KERALANEWSTop News

ഗണേഷ് കുമാറിന് തുണയാകുന്നതും കോവൂർ കുഞ്ഞുമോന് വിനയാകുന്നതും ജാതി; കുന്നത്തൂർ എംഎൽഎക്ക് മന്ത്രിപദം നഷ്ടമാക്കുന്നത് ഇടത് നേതാക്കളുടെ സവർണ ബോധമോ?

കൊല്ലം: കേരളത്തിലെ ഇടതുപക്ഷത്തിന്റെ കരുത്ത് പിന്നോക്ക ജനവിഭാ​ഗങ്ങളാണ്. എന്നാൽ, നേതൃത്വത്തിൽ എന്നും സവർണ ഹിന്ദുക്കളും എന്നതാണ് സിപിഐയുടെയും സിപിഎമ്മിന്റെയും ചരിത്രം. കേരളത്തിൽ ദളിത് രാഷ്ട്രീയം ശക്തമാകാത്തത് എന്തുകൊണ്ടെന്ന ചോദ്യത്തിനും മഹാഭൂരിപക്ഷം വരുന്ന ദളിതരും സിപിഎമ്മിന്റെയും സിപിഐയുടെയും കൊടികൾക്ക് പിന്നിൽ അണി നിരക്കുന്നു എന്ന എന്നത് മാത്രമാണ് ഉത്തരം. ഇഎംഎസ് നമ്പൂതിരിപ്പാട് മുതൽ പിണറായി വിജയൻ വരെയുള്ള കമ്മ്യൂണിസ്റ്റ് – ഇടത് മുഖ്യമന്ത്രിമാരിൽ പിന്നോക്ക വിഭാ​ഗത്തിൽ നിന്നും വി എസ് അച്ചുതാനന്ദൻ എന്ന ഒറ്റ പേര് മാത്രമാണ് പറയാനാകുക. ഈഴവ വിഭാ​ഗത്തിൽ നിന്നുള്ള വി എസ് അച്ചുതാനന്ദൻ മാത്രമാണ് സിപിഎം മുഖ്യമന്ത്രി പദത്തിലെത്തിച്ച പിന്നോക്കക്കാരൻ. ഇപ്പോഴത്തെ മുഖ്യമന്ത്രി പിണറായി വിജയൻ തീയ്യ വിഭാ​ഗത്തിൽ പെടുന്ന ആളാണ്. മലബാറിലെ സവർണ വിഭാ​ഗമായി പരി​ഗണിക്കുന്ന ജാതിയാണ് തീയ്യൻമാർ.

പട്ടിക ജാതി വിഭാ​ഗത്തിൽ നിന്നും മുഖ്യമന്ത്രി പോയിട്ട് പ്രധാന വകുപ്പുകൾ പോലും നൽകാൻ ഇരു കമ്മ്യൂണിസ്റ്റ് പാർട്ടികളും തയ്യാറാകുന്നില്ല. ഇഎംഎസ് നമ്പൂതിരിപ്പാടും സി അച്ചുതമേനോനും പി കെ വാസുദേവൻ നായരും ഇ കെ നായനാരും എല്ലാം തങ്ങളുടെ ജാതിവാൽ സഹിതം കേരളം ഭരിച്ച കമ്മ്യൂണിസ്റ്റ് നേതാക്കളാണ്. ഇടതു പക്ഷത്തെ സവർണ മേധാവിത്തമാണ് കുന്നത്തൂർ എംഎൽഎ കോവൂർ കുഞ്ഞുമോന് മന്ത്രിപവിക്ക് തടസ്സമാകുന്നതും. ഏകാം​ഗ എംഎൽഎയും തൊട്ടടുത്ത ഇടത് സ്വഭാവമില്ലാത്ത പാർട്ടിയുടെ പ്രതിനിധിയുമായ ​കെ ബി ​ഗണേഷ് കുമാറിന് തുണയാകുന്നതും ഇതേ സവർണ ബോധമാണ്.

തുടർച്ചയായ അ‍ഞ്ചാം തവണയാണ് കോവൂർ കുഞ്ഞുമോൻ നിയമസഭയിലെത്തുന്നത്. ഇടത് പാർട്ടിയായ ആർഎസ്പിയുടെ പ്രതിനിധിയായിട്ടായിരുന്നു കന്നിയങ്കം. അന്ന് തറപറ്റിച്ചത് മുതിർന്ന കോൺ​ഗ്രസ് നേതാവും മുൻ മന്ത്രിയുമായ പന്തളം സുധാകരനെ. പിന്നീടങ്ങോട്ട് കുന്നത്തൂർ എന്നാൽ കുഞ്ഞുമോൻ എന്നായിരുന്നു രാഷ്ട്രീയത്തിൽ അടയാളപ്പെടുത്തിയത്. ആർഎസ്പി ഇടത് മുന്നണി വിടുന്നത് വരെ മൂന്ന് നിയമസഭാ തെരഞ്ഞെടുപ്പുകളിൽ കോവൂർ കുഞ്ഞുമോൻ ആർഎസ്പി പ്രതിനിധിയായി നിയമസഭയിലെത്തി. ആർഎസ്പിയിൽ പിളർപ്പുകൾ ഉണ്ടായപ്പോഴും ഔദ്യോ​ഗിക വിഭാ​ഗത്തിനൊപ്പം ഇടത് മുന്നണിയിൽ ഉറച്ച് നിന്ന ആളാണ് കോവൂർ കുഞ്ഞുമോൻ. അതിന് ശേഷം ഔദ്യോ​ഗിക ആർഎസ്പി ഇടത് മുന്നണി വിട്ടപ്പോൽ ആർഎസ്പി ലെനിനിസ്റ്റ് എന്ന സ്വന്തം പാർട്ടിയുണ്ടാക്കി ഇടത് മുന്നണിയിൽ തുടർന്നു. മറ്റൊരു രീതിയിൽ പറഞ്ഞാൽ, ഷിബു ബേബി ജോണും എൻ കെ പ്രേമചന്ദ്രനും എ എ അസീസും ഉയർത്തിപ്പിടിക്കാത്ത ഇടത് ബോധം കൈവിടാത്ത നേതാവാണ് കോവൂർ കുഞ്ഞുമോൻ. എന്നാൽ, കോവൂർ കുഞ്ഞുമോൻ ഒരു പട്ടികജാതിക്കാരനാണ് എന്നത് അദ്ദേഹത്തിന്റെ രാഷ്ട്രീയ വളർച്ചയെ തടയാൻ ഇടത് നേതൃത്വത്തിന് കാരണമാകുന്നു.

2014-ൽ ഇരുവിഭാഗം ആർ.എസ്.പി.കൾ ലയിച്ച് യു.ഡി.എഫിലെത്തിയ ശേഷം എൽ.ഡി.എഫ്. മുൻകൈയെടുത്തു നടത്തിയ രാഷ്ട്രീയ നീക്കത്തിലാണ് കുഞ്ഞുമോന്റെ നേതൃത്വത്തിൽ ആർ.എസ്.പി.(എൽ) പിറന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ്. സ്വതന്ത്രനായാണ് കുഞ്ഞുമോനെ മത്സരിപ്പിച്ചത്. അന്ന് ഇരുപതിനായിരത്തിലധികം വോട്ടുകൾ നേടിയാണ് കുഞ്ഞുമോൻ നിയമസഭയിലെത്തിയത്. ഇക്കുറി അതിശക്തമായ മത്സരത്തിലാണ് കോവൂർ കുഞ്ഞുമോൻ സ്വന്തം സീറ്റ് നിലനിർത്തിയത്. തൊട്ടടുത്ത മണ്ഡലമായ കുണ്ടറയിൽ സിപിഎം നേതാവ് മന്ത്രി മെഴ്സിക്കുട്ടിയമ്മയും കരുനാ​ഗപ്പള്ളിയിൽ സിപിഐ നേതാവ് ആർ രാമചന്ദ്രനും പരാജയപ്പെട്ടപ്പോഴും കുഞ്ഞുമോൻ കുന്നത്തൂരിനെ ഇടതിനോട് ചേർത്ത് നിർത്തി. എന്നാൽ, അഞ്ചാമൂഴത്തിലും നിയമസഭയിലെത്തിയ കോവൂർ കുഞ്ഞുമോന്റെ മന്ത്രിപദവി എന്ന ആവശ്യം സിപിഎം തുടക്കത്തിലേ തള്ളി.

ഒരു പാർട്ടിയുണ്ടാക്കി എംഎൽഎയായി ജയിച്ചു വന്ന ഏക പട്ടികജാതിക്കാരനാണ് കോവൂർ കുഞ്ഞുമോൻ. ഒരുപക്ഷേ കേരള രാഷ്ട്രീയത്തിൽ ജാതി പറയത്ത നേതാവും കോവൂർ കുഞ്ഞുമോൻ തന്നെയാകും. അതുതന്നെയാകണം കോവൂർ കുഞ്ഞുമോന് വിനയാകുന്നത്. സമ്മർദ്ദ തന്ത്രം പ്രയോ​ഗിക്കാൻ കെപിഎംഎസോ മറ്റ് സമുദായ സംഘടനകളോ കോവൂർ കു‍ഞ്ഞുമോന് പിന്നിലില്ല. പത്തനാപുരം എംഎൽഎ കെ ബി ​ഗണേഷ് കുമാറിന് മന്ത്രി പദം ലഭിക്കുമ്പോൾ അതിലും മുന്നേ കൊല്ലം ജില്ലയിൽ നിന്നും മന്ത്രിയാകേണ്ടത് കുഞ്ഞുമോനാണെന്ന് കോൺ​ഗ്രസുകാർ പോലും ചൂണ്ടിക്കാട്ടുന്നു.

ആന്റണി രാജു (ജനാധിപത്യ കേരള കോൺഗ്രസ്), കെ.ബി.ഗണേശ് കുമാർ (കേരള കോൺഗ്രസ്ബി), അഹമ്മദ് ദേവർകോവിൽ (ഐഎൻഎൽ) എന്നിവരാണു മന്ത്രിസഭയുടെ വാതിലിൽ മുട്ടി നിൽക്കുന്നത്. ഇവരിൽ ഗണേശ് കുമാറിന് മുൻപ് പിതാവിന് നൽകിയ കാബിനെറ്റ് പദവിയെന്ന നിലയിൽ മന്ത്രിസ്ഥാനം ഉറപ്പാണ്. കെ ബി ​ഗണേഷ് കുമാർ കേരള കോൺ​ഗ്രസ് ബി നേതാവായാണ് നിയമസഭയിലെത്തിയത്. കോവൂർ കുഞ്ഞുമോനാകട്ടെ ഇടത് പാർട്ടിയായ റവലൂഷണറി സോഷ്യലിസ്റ്റ് പാർട്ടി(ലെനിനിസ്റ്റ്) ബാനറിലും. രണ്ട് പാർട്ടികൾക്കും ഓരോ എംഎൽഎമാർ മാത്രവും.

​ഗണേഷ് കുമാർ, തന്റെ പിതാവ് ആർ ബാലകൃഷ്ണപിള്ളയുടെ കാലശേഷം എൻഎസ്എസ് നേതൃത്വത്തിലും പ്രവർത്തിക്കുന്നു. കോവൂർ കുഞ്ഞുമോനാകട്ടെ യാതൊരു മത- സമുദായ സംഘടനകളിലും സജീവമല്ലാതെ ഇടത് വേദികളിൽ മാത്രം സജീവമായി നിൽക്കുന്നു. ഇതിൽ ആദ്യ പരി​ഗണന ലഭിക്കേണ്ടത് കോവൂർ കുഞ്ഞുമോന് തന്നെയല്ലേ എന്നാണ് ഇപ്പോൾ രാഷ്ട്രീയ കേന്ദ്രങ്ങളിൽ ഉയരുന്ന ചോദ്യം.
കോവൂർ കുഞ്ഞുമോൻ ആദ്യം സ്ഥാനാർഥിയായത് 2001ലാണ്. കോൺഗ്രസിലെ പന്തളം സുധാകരൻ ആയിരുന്നു എതിർ സ്ഥാനാർഥി.. അതുൾപ്പെടെ തുടർച്ചയായി അഞ്ച് തിരഞ്ഞെടുപ്പുകളിൽ കുഞ്ഞുമോൻ വിജയിയായി. മണ്ഡലത്തെ കൂടുതൽ കാലം പ്രതിനിധീകരിച്ചതു കുഞ്ഞുമോനാണ്. മണ്ഡലത്തിലെ 10 പഞ്ചായത്തുകളിലെയും സമസ്ത മേഖലകളെയും ഉൾപ്പെടുത്തി 1500 കോടി രൂപയുടെ വികസനമാണു കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ നടപ്പാക്കാനായതെന്ന് കുഞ്ഞുമോൻ പറയുന്നു. പ്രാദേശിക വികസനത്തിന് ഊന്നൽ നൽകിയാണ് എംഎൽഎ ഫണ്ട് ചെലവഴിച്ചത്. സ്വപ്ന പദ്ധതികളിൽ പലതും പൂർത്തീകരിക്കാനുണ്ട്.

കുന്നത്തൂർ മണ്ഡലം

ആദ്യ തിരഞ്ഞെടുപ്പു നടന്ന 1957ൽ ദ്വയാംഗ മണ്ഡലമായിരുന്നു കുന്നത്തൂർ. ദ്വയാംഗം മാറിയെങ്കിലും സംവരണം തുടരുകയാണ്. ജില്ലയിലെ ഏക സംവരണ മണ്ഡലവുമാണ് കുന്നത്തൂർ. കിഴക്കേ കല്ലട, പടിഞ്ഞാറേ കല്ലട, മൺറോത്തുരുത്ത്, കുന്നത്തൂർ, മൈനാഗപ്പള്ളി, പോരുവഴി, ശാസ്താംകോട്ട, ശൂരനാട് വടക്ക്, ശൂരനാട് തെക്ക്, പവിത്രേശ്വരം എന്നീ പഞ്ചായത്തുകൾ ചേർന്നതാണു മണ്ഡലം. കുന്നത്തൂർ മണ്ഡലം പിറന്ന കാലം മുതൽ ചുവപ്പിനോടാണു കൂടുതൽ ഇഷ്ടം. ചുവടു മാറ്റി വലത്തുറച്ചു നിന്ന ചരിത്രവുമുണ്ട്.

ആദ്യ തിരഞ്ഞെടുപ്പിൽ സിപിഐ കാരനായ പി.ആർ. മാധവൻ പിള്ളയും ആർ.ഗോവിന്ദനും (പട്ടികജാതി സംവരണം) വിജയിച്ചു. 3 വർഷം കഴിഞ്ഞ്, 1960ലെ തിരഞ്ഞെടുപ്പിൽ ജനറൽ സീറ്റിൽ കോൺഗ്രസിലെ ജി.ചന്ദ്രശേഖരൻ പിള്ളയും സംവരണ മണ്ഡലത്തിൽ സിപിഐയിലെ പി.സി.ആദിച്ചനും ജേതാക്കളായി. സിറ്റിങ് എംഎൽഎ ആയിരുന്ന മാധവൻ പിളളയെയാണ് ചന്ദ്രശേഖരൻപിള്ള പരാജയപ്പെടുത്തിയത്. 1965ൽ ദ്വയാംഗ പദവി മാറി.

സിപിഐയിലെ ടി.കേശവനെ കേരള കോൺഗ്രസ് സ്ഥാനാർഥി ടി.കൃഷ്ണൻ പരാജയപ്പെടുത്തി. 1967ൽ സ്വതന്ത്രനായ കെ.സി.എസ്. ശാസ്ത്രിക്ക് വിജയം. 1970ൽ ആണ് ആർഎസ്പി ആദ്യമായി മത്സരിച്ചതും ജയിച്ചതും. സത്യപാലൻ ആയിരുന്നു വിജയി. 1977ൽ സിപിഎമ്മിലെ സി.കെ.തങ്കപ്പനെ ആർഎസ്പിയുടെ കല്ലട നാരായണൻ (ആർഎസ്പി) പരാജയപ്പെടുത്തി. 1980 ൽ കല്ലട നാരായണൻ വിജയം ആവർത്തിച്ചു. 1982ൽ ഹാ‍ഡ്രിക് മോഹവുമായി ഇറങ്ങിയ കല്ലട നാരായണനെ യുഡിഎഫ് സ്ഥാനാർഥി കോട്ടക്കുഴി സുകുമാരൻ പരാജയപ്പെടുത്തി. 1987ൽ ടി.നാണു മാസ്റ്ററും (ആർഎസ്പി) കെ.കെ. ബാലകൃഷ്ണനു (കോൺ) തമ്മിൽ ആയിരുന്നു മത്സരം. നാണു മാസ്റ്റർക്കു വിജയം. തുടർന്നു 2 തവണ കൂടി (1991,96) നാണു മാസ്റ്റർ വിജയം ആവർത്തിച്ചു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close