ക്രിക്കറ്റ് ജീവിതത്തില്‍ മാറ്റത്തിനുകാരണക്കാരനായവനെ തിരഞ്ഞ് സച്ചിന്

തന്റെ ക്രിക്കറ്റ് ജീവിതത്തില്‍ വളരെ നിര്‍ണായകമായ ഒരു മാറ്റമുണ്ടാകാന്‍ കാരണം ആരാണെന്ന് വെളിപ്പെടുത്തി സാക്ഷാല്‍ സച്ചിന് ടെന്‍ഡുല്‍ക്കര്‍. ചെന്നൈയിലെ താജ് ഹോട്ടലിലെ ഒരു വെയിറ്ററാണ് നിര്‍ണായകമായ ഒരു മാറ്റത്തിന് കാരണമായതെന്ന് സച്ചിന് പറയുന്നു.
വര്‍ഷങ്ങള്‍ക്കു മുന്‍പുള്ള സംഭവം ഓര്‍ക്കുകയാണ് ക്രിക്കറ്റ് ഇതിഹാസം. മാത്രമല്ല, താന്‍ ഇന്നും ഓര്‍ത്തിരിക്കുന്ന ആ വെയിറ്ററെ കണ്ടെത്തി തരണമെന്ന് സച്ചിന് ആവശ്യപ്പെടുകയും ചെയ്യുന്നു.താജ് ഹോട്ടലിലെ വെയിറ്ററുടെ ഉപദേശം തന്റെ കളിയില്‍ മാറ്റം വരുത്താന്‍ കാരണമായെന്നാണ് സച്ചിന് പറയുന്നത്. ”ഒരു ടെസ്റ്റ് പരമ്പര നടക്കുമ്പോഴാണ് സംഭവം. താജ് ഹോട്ടലില്‍ താമസിക്കുമ്പോള്‍ ഞാന്‍ ഒരു കാപ്പി ഓര്‍ഡര്‍ ചെയ്തു. ഹോട്ടലിലെ ഒരു വെയിറ്റര്‍ കാപ്പിയുമായി എന്റെ മുറിയിലെത്തി. താങ്കള്‍ക്ക് വിരോധമില്ലെങ്കില്‍ ക്രിക്കറ്റ് സംബന്ധമായ ഒരു വിഷയം സംസാരിക്കട്ടെ എന്ന് അയാള്‍ എന്നോട് ചോദിച്ചു. ഞാന്‍ സമ്മതംമൂളി. കയ്യില്‍ ധരിക്കുന്ന ഗാര്‍ഡിനെ കുറിച്ചാണ് അദ്ദേഹം എന്നോട് സംസാരിച്ചത്. നീളം കൂടിയ ഗാര്‍ഡ് ധരിക്കുമ്പോള്‍ താങ്കളുടെ ബാറ്റ് തിരിയുന്നുണ്ട് എന്ന് അയാള്‍ എന്നോട് പറഞ്ഞു. ഞാന്‍ നിങ്ങളുടെ വലിയൊരു ആരാധകനാണ്. നിങ്ങള്‍ കളിക്കുന്ന ഓരോ പന്തുകളും റിവൈന്‍ഡ് ചെയ്ത് അഞ്ചും ആറും തവണ ഞാന്‍ കണ്ടുനോക്കും. അതിനുശേഷമാണ് ഇങ്ങനെയൊരു കാര്യം എനിക്ക് മനസിലായത് എന്നും അയാള്‍ എന്നോട് പറഞ്ഞു,”അപ്പോഴാണ് ആ കാര്യം എനിക്കും മനസിലായത്. ഇക്കാര്യം കണ്ടെത്തുന്ന ലോകത്തിലെ ആദ്യത്തെ വ്യക്തിയാണ് നിങ്ങളെന്ന് ഞാന്‍ അയാളോട് തിരിച്ചുപറഞ്ഞു. നിങ്ങള്‍ ചിലപ്പോള്‍ വിശ്വസിച്ചെന്ന് വരില്ല. എങ്കിലും പിന്നീട് ഞാന്‍ ഡ്രസിങ് റൂമിലേക്ക് തിരിച്ചുപോയി കയ്യില്‍ ധരിക്കുന്ന ഗാര്‍ഡിന്റെ വലുപ്പത്തില്‍ മാറ്റം വരുത്തി. ഗാര്‍ഡിന്റെ വലുപ്പം കൃത്യമാക്കി.” സച്ചിന് പറഞ്ഞു.
അന്ന് ഹോട്ടല്‍ വെയിറ്ററില്‍ നിന്ന് തനിക്കു ലഭിച്ച ഉപദേശം വലിയ കാര്യമാണെന്ന് സച്ചിന് ഓര്‍ക്കുന്നു. തന്റെ ക്രിക്കറ്റ് ജീവിതത്തിലെ നിര്‍ണായക മാറ്റമായാണ് സച്ചിന് ഇതിനെ കാണുന്നത്. ഈ ഹോട്ടല്‍ വെയിറ്ററെ കണ്ടെത്താന്‍ സമൂഹമാധ്യമങ്ങളുടെ സഹായം തേടിയിരിക്കുകയാണ് സച്ചിന് ഇപ്പോള്‍. വര്‍ഷങ്ങള്‍ക്ക് മുന്‍പ് സംഭവിച്ച കാര്യം വെളിപ്പെടുത്തികൊണ്ട് സച്ചിന് ടെന്‍ഡുല്‍ക്കര്‍ തന്നെയാണ് വീഡിയോ ട്വീറ്റ് ചെയ്തിരിക്കുന്നത്.