INDIANEWS

കോവിഡ് വാക്‌സിന്‍ വിതരണം: കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് മാര്‍ഗനിര്‍ദേശ രേഖ കൈമാറി

ന്യൂഡല്‍ഹി ;കോവിഡ് വാക്‌സിന്‍ കുത്തിവെപ്പ് സംബന്ധിച്ച മാര്‍ഗനിര്‍ദേശ രേഖ കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് കൈമാറി. ഓരോ വാക്‌സിന്‍ കേന്ദ്രങ്ങളിലും പ്രതിദിനം നൂറുപേര്‍ക്കാണ് മാത്രമാണ് കുത്തിവെപ്പ് നടത്തുക. ആരോഗ്യപ്രവര്‍ത്തകര്‍ അടക്കം അഞ്ചു പേരാണ് വാക്‌സിന്‍ കേന്ദ്രങ്ങളില്‍ ഉണ്ടാവുക. വാക്‌സിന്‍ കേന്ദ്രങ്ങള്‍ എങ്ങനെയെല്ലാം സജ്ജീകരിക്കണമെന്നും മാര്‍ഗനിര്‍ദേശത്തില്‍ വ്യക്തമാക്കുന്നുണ്ട്. വാക്‌സിന്‍ കേന്ദ്രത്തിന് മൂന്നു മുറികളാണ് ഉണ്ടായിരിക്കേണ്ടത്. ഇതില്‍ ആദ്യത്തെ മുറി വാക്‌സിന്‍ സ്വീകരിക്കാന്‍ എത്തുന്നവര്‍ക്കുള്ള കാത്തിരുപ്പ് സ്ഥലമാണ്. ഇവിടെ സാമൂഹിക അകലം പാലിക്കാനുള്ള സജ്ജീകരണങ്ങള്‍ ക്രമീകരിക്കണം. രണ്ടാമത്തെ മുറിയിലാണ് കുത്തിവെപ്പ് നടത്തേണ്ടത്. ഒരു സമയം ഒരാള്‍ക്ക് മാത്രമേ കുത്തിവെപ്പ് നടത്താന്‍ പാടുള്ളൂ. തുടര്‍ന്ന് വാക്‌സിന്‍ സ്വീകരിച്ചയാളെ മൂന്നാമത്തെ മുറിയില്‍ എത്തിച്ച് അരമണിക്കൂറോളം നിരീക്ഷിക്കണം. ഇവയെല്ലാം മാര്‍ഗനിര്‍ദേശത്തില്‍ പറഞ്ഞിരിക്കുന്നു. വാക്‌സിന്‍ കുത്തിവെപ്പിനു ശേഷം അരമണിക്കൂറിനുള്ളില്‍ രോഗലക്ഷണങ്ങളോ പാര്‍ശ്വഫലങ്ങളോ കാണിക്കുകയാണെങ്കില്‍ അവരെ നേരത്തെ നിശ്ചയിച്ചിട്ടുള്ള ആശുപത്രിയിലേക്ക് മാറ്റണം. ഇതിനായി ആശുപത്രികളുടെ പട്ടിക തയ്യാറാക്കാനും മാര്‍ഗനിര്‍ദേശത്തില്‍ കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കോവിഡ് പ്രതിരോധ വാക്‌സിന്‍ വിതരണം ആദ്യം ആരംഭിച്ച ബ്രിട്ടണില്‍ കുത്തിവെപ്പിനു ശേഷം ഒരാളെ പത്തുമിനിറ്റ് നേരം മാത്രമാണ് നിരീക്ഷിച്ചിരുന്നത്. എന്നാല്‍ ഇന്ത്യയില്‍ അത് അരമണിക്കൂറായി വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. കുത്തിവെപ്പിന് ശേഷമുള്ള നിരീക്ഷണ സമയം അരമണിക്കൂര്‍ ആയതിനാലാണ് ഒരു ദിവസം 100 പേര്‍ക്ക് മാത്രമായി വാക്‌സിന്‍ വിതരണം നിജപ്പെടുത്തിയിരിക്കുന്നത്. കേന്ദ്ര മാര്‍ഗരേഖയുടെ അടിസ്ഥാനത്തില്‍ വാക്‌സിന്‍ കുത്തിവെപ്പിനുള്ള ക്രമീകരണങ്ങള്‍ നടത്തേണ്ടത് അതാത് സംസ്ഥാന സര്‍ക്കാരുകളുടെ ഉത്തരവാദിത്തമാണ്. കമ്മ്യൂണിറ്റി ഹാളുകള്‍ക്ക് പുറമെ താല്‍ക്കാലികമായി വാക്‌സിന്‍ കേന്ദ്രങ്ങള്‍ നിര്‍മ്മിക്കുവാനും കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.രാജ്യത്ത് കോവിഡ് വാക്‌സിന്‍ വിതരണത്തിനായി വ്യോമസേനയുടെ സഹായവും കേന്ദ്ര സര്‍ക്കാര്‍ തേടിയിട്ടുണ്ട്. ഇതിനായുള്ള മുന്നൊരുക്കം നേരത്തെ തന്നെ നടത്തിയിരുന്നു. സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയും ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയും കോവിഷീല്‍ഡ് വാക്‌സിന്‍, ബ്രിട്ടനില്‍ വിതരണം ആരംഭിച്ചിരിക്കുന്ന ഫൈസര്‍ വാക്‌സിന്‍ തുടങ്ങിയവയാണ് ഇന്ത്യയില്‍ അടിയന്തിര ഉപയോഗത്തിന് അനുമതി തേടിയിരിക്കുന്നത് അടുത്ത മാസം ആദ്യം തന്നെ ഇന്ത്യയില്‍ കോവിഡ് വാക്‌സിന്‍ വിതരണം ആരംഭിക്കുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന സൂചന.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close