കോവിഡ് 19: സൗദിയിലെത്തുന്നവര്‍ ശരിയായ വിവരം വെളിപ്പെടുത്തിയില്ലെങ്കില്‍ കനത്ത പിഴ

റിയാദ്: കോവിഡ് 19 പടരുന്ന സാഹചര്യത്തില്‍ സൗദിയിലേക്ക് വരുന്നവര്‍ ശരിയായ ആരോഗ്യ വിവരം വെളിപ്പെടുത്തണമെന്ന് അധികൃതര്‍ വ്യക്തമാക്കി. വീഴ്ച വരുത്തുന്നവര്‍ക്ക് അഞ്ച് ലക്ഷം റിയാല്‍ വരെ പിഴചുമത്തുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. ഇതുവരെ സൗദിയില്‍ 20 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. സൗദിയിലേക്ക് വരുന്ന വിദേശികളും മറ്റു രാജ്യങ്ങള്‍ സന്ദര്‍ശിച്ച ശേഷം തിരിച്ചെത്തുന്ന സ്വദേശികളും വിമാനത്താവളങ്ങളിലും മറ്റു പ്രവേശന കവാടങ്ങളിലും ശരിയായ ആരോഗ്യ വിവരം വെളിപ്പെടുത്തണമെന്നാണ് ഉത്തരവ്. നേരത്തെ സന്ദര്‍ശിച്ച രാജ്യങ്ങള്‍, രോഗ ലക്ഷണ ങ്ങളോ മറ്റു രോഗങ്ങള്‍ എന്തെങ്കിലും ഉണ്ടെങ്കില്‍ അതെല്ലാം നിര്‍ബന്ധമായും വെളിപ്പെടുത്തണം. ഇല്ലെങ്കില്‍ അഞ്ച് ലക്ഷം റിയാല്‍ വരെ പിഴചുമത്തുമെന്ന് അറിയിപ്പിലുണ്ട്. രോഗ വ്യാപനം തടയുന്നതിന്റെ ഭാഗമായി രാജ്യത്തെ പതിമൂന്നു വിഭാഗങ്ങളില്‍പ്പെട്ട സ്ഥാപനങ്ങളില്‍ മുനിസി പ്പാലിറ്റി പരിശോധന തുടങ്ങിയിട്ടുണ്ട്. ബാര്‍ബര്‍ഷോപ്പ്, ബ്യൂട്ടി പാര്‍ലര്‍, ലോണ്ട്രികള്, കോഫി ഷോപ്പ്, ബേക്കറി, ഷോപ്പിംഗ് മാളുകള്‍, മത്സ്യവും മാംസവും വില്‍ക്കുന്ന കടകള്‍, വളര്‍ത്തു പക്ഷികളെ വില്‍ക്കുന്ന കടകള്‍, ഹോട്ടലുകള്‍ തുടങ്ങിയ സ്ഥാപനങ്ങളിലാണ് പരിശോധന. രോഗബാധിതരുടെ എണ്ണം കൂടിയ പശ്ചാത്തലത്തി ലാണ് പൊതു ഇടങ്ങളിലെ പരിശോധന ശക്തമാക്കുന്നത്.