INDIA

കോവിഡ് വ്യാപനം: ചീഫ് സെക്രട്ടറിയുടെ ഉത്തരവില്‍ സര്‍വത്ര ആശയക്കുഴപ്പം

തിരുവനന്തപുരം: കോവിഡ് വ്യാപന സാഹചര്യത്തില്‍ സംസ്ഥാനത്ത് അഞ്ച് പേരില്‍ കൂടുതല്‍ കൂട്ടംകൂടരുതെന്ന ചീഫ് സെക്രട്ടറിയുടെ ഉത്തരവില്‍ സര്‍വത്ര ആശയക്കുഴപ്പം. രോഗവ്യാപനമുള്ള സ്ഥലങ്ങളില്‍ മാത്രമാണോ അതോ സംസ്ഥാനത്തുടനീളം ഉത്തരവ് ബാധകമാണോ എന്ന കാര്യത്തിലാണ് ആശയക്കുഴപ്പം നിലനില്‍ക്കുന്നത്.ഓരോ പ്രദേശത്തെയും സാഹചര്യം കണക്കിലെടുത്ത് കളക്ടര്‍മാര്‍ക്ക് 144 അനുസരിച്ച് നടപടിയെടുക്കാമെന്നതാണ് സര്‍ക്കാര്‍ നല്‍കുന്ന വിശദീകരണം. എന്നാല്‍ സംസ്ഥാനത്തെ പൊതുഗതാഗതം പൂര്‍ണ സജ്ജമായതും സര്‍ക്കാര്‍ ഓഫീസുകള്‍ നൂറ് ശതമാനം ഹാജറിലേക്ക് മടങ്ങുകയും ചെയ്ത സാഹചര്യത്തില്‍ അഞ്ച് പേരില്‍ കൂടുതല്‍ കൂട്ടംകൂടരുതെന്ന ഉത്തരവ് പ്രായോഗികമാണോ എന്ന ചോദ്യമാണ് ഉയരുന്നത്.ശാരീരിക അകലം പാലിക്കുന്നുവെന്ന് ഉറപ്പുവരുത്താന്‍ 144 പ്രഖ്യാപിക്കാന്‍ കളക്ടര്‍മാരോട് സര്‍ക്കാര്‍ നിര്‍ദേശിച്ചത് നിയമപരമല്ലെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. കളക്ടര്‍മാര്‍ക്ക് യുക്തമായ സാഹചര്യങ്ങളില്‍ 144 പ്രഖ്യാപിക്കാന്‍ നേരത്തെതന്നെ അധികാരമുണ്ട്. ഈ പശ്ചാത്തലത്തില്‍ സര്‍ക്കാരും ചീഫ് സെക്രട്ടറിയും ഇത്തരമൊരു ഉത്തരവ് പുറപ്പെടുവിച്ചത് ശരിയായില്ലെന്നും അഭിപ്രായം ഉയര്‍ന്നിട്ടുണ്ട്.പൊതുസ്ഥലത്ത് ആളുകള്‍ കൂട്ടംകൂടുന്നതും സംഘടിക്കുന്നതും രോഗവ്യാപനത്തിന് വഴിവെക്കുന്നതിനാല്‍ ഒക്ടോബര്‍ 30 വരെ അഞ്ച് പേരില്‍ കൂടുതല്‍ സംഘം ചേരുന്നത് അനുവദിക്കാനാകില്ല എന്നായിരുന്നു കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചീഫ് സെക്രട്ടറിയുടെ ഉത്തരവില്‍ പറഞ്ഞിരുന്നത്. ആശയക്കുഴപ്പം ഉടലെടുത്ത പശ്ചാത്തലത്തില്‍ ചീഫ് സെക്രട്ടറിയുടെ ഉത്തരവില്‍ സര്‍ക്കാര്‍ വ്യക്തത വരുത്താന്‍ സാധ്യതയുണ്ടെന്നാണ് വിവരം.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close