
ന്യൂഡല്‍ഹി: കാര്‍ഗില്‍ വീരവനിതയായ ഇന്ത്യന്‍ വ്യോമസേനയിലെ ആദ്യത്തെ ഫൈറ്റര്‍ പൈലറ്റ് ഗുന്ജന് സക്സേനയുടെ ജീവിതത്തെ അധികരിച്ച് കരണ്‍ ജോഹര്‍ നിര്‍മിച്ച് ശരണ്‍ ശര്‍മ്മ സംവിധാനം ചെയ്ത ഇതേ പേരിലുള്ള ഹിന്ദി സിനിമയ്ക്കെതിരേ വ്യോമസേന. ചിത്രത്തിലെ ചില രംഗങ്ങള്‍ മാറ്റുകയോ ഒഴിവാക്കുകയോ വേണമെന്നാണ് സേന സെന്സര്ബോര്ഡിനയച്ച കത്തില്‍ ആവശ്യപ്പെടുന്നത്.
ഇന്ത്യന്‍ വ്യോമസേനയിലെ ആദ്യ പൈലറ്റായ ഗുന്ജന് ഔദ്യോഗിക ജീവിതത്തില്‍ നേരിടേണ്ടിവന്ന ലിംഗവിവേചനവും അതു മറികടക്കാന്‍ അവര്‍ നടത്തുന്ന പോരാട്ടവുമാണ് ചിത്രത്തിന്റെ പ്രധാന ഇതിവൃത്തം. ഒന്നു രണ്ടു പേരൊഴികെ പട്ടാളക്കാരനായ സ്വന്തം സഹോദരന് പോലും ഒരു പെണ്ണ് പട്ടാളത്തില്‍, അതും പൈലറ്റായി പോകുന്നതിനെയോ പോയശേഷം യുദ്ധഭൂമിയില്‍ പോകുന്നതിനെയോ പിന്തുണച്ചിരുന്നില്ലെന്നാണ് ചിത്രം കാണിക്കുന്നത്. ഇതില്‍ പലതും സിനിമയ്ക്കു വേണ്ടി വളച്ചൊടിച്ച നാടകീയ സംഭവങ്ങളാണെന്നതിനാല് സേനയ്ക്ക് ചീത്തപ്പേരുണ്ടാക്കുന്നതാണെന്നതാണ് വിമര്‍ശനം.
എന്നാല്‍ കോവിഡ് പശ്ചാത്തലത്തില്‍ ചിത്രം തീയറ്ററുകളില്‍ പുറത്തിറക്കാത്ത സാഹചര്യത്തില്‍ നിലവിലെ സെന്‍സര്‍ നിയമപ്രകാരം സെന്‍സര്‍ സര്ട്ടിഫിക്കേഷന് തന്നെ ആവശ്യമില്ല. ചിത്രം നെറ്റ്ഫ്ളിക്സില്‍ വന്‍ ഹിറ്റാണ് താനും. നെറ്റ് ഫ്ളിക്സിനും വ്യോമസേന ഇതേ ആവശ്യമുന്നയിച്ച് കത്തെഴുതിയിട്ടുണ്ട്.
അന്തരിച്ച നടി ശ്രീദേവിയുടെയും ബോണി കപ്പൂറിന്റെയും മകള്‍ ജാഹ്നവിയാണ് ചിത്രത്തിലെ നായിക.