കോവിഡ് വ്യാപനം അതിരൂക്ഷം, അടുത്ത മാസം രോഗികളുടെ എണ്ണം ഒരു ലക്ഷമായേക്കും

തിരുവനന്തപുരം: അടുത്ത മാസമാകുമ്പോഴേക്കും കേരളത്തില്‍ ഓരോ ജില്ലയിലും 5,000ത്തോളം കോവിഡ് രോഗബാധിതര്‍ ഉണ്ടാകാന്‍ സാധ്യതയുള്ളതായി മന്ത്രിസഭായോഗം വിലയിരുത്തി. ഒപ്പം സംസ്ഥാനത്ത് രോഗവ്യാപനം അതിരൂക്ഷമാകാന്‍ സാധ്യതയുണ്ടെന്ന് മുന്നറിപ്പ് നല്‍കിയിട്ടുമുണ്ട്. കേരളത്തില്‍ കോവിഡ് വ്യാപനം അതിരൂക്ഷമാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് മുന്നറിയിപ്പ് നല്‍കിയതിനെത്തുടര്‍ന്നാണിത്. അടുത്ത മാസത്തോടെ മഹാമാരി കൂടുതല്‍ രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജിതമാക്കണമെന്നും മന്ത്രിസഭായോഗം വിലയിരുത്തി. ധനവിനിയോഗബില്‍ പാസാക്കാന്‍ ഈ മാസം 27ന് പ്രത്യേക നിയമസഭാസമ്മേളനം ചേരണമെന്ന് ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാനും മന്ത്രിസഭായോഗം തീരുമാനിച്ചു. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിലാണ് നിയമസഭാസമ്മേളനം നിര്‍ത്തിവച്ചത്.
‘കേരളത്തില്‍ മൂന്നാംഘട്ട രോഗവ്യാപനമാണ് ഇപ്പോള്‍ നടക്കുന്നത്. വര്‍ഷാവസാനത്തോടെ മാത്രമേ രോഗനിയന്ത്രണം സാധ്യമാകൂ. മാസങ്ങളായി അത്യധ്വാനം ചെയ്യുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്കൊപ്പം സഹകരിക്കണം. പലരും ഈ മഹാമാരിയെ ഗൗരവമായി കാണുന്നില്ല. പലയിടത്തും രോഗവ്യാപനം രൂക്ഷമാകാന്‍ കാരണം ആളുകളുടെ ജാഗ്രത കുറവാണ്” എന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ കൂട്ടിച്ചേര്‍ത്തു. യുദ്ധകാല അടിസ്ഥാനത്തില്‍ ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളും റിവേഴ്സ് ക്വാറന്റൈന് സൗകര്യങ്ങളും ഒരുക്കുന്നതിന് 14 ഐഎഎസ് ഉദ്യോഗസ്ഥരെ നിയമിച്ചതായും മുഖ്യമന്ത്രി അറിയിച്ചു.