Breaking NewsKERALANEWSTrending

ക്ഷേത്ര വളപ്പിലിരിക്കുന്നത് ക്രിമിനൽ കുറ്റമോ? നാല് പ്ലസ് വൺ വിദ്യാർത്ഥികളെ ക്രൂരമായി മർദ്ദിച്ച് കേരള പൊലീസ്; കുട്ടികൾ പഠിക്കുകയാണെന്ന് പറഞ്ഞെത്തിയ മാതാപിതാക്കൾക്കും അസഭ്യ‌ വർഷം; കാട്ടാക്കട പൊലീസിന്റെ നരനായാട്ടിൽ പ്രതിഷേധം പുകയുന്നു

തിരുവനന്തപുരം: ക്ഷേത്ര പടവിലിരുന്ന് ഓൺലൈൻ ക്ലാസിൽ പങ്കെടുത്ത വിദ്യാർത്ഥികളെ കാട്ടാക്കട പൊലീസ് വളഞ്ഞിട്ട് തല്ലിയത് സിനിമകളിലെ അധോലോക സംഘങ്ങളെം പിടിക്കാനെത്തുന്ന പൊലീസ് സംഘങ്ങളെ അനുസ്മരിപ്പിക്കുന്ന വിധത്തിൽ. തിരുവനന്തപുരം ജില്ലയിലെ കാട്ടാക്കട അഞ്ചുതെങ്ങിന്‍മൂട് യോഗേശ്വര ക്ഷേത്രത്തിലെ പടികെട്ടിലിരുന്ന് ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കുകയായിരുന്ന നാല് പ്ലസ് വൺ വിദ്യാർത്ഥികളെയാണ് രണ്ടു റോഡുകളിലൂടെ ഓരേസമയം രണ്ടു ജീപ്പുകളിലെത്തിയ പൊലീസ് അതിക്രൂരമായി തല്ലിച്ചതച്ചത്. വീട്ടിനുള്ളിലിരുന്നാൽ മൊബൈലിൽ റേഞ്ച് കിട്ടാത്തതിനാലാണ് കൂട്ടുകാരായ നാലുപേരും ക്ഷേത്രത്തിന് സമീപം വന്നിരുന്നത്. സംഭവത്തിൽ വിവിധ രാഷ്ട്രീയ നേതാക്കൾ പ്രതിഷേധവുമായി രം​ഗത്തെത്തി.

സമീപവാസികളിൽ ആരോ കുട്ടികൾ പതിവായി ക്ഷേത്രത്തിന് സമീപം ഇരിക്കുന്ന വിവരം പൊലീസിനെ അറിയിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം. കേട്ടപാതി കേൾക്കാത്ത പാതി കൊടും ക്രിമിനലുകളെ പിടിക്കുന്ന രീതിയിൽ രണ്ടു വാഹനങ്ങളിലായി പൊലീസ് കുതിച്ചെത്തുകയായിരുന്നു. കുട്ടികളെ ക്രൂരമായി മർദ്ദിക്കുന്നത് കണ്ട് ഓടിയെത്തിയ മാതാപിതാക്കളുടെ വാക്കുകൾ പോലും ചെവിക്കൊള്ളാൻ പൊലീസ് തയ്യാറായില്ല. ഇവരോടും അസഭ്യം പറയാനായിരുന്നു പൊലീസിന് തിടുക്കം.

കഞ്ചാവ് കച്ചവടമാണോടാ, അശ്ലീല വീഡിയോ കാണുകയായിരുന്നോ എന്നിങ്ങനെ ആക്രോശിച്ചും, അസഭ്യം വിളിച്ചുമായിരുന്നു മര്‍ദ്ദനം. പോലീസിന്റെ വിരട്ടലില്‍ ഭയന്ന് ഓടിയപ്പോള്‍ കാല്‍തെറ്റി വീണുപോയ കുട്ടിയെ തറയിലിട്ട് ചവിട്ടി. സംഭവം കണ്ട് ഓടിയെത്തിയ കുട്ടികളുടെ മാതാപിതാക്കള്‍ പോലീസിനോട് കുട്ടികളെ തല്ലരുതെന്നും അവര്‍ പഠിക്കാന്‍ ഇരുന്നതാണെന്ന് പറഞ്ഞെങ്കിലും ഇവരെയും അസഭ്യം പറഞ്ഞ് ആട്ടിപ്പായിച്ചു.

മര്‍ദ്ദിച്ച് അവശരാക്കിയ കുട്ടികളെ ജീപ്പില്‍ കയറ്റി പലയിടത്തും കറങ്ങിയ ശേഷം സ്‌റ്റേഷനില്‍ എത്തിച്ചു. ഇതിനിടെയും അസഭ്യ വര്‍ഷവും മര്‍ദ്ദനവും തുടര്‍ന്നതായി കുട്ടികള്‍ പറഞ്ഞു. വൈകിട്ടോടെ സ്‌റ്റേഷനില്‍ എത്തിച്ച കുട്ടികളെ രക്ഷിതാക്കളെ വരുത്തി അവര്‍ക്കൊപ്പം വിട്ടു. വീട്ടില്‍ എത്തിയ ശേഷമാണ് കുട്ടികള്‍ വിശദമായി കാര്യങ്ങള്‍ പറഞ്ഞതും രക്ഷകര്‍ത്താക്കള്‍ ഇവരുടെ ശരീരത്തില്‍ മര്‍ദ്ദനത്തിന്റെ പാടുകള്‍ കണ്ടതും. കടുത്ത ശരീരവേദനയും നീരും വന്നതോടെ കുട്ടികളെ കാട്ടാക്കട ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സ തേടി.

സംഭവത്തില്‍ ബാലാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. കമ്മീഷന്‍ സ്ഥലത്തെത്തി കുട്ടികളുടെ മൊഴിയെടുത്തു. പോലീസിനോട് വിശദീകരണം ചോദിച്ചിട്ടുണ്ട്. തങ്ങള്‍ മര്‍ദ്ദിച്ചിട്ടില്ലെന്ന നിലപാടിലാണ് പോലീസ്. എന്നാല്‍, കുട്ടികളെ മര്‍ദ്ദിക്കാന്‍ ഉപയോഗിച്ച കട്ടികൂടിയ കേബിള്‍ വയര്‍ പോലീസ് ജീപ്പില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close