
മൂന്നാര്‍ : ലോഡ്ജില്‍ ക്വാറന്റൈനില്‍ കഴിഞ്ഞിരുന്ന യുവാവിന് ഉണങ്ങിയ വസ്ത്രങ്ങള്‍ ശേഖരിക്കുന്നതിനിടയില്‍ ഷോക്കേറ്റു.കാറ്റില്‍ പറന്നുപോയ ബനിയന് എടുക്കാനുള്ള ശ്രമമായിരുന്നു അപകടത്തിന് കാരണമെന്ന് കരുതുന്നു.യുവാവ് മൂന്നാര്‍ റ്റാറ്റാ ജനറല്‍ ആശുപത്രിയില്‍ ഇപ്പോള്‍ ചികിത്സയിലാണ് . 20 അടി മുകളില്‍ നിന്നാണ് വൈദ്യുതാഘാതമേറ്റ് ഇയാള്‍ താഴേക്ക് വീണത്. ഷോക്കേറ്റ സമയത്ത് വൈദ്യുതി ബന്ധം നിശ്ചലമായതിനാലാണ് വലിയ ദുരന്തം ഒഴിവായത്.
വൈദ്യുതാഘാതമേല്‍ക്കുന്നതിനുള്ള പ്രധാന കാരണ താമസ സ്ഥനത്തോട് ചേര്‍ന്നു പോകുന്ന വൈദ്യുത കമ്പനികളാണെന്ന ആരോപണം ഉയരുന്നു. മൂന്നാര്‍ ടൗണിലും പരിസര പ്രദേശങ്ങളിലും നിലകൊള്ളുന്ന കെട്ടിട സമുച്ചയങ്ങളെ തൊട്ടുരുമിയാണ് കൂട്ടമായി വൈദ്യുതി ലൈനുകള്‍ കടന്നു പോകുന്നത്.ഏറെ അപകടകരമായ നിലയില്‍ ഇവ സ്ഥാപിച്ചിരിക്കുന്നതാണ് ഇത്തരത്തിലുള്ള പ്രശ്നങ്ങള്‍ക്ക് വഴിയൊരുക്കുന്നത്. മൂന്നാറില്‍ കൊവിഡ് കാലത്ത് തിരക്ക് വളരെക്കുറവാണെങ്കിലും പല ലോഡ്ജുകളിലും ക്വാറന്റൈനിലടക്കം ആളുകള്‍ കഴിയുന്നുണ്ട്. പതിറ്റാണ്ടുകളുടെ പഴക്കമുള്ള കെട്ടിടങ്ങളാണ് മൂന്നാറിലുള്ളത്. അതോടൊപ്പം തന്നെ പുഴ കയ്യേറിയും അനധികൃതമായും പണിതുയര്‍ത്തിയിട്ടുള്ള കെട്ടിടങ്ങളും മൂന്നാറിലുണ്ട്.
വൈദ്യുതി ലൈനുകളുമായി വേണ്ടത്ര അകലമില്ലാതെ പണിതുയര്‍ത്തുന്ന ഇത്തരം ബില്‍ഡിംഗുകളും അപകടത്തിനു വഴിയൊരുക്കുന്നു. കെട്ടിടങ്ങളെ ചേര്‍ന്നു പോകുന്ന വൈദ്യുതി ലൈനുകളില്‍ നിന്നും വൈദ്യുതാഘാതമേല്‍ക്കാനുള്ള സാധ്യതയും ഏറെയാണ്. അതേ സമയം വൈദ്യുതി ലൈനുകള്‍ മാറ്റി സ്ഥാപിക്കണമെന്ന ആവശ്യം ഏറെ നാളുകളായി നിലനില്‍ക്കുന്നതാണെന്ന് ഇവിടുത്തെ വ്യാപാരികള്‍ പറയുന്നു. കൂടുതല്‍ അപകടങ്ങള്‍ ഉണ്ടാകും മുമ്പുതന്നെ അധികൃതരുടെ ഇടപെടല്‍ ഉണ്ടാകണമെന്നാണ് ഏവരുടെയും ആവശ്യം