KERALA

കോവിഡ് 19 : പട്ടികജാതി, പട്ടികവർഗ മേഖലയ്ക്കു സഹായവുമായി സർക്കാർ

കോവിഡ് 19 പ്രതിരോധ നടപടികളുടെ ഭാഗമായി സംസ്ഥാനത്തെ പട്ടികജാതി, പട്ടികവർഗ മേഖലയിൽ ഭക്ഷണ ദൗർലഭ്യം ഇല്ലാതിരിക്കാൻ പ്രത്യേക നടപടികൾ സ്വീകരിച്ചതായി പട്ടികജാതി, പട്ടികവർഗ, പിന്നാക്ക ക്ഷേമ മന്ത്രി എ.കെ. ബാലൻ അറിയിച്ചു. പട്ടികജാതി സങ്കേതങ്ങളിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ മുഖേന ഭക്ഷ്യസാധനങ്ങളുടെ ലഭ്യത ഉറപ്പാക്കുവാൻ നടപടി സ്വീകരിച്ചിട്ടുണ്ട്. പട്ടികജാതി വികസന ഓഫിസർമാർ ഫീൽഡ്തല പരിശോധന നടത്തി ആവശ്യക്കാരായ എല്ലാവർക്കും ഭക്ഷ്യ സാധനങ്ങൾ ലഭ്യമാക്കുന്നു എന്ന് ഉറപ്പുവരുത്തുന്നുണ്ടെന്നും മന്ത്രി അറിയിച്ചു.
പട്ടികവർഗ മേഖലയിൽനിന്നു ചില പരാതികൾ ഉണ്ടായത് അപ്പപ്പോൾ പരിഹരിച്ചുവരികയാണ്. സാധാരണ ജൂൺ, ജൂലൈ മാസങ്ങളിൽ ആരംഭിക്കുന്ന ഭക്ഷ്യസുരക്ഷാ പദ്ധതി നേരത്തെ ആരംഭിക്കുന്നതിനു പട്ടികവർഗ വികസന വകുപ്പ് ഡയറക്ടർക്കു നിർദ്ദേശം നൽകിയിരുന്നു. കൺസ്യൂമർഫെഡിനു കീഴിലുള്ള ത്രിവേണി സൂപ്പർമാർക്കറ്റുകൾ വഴിയും സപ്ലൈകോ വഴിയുമാണു ഭക്ഷ്യധാന്യങ്ങൾ ശേഖരിക്കുന്നത്. സപ്ലൈകോ മുഖേന ഭക്ഷ്യധാന്യങ്ങൾ ലഭിക്കുന്നതിനു ചില ജില്ലകളിൽ കാലതാമസം ഉണ്ടായിട്ടുണ്ട്. ഇതു പരിഹരിക്കുന്നതിന് സിവിൽ സപ്ലൈസ് മന്ത്രിയോട് അഭ്യർത്ഥിച്ചിട്ടുണ്ട്.
പട്ടികവർഗ മേഖലയിൽ പ്രത്യേക ഭക്ഷ്യ കിറ്റ് വിതരണം ആരംഭിച്ചു. 1,44,944 കുടുംബങ്ങൾക്കാണ് കിറ്റുകൾ നൽകേണ്ടത്. ഇതിൽ 16,377 കുടുംബങ്ങൾക്ക് കിറ്റ് വിതരണം ചെയ്തു കഴിഞ്ഞു. അഞ്ചാം തീയതിക്കു മുൻപു കിറ്റ് വിതരണം പൂർത്തിയാക്കാൻ ശ്രമിച്ചുവരികയാണ്.
വിദൂര വനമേഖലകളിലെ പട്ടികവർഗ സങ്കേതങ്ങളിൽ ആവശ്യമായ നിത്യോപയോഗ വസ്തുക്കളും മരുന്നുകളും മറ്റും വാങ്ങുന്നതിനും വനവിഭവങ്ങളും കാർഷികോത്പ്പന്നങ്ങളും വിറ്റഴിക്കുന്നതിനും വനംവകുപ്പിന്റെ സഹായം ലഭ്യമാക്കുവാൻ നടപടി സ്വീകരിച്ചിട്ടുണ്ട്. വനംവകുപ്പ് മന്ത്രിയുമായി ഇക്കാര്യം ചർച്ച ചെയ്ത് ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ചില സങ്കേതങ്ങളിൽ കുടിവെള്ള ക്ഷാമം ഉള്ളതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. കുടിവെള്ളമെത്തിക്കുന്നതിന് തദ്ദേശഭരണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് നടപടികൾ സ്വീകരിക്കുവാൻ പട്ടികവർഗ്ഗ വികസന ഓഫിസർമാർക്ക് നിർദ്ദേശം നൽകി.
പട്ടികവർഗക്കാർക്കിടയിൽ ഇതുവരെ കൊറോണ രോഗബാധ ഉണ്ടായിട്ടില്ല. അതിനാൽ അതീവ ജാഗ്രത പുലർത്തിയാൽ അപകടം ഒഴിവാക്കാം. അത്യാവശ്യങ്ങൾക്കായി പുറത്തുപോകുന്നവർ ആവശ്യമായ മുൻകരുതലുകൾ എടുക്കുന്നു എന്ന് ഉറപ്പുവരുത്തുവാൻ ഉദ്യോഗസ്ഥർ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണെന്നും മന്ത്രി അറിയിച്ചു.

Tags
Show More

Related Articles

Back to top button
Close