കോവിഡ് 19 : പ്രവാസികളുടെ മൃതദേഹങ്ങള്‍ ഇന്ത്യയിലേക്ക് കൊണ്ടുവരാന്‍ അനുമതി

ദുബായ് : വിദേശത്ത് മരിക്കുന്ന ഇന്ത്യന്‍ പൗരന്മാരുടെ മൃതദേഹങ്ങള്‍ ഇന്ത്യയിലേക്ക് കൊണ്ടുവരാന്‍ കേന്ദ്ര സര്‍ക്കാരിന്റെ അനുമതി. ആരോഗ്യ, വിദേശകാര്യ മന്ത്രാലയങ്ങളുടെ പരിശോധനകൾക്ക് വിധേയമായിട്ടായിരിക്കും മൃതദേഹം നാട്ടിലേക്ക് എത്തിക്കാനുള്ള അനുമതി നൽകുക. ശനിയാഴ്ച വൈകീട്ട് ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഉത്തരവ് പുറത്ത് ഇറങ്ങി. കേന്ദ്രആരോഗ്യ, വിദേശകാര്യ മന്ത്രാലയങ്ങളുടെ അനുമതിയോടെ ഇമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കി മൃതദേഹങ്ങൾ നാട്ടിലെത്തിക്കുമെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രലയത്തിന്റെ ഉത്തരവിൽ പറയുന്നത്. യാത്ര വിമാനങ്ങൾക്ക് അനുമതി ഇല്ലാത്തതിനാൽ ചരക്ക് വിമാന സർവീസ് ചട്ടത്തിൽ മാറ്റം വരുത്തി.
ബ്യൂറോ ഓഫ് ഇമിഗ്രേഷന്‍ ലഭിച്ച വാക്കാലുള്ള ഉത്തരവ് കാരണം ചില മൃതദേഹങ്ങള്‍ നാട്ടില്‍ ഇറക്കാനാവാതെ ഗള്‍ഫ് നാടുകളില്‍ തിരിച്ചു കൊണ്ടുവന്നിരുന്നു. ചില മൃതദേഹങ്ങളാകട്ടെ നാട്ടിലെ വിമാനത്താവളത്തിലും ചിലത് ഗള്‍ഫ് നാടുകളിലും കുടുങ്ങിക്കിടക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് വലിയ പ്രതിഷേധമാണ് കേന്ദ്ര സര്‍ക്കാരിനെതിരെ ഗള്‍ഫ് നാടുകളില്‍ ഉയര്‍ന്നത്. നിലവിൽ പ്രഖ്യാപിച്ച ലോക് ഡൌൺ കഴിയുന്നതിനു മുൻപ് പ്രവാസികളെ നാട്ടിലെത്തിക്കാൻ കഴിയില്ലെന്ന വിലയിരുത്തലിൽ ആണ് കേന്ദ്ര സർക്കാർ. ഓരോ സംസ്ഥാനങ്ങളും നിരീക്ഷണം, രോഗപരിശോധന, പ്രദേശിക യാത്രാ സൗകര്യങ്ങൾ തുടങ്ങി പ്രവാസികൾക്കായി ഒരുക്കിയ സൗകര്യങ്ങൾ വിശദമാക്കാൻ വിദേശകാര്യസെക്രട്ടറി വികാസ് സ്വരൂപ് ചീഫ് സെക്രട്ടറിമാർക്ക് നിർദേശം നൽകിയിരുന്നു.
സംസ്ഥാനങ്ങൾ നൽകുന്ന വിശദീകരണം പരിശോധിച്ച ശേഷം അന്തിമ തീരുമാനമെടുക്കുമെന്നായിരുന്നു സൂചന. എന്നാൽ രാജ്യത്തിന്റെ പൊതു സ്ഥിതി പ്രവാസികളെ നാട്ടിലെത്തിക്കാൻ പറ്റുന്നതല്ലെന്ന് മന്ത്രിതല സമിതി വിലയിരുത്തി.