Breaking NewsNEWS

കോവിഡ് 19: രാജ്യത്ത് 24 മണിക്കൂറിനിടെ മരണം 35

ന്യൂഡൽഹി : കോവിഡ് ബാധിച്ച് 24 മണിക്കൂറിനിടെ 35 പേര്‍ മരിച്ചെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. ഇന്നലെ 773 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. തിങ്കളാഴ്ചത്തെ കോവിഡ് കണക്കുകളെ അപേക്ഷിച്ച്, കഴിഞ്ഞ 24 മണിക്കൂറിലെ കണക്കുകളില്‍ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇതോടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 5000 കടന്നു. ഗുജറാത്തില്‍ 14 മാസം പ്രായമായ കുഞ്ഞ് കോവിഡ് ബാധിച്ച് മരിച്ചു. മഹാരാഷ്ട്രയിൽ മാത്രം കോവിഡ് ബാധിതരുടെ എണ്ണം ആയിരം കടന്നു.

ഇന്നലെ രാത്രി ഡൽഹിയിൽ രണ്ടും ഗുജറാത്തിലെ ജാംനഗറിൽ 14 മാസം പ്രായമായ ഒരു കുഞ്ഞിന്റെയും മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.കോവിഡ് പരിശോധനയിൽ വേഗത കൈവന്നിട്ടുണ്ട്. ഇതുവരെ 1,14,015 സാമ്പിൾ ടെസ്റ്റുകൾ നടത്തി. ഇന്നലെ മാത്രം 12,584 എണ്ണവും. രാജ്യത്താകമാനം 34,083 ഐസൊലേഷൻ ബെഡുകളും 2531 ഐസിയു ബെഡുകളുമാണ് ഒരുക്കിയിട്ടുള്ളത്. 6704 വെന്റിലേറ്ററുകൾ സജ്ജമാക്കിയിട്ടുണ്ട്. 1.70 ലക്ഷം പിപിഇ കിറ്റുകൾ ചൈനയിൽ നിന്നും എത്തിയിട്ടുണ്ട്.

മഹാരാഷ്ട്രയിൽ കോവിഡ് ബാധിതരുടെ എണ്ണം ആയിരം കടന്നു. മരിച്ചവരുടെ എണ്ണം 64 ആയി. മുബൈ വോക്ക് ഹാർട്ട് ആശുപത്രിയിൽ 46 മലയാളി നഴ്സുമാരടക്കമുള്ള രോഗബാധിതരെയും ലക്ഷണങ്ങളുള്ളവരെയും മറ്റ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ഇവരുമായി സമ്പർക്കത്തിലുണ്ടായവരെ ഡ്യൂട്ടിക്ക് നിയോഗിച്ചത് വിവാദമായിരുന്നു. പരിശോധന ഫലം നെഗറ്റീവ് ആണെന്ന് വാക്കാൽ മാത്രമാണ് ആശുപത്രി അധികൃതർ ഇവരെ അറിയിച്ചിരുന്നത്. വിഷയത്തിലിടപ്പെട്ട കേരള മുഖ്യമന്ത്രി പിണറായി വിജയൻ നഴ്സുമാര്‍ക്ക് ആവശ്യമായ ചികിത്സ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്ക്ക് കത്തയച്ചു.

അതേസമയം രാജ്യത്തെ നിലവിലെ സാഹചര്യവും അടച്ചുപൂട്ടൽ തുടരണമോ എന്നതും ഇന്ന് ചേരുന്ന കേന്ദ്രമന്ത്രിസഭായോഗം ചർച്ച ചെയ്യും. കൂടുതൽ സംസ്ഥാനങ്ങൾ ആവശ്യപ്പെട്ടത് അനുസരിച്ച് അടച്ചുപൂട്ടൽ തുടരാനാണ് സർക്കാർ ആലോചിക്കുന്നത്.

Tags
Show More

Related Articles

Back to top button
Close