
കൊച്ചി: കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ രോഗി മരിക്കാനിടയായ സംഭവം കോവിഡ് മൂലമല്ലെന്നും ജീവനക്കാരുടെ അനാസ്ഥമൂലമാണെന്നും ആശുപത്രി ജീവനക്കാരുടെ പേരില്‍ ശബ്ദ സന്ദേശം. കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിഞ്ഞ ഫോര്‍ട്ട്കൊച്ചി സ്വദേശി മരിച്ചത് ഓക്സിജന്‍ കിട്ടാതെയെന്ന് വെളിപ്പെടുത്തുന്ന നഴ്സിങ് ഓഫിസറുടെ ശബ്ദ സന്ദേശം പുറത്തുവന്നു. വെന്റിലേറ്റര്‍ ട്യൂബുകള്‍ മാറി കിടന്നത് ശ്രദ്ധിക്കാത്തതാണ് മരണകാരണമെന്ന വെളിപ്പെടുത്തല്‍. നഴ്സിങ് ഓഫീസറുടെ പേരിലുള്ള വെളിപ്പെടുത്തല്‍ പ്രചരിച്ചതോടെ സംഭവത്തില്‍ ബന്ധുക്കള്‍ നിയമനടപടിക്കൊരുങ്ങുകയാണ്. എറണാകുളം ജില്ലയിലെ കോവിഡ് കെയര്‍ സെന്ററാണ് കളമശ്ശേരി മെഡിക്കല്‍ കോളേജ്.
സംഭവത്തില്‍ നഴ്സിംഗ് ഓഫിസര്‍ക്ക് സസ്പെന്‍ഡ് ചെയ്തു. ആരോഗ്യ മന്ത്രി കെ കെ ശൈലജയുടേതാണ് നടപടി. എറണാകുളം മെഡിക്കല്‍ കോളജിലുണ്ടായ ചികിത്സാ വീഴ്ചയില്‍ മന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. വിദ്യാഭ്യാസ ഡയറക്ടര്‍ക്കാണ് അന്വേഷണ ചുമതല. ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറോട് അന്വേഷിച്ച് എത്രയും വേഗം റിപ്പോര്‍ട്ട് നല്‍കാനാണ് മന്ത്രി ആവശ്യപ്പെട്ടത്. ഇതിന് പിന്നാലെയാണ് നഴ്സിംഗ് ഓഫിസറെ സസ്പെന്‍ഡ് ചെയ്തത്.