ദുബായ്:ദേവ്ദത്ത് പടിക്കലും നായകന്‍ വിരാട് കോഹ്ലിയും അര്‍ദ്ധ സെഞ്ച്വറികളുമായി കളം നിറഞ്ഞപ്പോള്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്സിന് എട്ട് വിക്കറ്റ് ജയം. രാജസ്ഥാന്‍ ഉയര്‍ത്തിയ 155 എന്ന വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ബാംഗ്ലൂര്‍ 19.1 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. നായകന്‍ കോഹ്‌ലി ഫോമിലേക്ക് എത്തിയതാണ് ഇന്നത്തെ മത്സരത്തിലെ പ്രത്യേകത. 53 പന്തില്‍ നിന്ന് രണ്ട് സിക്സറും ഏഴ് ബൗണ്ടറിയും അടക്കം 72 റണ്‍സാണ് കോഹ്ലി നേടിയത്.
45 പന്തില്‍ നിന്ന് ഒരു സിക്സറും ആറു ബൗണ്ടറിയും അടങ്ങുന്നതായിരുന്നു പടിക്കലിന്റെ ഇന്നിങ്സ്. ആരോണ്‍ ഫിഞ്ച് 8 റണ്‍സെടുത്ത് പുറത്തായി. 12 റണ്‍സെടുത്ത ഡിവില്ലിയേഴ്സ് പുറത്താകാതെ നിന്നു. രാജസ്ഥാന് വേണ്ടി ജോഫ്രെ ആര്‍ച്ചര്‍, ശ്രേയസ് ഗോപാല്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തിലാണ് രാജസ്ഥാന്‍ 154 റണ്‍സ് നേടിയത്. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത രാജസ്ഥാന് തകര്‍ച്ചയോടെയായിരുന്നു തുടക്കം. 31 റണ്‍സെടുക്കുന്നതിനിടെ സ്മിത്തും ബട്ട്ലറും സഞ്ജുവും പുറത്ത്. ബട്ട്ലര്‍ 22 റണ്‍സ് നേടിയപ്പോള്‍ സ്മിത്തിന് അഞ്ച് റണ്‍സെ നേടാനായുള്ളൂ. നേരിട്ട ആദ്യ പന്ത് ബൗണ്ടറി പായിച്ച് സഞ്ജു തുടങ്ങിയെങ്കിലും ചഹലിന്റെ മുന്നില്‍ വീണു. 4 റണ്‍സായിരുന്നു സഞ്ജുവിന്റെ സമ്പാദ്യം. പിന്നീട് വന്ന ഉത്തപ്പ (17) വീണ്ടും പരാജയപ്പെട്ടു. എന്നാല്‍ ലോമോറും അവസാനത്തില്‍ തിവാട്ടിയയും പരാഗും ചേര്‍ന്ന് രാജസ്ഥാന്‍ സ്‌കോര്‍ 150 കടത്തുകയായിരുന്നു.
ലോമോര്‍ 47 റണ്‍സ് നേടി. തിവാട്ടിയ 12 പന്തില്‍ 24ഉം പരാഗ് 18 പന്തില്‍ 16 റണ്‍സും നേടി. ബാംഗ്ലൂരിന് വേണ്ടി ചാഹല്‍ മൂന്നും ഇസ്രു ഉദാന രണ്ടും വിക്കറ്റ് വീഴ്ത്തി.