കോവിഡ് സ്പാനിഷ് ഫ്ളൂവിനേക്കാള്‍ മാരകമായേക്കുമെന്ന് പഠനം

ന്യൂയോര്‍ക്ക്: ഈ ഘട്ടത്തില്‍ തടയാന്‍ സാധിച്ചില്ലെങ്കില്‍ ലോകത്തെ ഏറ്റവും മാരകമായ മഹാമാരിയായി കണക്കാക്കപ്പെടുന്ന സ്പാനിഷ് ഫല്വിനേക്കാള് മാരകമായ മഹാമാരിയായി കോവിഡ് മാറുമെന്ന് ഗവേഷകരുടെ മുന്നറിയിപ്പ്. ജാമാ നെറ്റ് വര്‍ക്ക് ഓപ്പണ്‍ മെഡിക്കല്‍ ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഈ കാര്യം ചൂണ്ടിക്കാണിക്കുന്നത്. 1918 ഫെബ്രുവരി മുതല്‍ 1920 ഏപ്രില്‍ വരെ നീണ്ട സ്പാനിഷ് ഫ്ളൂ എന്ന മഹാമാരി 500 ദശലക്ഷത്തോളം പേരെ ബാധിക്കുകയും 17 ദശലക്ഷം മുതല്‍ 50 ദശലക്ഷം വരെ മനുഷ്യരെ കൊന്നൊടുക്കുകയും ചെയ്തു. ഒന്നാം ലോകമഹായുദ്ധത്തില്‍ മരിച്ചതിനെക്കാള് കൂടുതല്‍ മനുഷ്യര്‍ ഈ മഹാമാരിക്ക് ഇരയായതായിട്ടാണ് കണക്കാക്കുന്നത്. കോവിഡ്19 പടര്‍ന്ന് തുടങ്ങിയത് മുതല്‍ ലോകം ഏറ്റവുമധികം വായിച്ചതും സ്പാനിഷ് ഫല്വിന്റെ നടുക്കുന്ന ഓര്‍മകളെ കുറിച്ചാണ്.
എന്നാല്‍ സ്പാനിഷ് ഫല്വിന്റെ മൂര്ധന്യാവസ്ഥയില് കണ്ടതിന് സമാനമായ മരണത്തിന്റെ ഇന്‍സിഡന്റ് റേറ്റ് അനുപാതം കോവിഡിന്റെ ആരംഭത്തില്‍തന്നെ കാണാന്‍ സാധിച്ചതായി ഗവേഷണത്തിന് നേതൃത്വം നല്കിയ ഡോ. ജെറെമി ഫോസ്റ്റ് പറയുന്നു. സ്പാനിഷ് ഫല്വിന്റെ മൂര്ധന്യാവസ്ഥയില് ന്യൂയോര്‍ക്ക് നഗരത്തിലുണ്ടായ അധിക മരണങ്ങളുടെ നിരക്കും കോവിഡ് പകര്‍ച്ചയുടെ ആദ്യ മാസങ്ങളിലെ നിരക്കുമാണ് ഗവേഷണത്തിനായി താരതമ്യം ചെയ്തത്. സെന്റര്‍ ഫോര്‍ ഡിസീസ് കണ്ട്രോള് ആന്‍ഡ് പ്രിവന്‍ഷന്റെയും ന്യൂയോര്‍ക്ക് സിറ്റി ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഹെല്‍ത്ത് ആന്‍ഡ് മെന്റല്‍ ഹൈജീന്റെയും യുഎസ് സെന്‍സസ് ബ്യൂറോയുടെയും കണക്കുകള്‍ ഇതിനായി ഉപയോഗപ്പെടുത്തി. ലോകമെമ്പാടും 20 ദശലക്ഷത്തിലധികം പേരെ ബാധിച്ച കോവിഡ് നാളിതു വരെ ഏഴര ലക്ഷത്തോളം പേരുടെ മരണത്തിനിടയാക്കിയിട്ടുണ്ട്.