KERALATrending

ക്യാന്‍സര്‍ രോഗിയെ സീറ്റിനു മുന്നിലെത്തിക്കണം; കട്ടപ്പന സബ് രജിസ്ട്രാരുടെ സീറ്റ് തെറിച്ചു

കട്ടപ്പന: ഭൂമിയുടെ രജിസ്‌ട്രേഷന് രജിസ്ട്രാര്‍ ഓഫീസിലെത്തിയ ക്യാന്‍സര്‍ രോഗിയെ മൂന്നാം നിലയിലെ സീറ്റിനു മുന്നിലെത്തിക്കണമെന്ന് വാശിപിടിച്ച സബ് രജിസ്ട്രാര്‍ക്ക് സസ്‌പെന്‍ഷന്‍. കിടപ്പുരോഗിയോട് ക്രൂരമായി പെരുമാറിയ സബ് രജിസ്ട്രാര്‍ ജി ജയലക്ഷ്മിയെയാണ് മന്ത്രി ജി സുധാകരന്‍ നടത്തിയ പ്രാഥമിക അന്വേഷണത്തിനൊടുവില്‍ സസ്‌പെന്റ് ചെയ്തിരിക്കുന്നത്. ആസന്ന മരണനായിരുന്ന ഒരു ക്യാന്‍സര്‍ രോഗിയോട് ദയാശൂന്യമായ നിലപാട് സ്വീകരിച്ച് വകുപ്പിന് കളങ്കമുണ്ടാക്കിയ ഇവരെ വിശദമായ അന്വേഷണം നടത്തി സര്‍വ്വീസില്‍ നിന്നും പുറത്താക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് ഉത്തരവിട്ടിട്ടുണ്ട്. വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് നികുതി വകുപ്പ് ജോയിന്റ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് മന്ത്രി ജി സുധാകരന്‍ വ്യക്തമാക്കി.
കരുണാശേരി പഞ്ചായത്ത് ഓഫീസിലെ ഡ്രൈവറും ക്യാന്‍സര്‍ രോഗിയുമായ സുനീഷ് ജോസഫിനാണ് സബ് രജിസ്ട്രാരില്‍ നിന്നും മോശമായ അനുഭവം ഉണ്ടായത്. ഇതിനു പിന്നാലെ സുനീഷ് ജോസഫ് മരണപ്പെട്ടു.

ഇതേത്തുടര്‍ന്നാണ് രജിസ്ട്രാര്‍ സുനീഷിനോടു കാട്ടിയ ധാര്‍ഷ്ട്യം വെളിച്ചത്തായത്. ഈ മാസം ആറിന് ആംബുലന്‍സിലാണ് സുനീഷിനെ സബ് രജിസ്ട്രാര്‍ ഓഫീസില്‍ എത്തിച്ചത്. രോഗ ബാധിതനായ സുനീഷിനെ തന്റെ മേശക്കു മുന്നിലെത്തിച്ചെങ്കില്‍ മാത്രമേ രജിസ്‌ട്രേഷന്‍ നടപടി സ്വീകരിക്കാനാകൂ എന്നായിരുന്നു സബ് രജിസ്ട്രാരുടെ വാശി. ഇദ്ദേഹത്തെ മൂന്നാം നിലയില്‍ എത്തിച്ചശേഷം മാത്രമാണ് ആധാരം രജിസ്റ്റര്‍ ചെയ്തു നല്‍കിയത്. സമൂഹമാധ്യമങ്ങളിലൂടെയാണ് സംഭവം തന്റെ ശ്രദ്ധയില്‍പ്പെട്ടതെന്നും മന്ത്രി പറഞ്ഞു. കുടുംബാംഗങ്ങളുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തിയ ശേഷമാണ് നടപടി സ്വീകരിച്ചിരിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

Tags
Show More

Related Articles

Back to top button
Close