കുറവ് എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍.

എന്നാല്‍ ഇതിന്റെ ചെലവ് പ്രതിദിനം 9000 രൂപയാണെന്നും അദ്ദേഹം പറഞ്ഞു.കഴിഞ്ഞ ദിവസം സൂറത്തിലും കോവിഡ് ഭേദമായവരില്‍ ഇതേ രോഗം കണ്ടുവരുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സൂറത്തിലെ കിരണ്‍ സൂപ്പര്‍ മള്‍ട്ടി സ്‌പെഷാലിറ്റി ആശുപത്രി ചെയര്‍മാന്‍ മഥുര്‍ സവാനിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. മൂന്നാഴ്ച മുന്‍പാണു മ്യൂകോര്‍മൈകോസിസ് കണ്ടെത്തിയതെന്ന് അദ്ദേഹം പറഞ്ഞു. 50 പേര്‍ക്ക് ചികിത്സ നടത്തികൊണ്ടിരിക്കുകയാണ്. ചികിത്സയ്ക്കായി 60 പേര്‍ കാത്തിരിക്കുന്നു. സംസ്ഥാനത്തിന്റെ പല ഭാഗത്തുനിന്നും ഇതേ പ്രശ്‌നവുമായി ബന്ധപ്പെട്ട് നിരവധിപ്പേര്‍ വിളിക്കുന്നുണ്ട്. ഏഴുപേരുടെ കാഴ്ച പൂര്‍ണമായും നഷ്ടപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close