Breaking NewsKERALANEWS

കോൺ​ഗ്രസ് ഇല്ലാത്ത സഖ്യമെങ്ങനെ പ്രതിപക്ഷ സഖ്യമാകും; അടുത്ത ലോക്സഭാ തെര‍ഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങൾ ആരംഭിക്കണമെന്നും തേജസ്വി യാദവ്

ന്യൂഡല്‍ഹി: ബിജെപിക്കെതിരായ പ്രതിപക്ഷ സഖ്യത്തിൽ ഉറപ്പായും കോൺ​ഗ്രസ് ഉണ്ടാകണമെന്ന് ആർജെഡി നേതാവ് തേജസ്വി യാദവ്. 2024ലെ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ തുടങ്ങാൻ സമയമായെന്നും കോണ്‍ഗ്രസില്ലാത്ത പ്രതിപക്ഷ സഖ്യം സങ്കല്‍പ്പിക്കാന്‍ പോലുമാകില്ലെന്നും അദ്ദേഹം പറഞ്ഞു. 543 പാര്‍ലമെന്റ് സീറ്റുകളില്‍ 200 സീറ്റുകളില്‍ ബി.ജെ.പിയുമായി നേരിട്ട് ഏറ്റുമുട്ടുന്നത് കോണ്‍ഗ്രസാണെന്ന് തേജസ്വി ചൂണ്ടിക്കാട്ടി. എന്‍.ഡി.ടി.വിക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലായിരുന്നു തേജസ്വിയുടെ പ്രതികരണം.

‘ഏത് പ്രതിപക്ഷ സഖ്യമായാലും അതിന്റെ അടിസ്ഥാനം കോണ്‍ഗ്രസ് ആണ്. കോണ്‍ഗ്രസില്ലാത്ത സഖ്യം സങ്കല്‍പ്പിക്കാനാവില്ല. പ്രതിപക്ഷത്തിന്റെ കൂട്ടായ പരിശ്രമം നടക്കണമെങ്കില്‍ കോണ്‍ഗ്രസ് അതിന്റെ ഭാഗമായിരിക്കണം. പക്ഷേ ശക്തരായ പ്രാദേശിക പാര്‍ട്ടികള്‍ ഉള്ള സ്ഥലങ്ങളില്‍ പോരാട്ടം നയിക്കേണ്ടത് അവരായിരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സമയം പോവുകയാണ്, തെരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കം ഇപ്പോള്‍ തന്നെ ആരംഭിക്കണം. നമുക്ക് ആരാണ് നേതൃത്വമെന്ന് എല്ലാവരും ഒരുമിച്ചിരുന്ന് ആലോചിക്കണം. രാജ്യത്തിന്റെ നിലനില്‍പ്പിനായി എല്ലാവരും വിട്ടുവീഴ്ചകള്‍ ചെയ്യണമെന്നും തേജസ്വി പറഞ്ഞു.

നേരത്തേ ശിവസേനയും എന്‍.സി.പിയും സമാന അഭിപ്രായവുമായി രംഗത്തെത്തിയിരുന്നു. ബിഹാറില്‍ മഹാസഖ്യത്തിന്റെ ഭാഗമായി കോണ്‍ഗ്രസ്-ആര്‍.ജെ.ഡി സഖ്യം മത്സരിച്ചിരുന്നെങ്കിലും കോണ്‍ഗ്രസിന്റെ പ്രകടനം ദയനീയമായിരുന്നു. എൻസിപി നേതാവ് ശരത് പവാർ പ്രതിപക്ഷ പാർട്ടികളുമായി ചർച്ചകൾ ആരംഭിച്ച പശ്ചാത്തലത്തിലാണ് പ്രതിപക്ഷ മഹാസഖ്യത്തിൽ കോൺ​ഗ്രസും വേണമെന്ന ആവശ്യം ഉയരുന്നത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close