
ന്യൂഡല്‍ഹി: കോവിഡിനെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന പതിനൊന്നു വയസ്സുകാരിയുടെ മസ്തിഷ്കത്തിലെ നാഡീവ്യൂഹത്തിന് തകരാറ് സംഭവിച്ചതായി ഓള് ഇന്ത്യാ ഇന്‍സ്റ്റിട്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് റിപ്പോര്‍ട്ട് ചെയ്തു. ഇതിനെത്തുടര്‍ന്ന് കുട്ടിയുടെ കാഴ്ച നഷ്ടമായിരുന്നു. ഈ അവസ്ഥയെ സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് തയ്യാറാക്കുകയാണ് എയിംസ് അധികൃതര്‍. മസ്തിഷ്കത്തില്‍ നിന്നുള്ള സന്ദേശങ്ങള്‍ ശരീരത്തിലൂടെ വേഗത്തിലും സുഗമമായും സഞ്ചരിക്കാന്‍ സഹായിക്കുന്ന മൈലിന് എന്ന സംരക്ഷിത പാളിയാണ് ഞരമ്പുകളെ മൂടിയിരിക്കുന്നത്. ഈ അവസ്ഥയില്‍ കൃത്യമായി തലച്ചോറില്‍ നിന്നുള്ള സന്ദേശങ്ങള്‍ എത്താത്തതിനെത്തുടര്‍ന്ന് കാഴ്ച, പേശി ചലനം, ഇന്ദ്രിയങ്ങള്‍, മൂത്രസഞ്ചി, മലവിസര്‍ജ്ജനം തുടങ്ങിയ ന്യൂറോളജിക്കല്‍ പ്രവര്‍ത്തനങ്ങള്‍ കൃത്യമായി നടക്കാതാകുന്നു. വൈറസ് പ്രധാനമായും തലച്ചോറിനെയും ശ്വാസകോശത്തെയും ബാധിക്കുന്നുവെന്ന കണ്ടെത്തല്‍ നേരത്തെ വന്നിരുന്നു. എന്നാല്‍ ഈ കണ്ടെത്തല്‍ താരതമ്യേന പുതിയതാണ്. കാഴ്ച നഷ്ടപ്പെട്ട കുട്ടിയ്ക്ക് ഇമ്മ്യൂണോതെറാപ്പിയിലൂടെ 50% കാഴ്ച തിരികെ ലഭിച്ചിട്ടുണ്ട്. പക്ഷെ ഇത്തരം സാഹചര്യത്തില്‍ തുടര്‍ചികിത്സ ആവശ്യമാണ്. കുട്ടികളില്‍ ഇത്തരത്തിലുള്ള ഒരവസ്ഥയുണ്ടകുന്നത് ഇന്ത്യ പോലൊരു രാജ്യത്ത് വെല്ലുവിളിയുണ്ടാക്കും എന്ന് അധികൃതര്‍ പറയുന്നു.