
മോസ്കോ: കോവിഡ് വാക്സിനായുള്ള തങ്ങളുടെ പരീക്ഷണം വിജയമെന്ന് റഷ്യ. വാക്സിന് പരീക്ഷിക്കുന്നവരില്‍ നടത്തിയ അവസാന പരിശോധനയില്‍ പങ്കെടുത്തവരില്‍ മുഴുവന്‍ പ്രതിരോധശേഷി കാണിക്കുന്നുവെന്ന് റഷ്യന്‍ പ്രതിരോധ മന്ത്രി പറഞ്ഞു. ഗമാലേയ നാഷണല്‍ റിസര്‍ച്ച് സെന്റര്‍ ഓഫ് എപ്പിഡെമിയോളജി ആന്‍ഡ് മൈക്രോബയോളജിയാണ് വാക്സിന് വികസിപ്പിച്ചത്.കൃത്യമായ പ്രതിരോധശേഷി വാക്സിനിലൂടെ നേടിയെടുക്കാന്‍ കഴിയുന്നുണ്ടെന്ന് പരിശോധന ഫലം തെളിക്കുന്നത്. ഇവരുടെ ശരീരത്തില്‍ പാര്‍ശ്വഫലങ്ങളോ പ്രശ്നങ്ങളോ കണ്ടെത്തിയില്ലെന്നും റഷ്യ അവകാശപ്പെട്ടു. വാക്സിന് നിര്‍മാണം അടുത്ത മാസം ആരംഭിക്കും. ഒക്ടോബറോടെ രോഗപ്രതിരോധ കുത്തിവയ്പ്പ് ആരംഭിക്കാനാണ് റഷ്യയുടെ നീക്കം.
റഷ്യ മനുഷ്യരിലെ വാക്സിന് പരീക്ഷണത്തിന്റെ കാലാവധി കുറച്ചുവെന്ന ആരോപണം നിലനില്‍ക്കുന്നതിനിടെയാണ് പ്രഖ്യാപനം.ഡോക്ടര്‍മാര്‍ക്കും അധ്യാപകര്‍ക്കുമായിരിക്കും ആദ്യം വാക്സിന് നല്‍കുകയെന്നും ഓഗസ്റ്റില്‍ റഷ്യന്‍ സര്‍ക്കാര്‍ വാക്സിനു അനുമതി നല്‍കുമെന്നും നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. രാജ്യത്ത് വെക്റ്റര്‍ സ്റ്റേറ്റ് റിസര്‍ച്ച് സെന്റര്‍ ഓഫ് വൈറോളജി ആന്‍ഡ് ബയോടെക്നോളജി ഒരു കോവിഡ് വാക്സിന് നിര്‍മാണം നവംബറില്‍ ആരംഭിക്കുമെന്ന് സ്ഥാപനത്തിന്റെ ഡയറക്ടര്‍ റിനത്ത് മക്സ്യുതോവ് ചാനല്‍ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. മൂന്നു കമ്പനികളാണ് ഗമാലേയ ഗവേഷണ കേന്ദ്രത്തില്‍ വികസിപ്പിച്ച വാക്സിന്റെ വ്യാവസായിക നിര്‍മാണത്തിനായി തയാറെടുക്കുന്നതെന്നും മക്സ്യുതോവ് പറഞ്ഞു. 140ഓളം വാക്സിന് പരീക്ഷണങ്ങളാണ് ലോകാരോഗ്യ സംഘടനയുടെ മേല്‍നോട്ടത്തില്‍ ലോകത്താകമാനം നടക്കുന്നത്