KERALA

കോവിഡ് 19: പ്രത്യേക പരിഗണന വേണ്ടവർക്കായി തദ്ദേശ സ്ഥാപനങ്ങളിൽ ഹെൽപ് ഡെസ്‌ക്ക്

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ പ്രത്യേക പരിഗണന നൽകേണ്ടവരുടെ സുരക്ഷയ്ക്കും കരുതലിനുമായി ഹെൽപ് ഡെസ്‌ക്ക് സ്ഥാപിക്കും.  കോവിഡ് 19ന്റെ സാഹചര്യത്തിൽ തദ്ദേശ സ്ഥാപനങ്ങൾ സ്വീകരിക്കേണ്ട നടപടികൾ സംബന്ധിച്ച് സർക്കാർ ഉത്തരവായി.    ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സണായിരിക്കും ഹെൽപ് ഡെസ്‌ക്കിന്റെ ചുമതല.  മറ്റു ചുമതലക്കാരെ ഭരണസമിതി തീരുമാനിച്ച് ഉൾപ്പെടുത്തും.  ഘടക സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥർക്കും തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെ ഉദ്യോഗസ്ഥർക്കും ഹെൽപ് ഡെസ്‌ക്കിന്റെ നടത്തിപ്പ് സംബന്ധിച്ച ഉത്തരവാദിത്തങ്ങൾ നൽകും.  തുടക്കത്തിൽ ഓഫീസ് സമയത്തും ആവശ്യമെങ്കിൽ അധികസമയവും പ്രവർത്തിക്കുന്ന രീതിയിലാവും ഹെൽപ് ഡെസ്‌ക്ക് ഒരുക്കുക.  ഹെൽപ് ഡെസ്‌ക്കിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന വാട്‌സാപ്പുള്ള രണ്ട് ഫോൺ നമ്പറുകളുണ്ടാവും.
ഹെൽപ് ഡെസ്‌ക്ക് പ്രവർത്തനത്തിന്റെ ഫീൽഡ്തല ഉത്തരവാദിത്തം വാർഡുതല സമിതികൾക്കാണ്.  വാർഡിലെ അയൽക്കൂട്ടങ്ങൾ, സന്നദ്ധ സംഘടനകൾ, സന്നദ്ധ ഗ്രൂപ്പുകൾ എന്നിവയിലൂടെ ഏകോപിപ്പിക്കും.  ഓരോ വാർഡുതല സമിതിയിലും ഒരു സെൽഫോൺ കോവിഡുമായി ബന്ധപ്പെട്ട ആശയവിനിമയത്തിനായി മാറ്റിവയ്ക്കണമെന്ന് നിർദ്ദേശിച്ചിട്ടുണ്ട്.
ജില്ലാ കളക്ടറേറ്റ്, സംസ്ഥാനതല കോവിഡ് വാർ റൂം എന്നിവയ്ക്കു പുറമെ പ്രാഥമികാരോഗ്യ കേന്ദ്രം, ആരോഗ്യ വകുപ്പ്, പോലീസ്, കമ്മ്യൂണിറ്റി കിച്ചൻ, ഐ.സി.ഡി.എസ്, റേഷൻ വിതരണ സംവിധാനം, ആംബുലൻസ്, മറ്റ് അവശ്യ സർവീസുകൾ എന്നിവയുമായും ഹെൽപ് ഡെസ്‌ക്കിനെ ബന്ധിപ്പിക്കും.
സവിശേഷ പരിഗണന ആവശ്യമുള്ളവരുടെ വീടുകളിൽ ഹെൽപ് ഡെസ്‌ക്ക് ഫോൺ നമ്പരുകൾ ഒരു സ്ലിപ്പിൽ പ്രിന്റ് ചെയ്ത് വ്യക്തമായി കാണുന്ന രീതിയിൽ പതിപ്പിക്കണം.  ലോക്ക് ഡൗണിന്റെ സാഹചര്യത്തിൽ പ്രിന്റ് ചെയ്ത സ്ലിപ്പ് പതിപ്പിക്കുന്നതിന് സാധ്യത ഇല്ലെങ്കിൽ കുടുംബശ്രീ അയൽക്കൂട്ടങ്ങൾ വഴി ഹെൽപ്പ് ഡെസ്‌ക്കിന്റെ ഫോൺ നമ്പരുകൾ കൈമാറി അവ വ്യക്തമായി എഴുതിയ കടലാസ് ഓരോ വീട്ടിലും പതിപ്പിക്കാൻ നിർദേശം നൽകാം.  ഒറ്റയ്ക്ക് താമസിക്കുന്നവർ, ആശ്രയമില്ലാത്ത കിടപ്പുരോഗികൾ, വീടില്ലാത്തവർ എന്നിവരുടെ ചുമതല സമീപത്തുള്ള ഒരാളിനെ ഏൽപ്പിക്കണം.  ആവശ്യമെങ്കിൽ ഫോൺ മുഖേന ഈ വ്യക്തി ഹെൽപ്പ് ഡെസ്‌ക്കിൽ ബന്ധപ്പെട്ട് വിവരം അറിയിക്കണം.
തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലും വാർഡ് തലത്തിലും നൽകുന്ന ഓരോ സേവനവും രജിസ്റ്ററിൽ രേഖപ്പെടുത്തണം.  ഈ വിവരങ്ങൾ അവലോകന യോഗങ്ങളിൽ റിപ്പോർട്ട് ചെയ്യണം.
കോവിഡിന്റെ സമൂഹവ്യാപനം തടയുന്നതിനാവശ്യമായ ഇടപെടലുകൾ, സുരക്ഷയ്ക്കായുള്ള റിവേഴ്‌സ് ക്വാറന്റൈൻ, ക്വാറന്റൈൻ സെന്ററുകളിലേക്ക് രോഗലക്ഷണമുള്ളവരെ മാറ്റിപാർപ്പിക്കൽ, തദ്ദേശ സ്വയംഭരണ സ്ഥാപനം നേരിട്ടു നൽകുന്ന സേവനങ്ങൾ സവിശേഷ പരിഗണന ആവശ്യമുള്ള വിഭാഗങ്ങൾക്ക് ലഭ്യമാക്കുന്നുവെന്ന ഉറപ്പുവരുത്തൽ, സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിട്ടുള്ള ആനുകൂല്യങ്ങൾ അവർക്ക് ലഭ്യമാകുന്നതിനാവശ്യമായ നടപടി സ്വീകരിക്കൽ എന്നിവ ഹെൽപ് ഡെസ്‌ക്കിലൂടെ ഏകോപിപ്പിക്കും.
സവിശേഷ പരിഗണന വേണ്ട വിഭാഗങ്ങളെക്കുറിച്ചും ഇവർക്ക് ഉറപ്പാക്കേണ്ട സഹായങ്ങളെപ്പറ്റിയും സ.ഉ (കൈ) നം. 730/2020/ത.സ്വ.ഭ.വ ഉത്തരവിൽ അനുബന്ധമായി വ്യക്തമാക്കിയിട്ടുണ്ട്.

Tags
Show More

Related Articles

Back to top button
Close