
ഹൈദരാബാദ്: കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ആത്മഹത്യ ചെയ്തു. ആന്ധ്രാപ്രദേശിലെ കഡാപ്പ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റാണ് കോവിഡ് 19 സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് വിഷാദത്തിലായി ജീവനൊടക്കിയത്. ചിലങ്കുരു സ്വദേശിയായ ഇദ്ദേഹം കഴിഞ്ഞ ദിവസമാണ് കോവിഡ് പോസിറ്റീവയത്. തുടര്‍ന്ന് പ്രൊദുത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.തിങ്കളാഴ്ച വൈകിട്ടോടെ ഇദ്ദേഹം ആശുപത്രിയില്‍നിന്നു പുറത്തുപോകാന്‍ ശ്രമിച്ചു. സുരക്ഷ ജീവനക്കാര്‍ തടഞ്ഞെങ്കിലും തന്റെ സുഹൃത്താണ് ആശുപത്രി ഉടമയെന്നും അദ്ദേഹത്തെ കാണണമെന്നും പറഞ്ഞ് ബൈക്കില്‍ പുറത്തേക്കു പോയി. സുരക്ഷാ ജീവനക്കാര്‍ ആശുപത്രി ജീവനക്കാരെ വിവരം അറിയിച്ചെങ്കിലും അദ്ദേഹം സ്ഥലംവിട്ടു കഴിഞ്ഞിരുന്നു. പിന്നീട്, സുന്നപുരലപ്പല്ലെയ്ക്ക് സമീപമുള്ള റെയില്‍വേ ട്രാക്കില്‍ ഒരാള്‍ മരിച്ചുകിടക്കുന്ന നിലയില്‍ കണ്ടു. ഇത് കോണ്‍ഗ്രസ് നേതാവാണെന്നും തിരിച്ചറിയുകയായിരുന്നു. മൃതദേഹത്തില്‍നിന്ന് ആത്മഹത്യാ കുറിപ്പ് കണ്ടെത്തി. തന്റെ മരണത്തിന് ആരും ഉത്തരവാദിയല്ലെന്നും കോവിഡ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് വിഷാദത്തിലായിരുന്നുവെന്നുമാണ് കത്തില്‍ പറയുന്നത്.