Breaking NewsElection 2021KERALANEWSTop News

ക്യാപ്റ്റന്റെ കോട്ടയിൽ വിള്ളലുണ്ടാകില്ല;പേരാവൂരിൽ അട്ടിമറി; പയ്യന്നൂർ, കല്ല്യാശ്ശേരി, തളിപ്പറമ്പ് ചെങ്കോട്ടകൾ ഉലയില്ല; കണ്ണൂർ മണ്ഡലത്തിൽ പോരാട്ടം പ്രവചനാതീതം; ഏഷ്യാനെറ്റ് ന്യൂസ്- സീ ഫോർ സർവേ പോസ്റ്റ് പോൾ ഫലം ഇങ്ങനെ

കണ്ണൂർ: കണ്ണൂർ ജില്ലയിൽ 11 മണ്ഡലങ്ങളാണുള്ളത്. മുഖ്യമന്ത്രിയും രണ്ടു മന്ത്രിമാരും ജനവിധി തേടുന്ന ജില്ലയെന്ന പ്രത്യേകതയുള്ള കണ്ണൂരിൽ മൂന്നു മുന്നണികൾക്കും അവരുടെ വോട്ട് ബാങ്കുണ്ട്. അതാകട്ടെ ഫിക്സഡ് ഡിപ്പോസിറ്റ് പോലെ സുരക്ഷിതവുമാണ്. ഈ സുരക്ഷാവലയത്തിന് പുറത്തുള്ള മണ്ഡലങ്ങൾ എങ്ങോട്ടു ചായുമെന്നതിലാണ് ആകാംക്ഷ. തരംപോലെ ഇടത്തോട്ടും വലത്തോട്ടും മാറിമാറി വീശുന്ന കാറ്റാണു കണ്ണൂരിലേത്. അതിനെ അതിജീവിക്കാൻ ആർക്കു ശേഷിയുണ്ട് എന്നിടത്താണു തിരഞ്ഞെടുപ്പ് ജയപരാജയങ്ങളുടെ ഇരിപ്പ്. ഈ സാഹചര്യത്തിലാണ് ഏഷ്യാനെറ്റ് ന്യൂസ് സീ ഫോർ പോസ്റ്റ് പോൾ സർവെ ഫലം പുറത്ത് വരുന്നത്.

പയ്യന്നൂരിൽ വ്യക്തമായ ഇടത് ആധിപത്യം തന്നെയെന്നാണ് ഏഷ്യാനെറ്റ് ന്യൂസ് – സീ ഫോർ സർവെ പോസ്റ്റ് പോൾ സർവെ ഫലം പറയുന്നത്. കല്യാശ്ശേരിയിലും ഇടത് മുന്നണി സ്ഥാനാർത്ഥി എം വിജിൻ തന്നെ വിജയിക്കും. തളിപ്പറമ്പിൽ സിപിഎം കേന്ദ്ര കമ്മിറ്റി അം​ഗം എം വി ​ഗോവിന്ദൻ വലിയ ഭൂരിപക്ഷത്തോടെ വിജയിക്കും.

ഇരിക്കൂറിൽ യുഡിഎഫ് സ്ഥാനാർത്ഥി സജീവ് ജോസഫ് തന്നെ വിജയിക്കുമെന്നാണ് സർവെ പറയുന്നത്. സ്ഥാനാർത്ഥി നിർണയത്തെ തുടർന്നുണ്ടായ പ്രശ്നങ്ങലൊന്നും കണ്ണൂരിലെ കോൺ​ഗ്രസ് കോട്ടക്ക് ഇളക്കമുണ്ടാക്കില്ലെന്നും സർവെ പറയുന്നു. അഴീക്കോട് മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി സിറ്റിം​ഗ് എംഎൽഎ കെ എം ഷാജി ഇക്കുറിയും വിജയിക്കുമെന്ന് സർവെ പ്രവചിക്കുന്നു. ഇടത് സ്ഥാനാർത്ഥി കെ വി സുമേഷിന് ഇക്കുറി അഴിക്കോട് അത്ഭുതമൊന്നും കാട്ടാനാകില്ലെന്നാണ് സർവെ പറയുന്നു.

കണ്ണൂർ ന​ഗരമണ്ഡലത്തിൽ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയും കോൺ​ഗ്രസ് നേതാവ് സതീശൻ പാച്ചേനിയും തമ്മിലുള്ള നേർക്കുനേർ പോരാട്ടത്തിൽ ഫലം പ്രവചനാതീതമെന്ന് സർവെ. എന്നാൽ, നേരിയ മുൻതൂക്കം രാമചന്ദ്രൻ കടന്നപ്പള്ളിക്കെന്നും സർവെ വിലയിരുത്തുന്നു. ധർമ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയൻ വൻ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന് തന്നെയാണ് സർവെ പ്രവചിക്കുന്നത്. തലശ്ശേരിയിൽ ഇടത് സ്ഥാനാർത്ഥി എ എൻ ഷംസീറിന്റെ വിജയം ഉറപ്പെന്നും സർവെ പറയുന്നു. ബിജെപി സ്ഥാനാർത്ഥിയുടെ പത്രിക തള്ളിയതോടെ വലിയ വിവാദങ്ങളും അഭ്യൂഹങ്ങളും ഉയർന്നിരുന്നു. എന്നാൽ, ഷംസീർ വലിയ ഭൂരിപക്ഷത്തിൽ ജയിക്കുമെന്നാണ് സർവെ വിലയിരുത്തുന്നത്.

കൂത്തുപറമ്പിൽ ഇ‍ഞ്ചോടിഞ്ച് പോരാട്ടമാണ്. മുൻ മന്ത്രിയും ഇടത് നേതാവുമായ കെ പി മോഹനനും യുഡിഎഫ് നേതാവ് പെട്ടങ്കണ്ടി അബ്ദുള്ളയും തമ്മിലാണ് ശക്തമായ മത്സരം. ഇ‍ഞ്ചോടിഞ്ച് പോരാട്ടമെങ്കിലും നേരിയ ഭൂരിപക്ഷം പൊട്ടങ്കണ്ടി അബ്ദുള്ളക്കെന്നും സർവെ പറയുന്നു. മട്ടന്നൂരിൽ സിപിഎം സ്ഥാനാർത്ഥിയായി ആരോ​ഗ്യമന്ത്രി കെ കെ ശൈലജ ടീച്ചറാണ്. ഇടതുപക്ഷത്തിന് വ്യക്തമായ മുൻതൂക്കമാണ് ഇവിടെ സർവെ പ്രവചിക്കുന്നത്. പേരാവൂരിൽ ഇക്കുറി ഇടത് മുന്നണിക്ക് വിജയമെന്ന് സർവെ പ്രവചിക്കുന്നു. യുഡിഎഫ് സ്ഥാനാർത്ഥി സണ്ണി ജോസഫിനെ പരാജയപ്പെടുത്തി ഇടത് സ്ഥാനാർത്ഥി സക്കീർ ഹുസൈൻ വിജയിക്കുമെന്നാണ് ഏഷ്യാനെറ്റ്- സീ ഫോർ സർവെ പ്രവചിക്കുന്നത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close