TrendingWORLD

ഗള്‍ഫ് മേഖലയില്‍ ഇസ്രയേല്‍ സൗഹൃദം സ്ഥാപിക്കുമ്പോള്‍ ആര്‍ക്കാണ് യഥാര്‍ത്ഥഗുണം

പരസ്പരം വൈരികളായിരുന്ന രണ്ട് പേര്‍ മറ്റൊരാളുടെ മധ്യസ്ഥതയില്‍ പ്രശ്‌നങ്ങള്‍ തീര്‍ക്കാന്‍ തീരുമാനിക്കുമ്പോള്‍ അതില്‍ പ്രത്യകിച്ച് അതിശയോക്തി ഒന്നുമില്ല പക്ഷെ ഇടയില്‍ നില്‍ക്കുന്നത് അമേരിക്കയും പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമാണെങ്കില്‍ അതില്‍ ഒന്നുകൂടി ചിന്തിക്കാന്‍ പലതുമുണ്ട്. കാരണം തനിക്കു ഗുണമില്ലാതെ ഒന്നിനും അമേരിക്ക ഇറങ്ങിത്തിരിക്കില്ല, പ്രത്യേകിച്ചും ട്രംപ് . ഗള്‍ഫ് മേഖലയിലെ ഇസ്രയേല്‍ ബന്ധം സ്ഥാപിക്കുന്നത് ഒരു ചരിത്രം തന്നെയാണ്. ഇതിനു മുമ്പും അവര്‍ തമ്മില്‍ അനുനയശ്രമങ്ങളും കരാറുകളും ഉണ്ടായിട്ടുണ്ടെങ്കിലും അവ പാളിപ്പോയിട്ടുണ്ട്. എന്നാല്‍ ഇത്തവണത്തേത് കുറച്ചുകൂടി മാറിയ സാഹചര്യമായതുകൊണ്ടുതന്നെ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെട്ടേക്കാമെന്ന സൂചനയാണ് ലഭിക്കുന്നത്.

അറബ്- ഇസ്രയേല്‍ പ്രശ്‌നമെന്ത്?

ഒരു നൂറ്റാണ്ടോളം പഴക്കമുള്ള തര്‍ക്കങ്ങള്‍ യഹൂദര്‍ക്കുമാത്രമായി ഇസ്രയേല്‍ എന്ന രാജ്യം രൂപവത്കരിച്ചതോടെ ശക്തിപ്പെടുകയായിരുന്നു. ഇതിനുശേഷം ഒന്നിലേറെ അറബ് രാജ്യങ്ങളും ഇസ്രയേലുമായി ചെറുതും വലുതുമായ ഏറ്റുമുട്ടലുകള്‍ അരങ്ങേറി. 1948 മേയ് 14-ന് ഇസ്രയേല്‍ എന്ന ആധുനിക യഹൂദരാഷ്ട്രം ഉടലെടുത്തതിനെത്തുടര്‍ന്ന് അത് ഒരുവശത്തും പ്രാന്തവര്‍ത്തികളായ അറബിരാഷ്ട്രങ്ങള്‍ മറുവശത്തുമായി നടത്തിയിട്ടുള്ള യുദ്ധങ്ങളാണ് അറബി-ഇസ്രയേല്‍ യുദ്ധങ്ങള്‍.

ഇസ്ലാമിക സംസ്‌കാരവും പാശ്ചാത്യ സംസ്‌കാരവും തമ്മിലുള്ള പൊരുത്തക്കേടുകളാണ് അറബ് – ഇസ്രയേല്‍ സംഘര്‍ഷങ്ങളുടെ കാതല്‍ എന്നു വാദിക്കുന്നവരുണ്ട്. എന്നാല്‍ സംസ്‌കാരങ്ങളുടെ പൊരുത്തമില്ലായ്മകളേക്കാള്‍ മതാടിസ്ഥാനത്തിലുള്ള ഭൂമിശാസ്ത്ര വിഭജനങ്ങളാണ് യഥാര്‍ത്ഥ കാരണമെന്നു വിശ്വസിക്കുന്നവരാണധികവും. ആറുഘട്ടത്തോളമായി പലതവണ ഇവര്‍തമ്മില്‍ സംഘട്ടനം ഉണ്ടായിട്ടുണ്ട്. നൂറ്റാണ്ടുകള്‍ക്കു മുമ്പേ തുടക്കം കുറിച്ച പ്രശ്‌നങ്ങളുടെ ചരിത്രത്തിലേക്കാണ് ഈ നിമിഷം വന്നു ചേര്‍ന്നിരിക്കുന്നത്.

ആര്‍ക്കാണ് ആത്യന്തിക ലാഭം

പ്രത്യക്ഷത്തില്‍ ഇരുരാജ്യങ്ങളിലെയും അതിര്‍ത്തികളില്‍ നിലനില്‍ക്കുന്ന സംഘര്‍ഷാന്തരീക്ഷം ഇല്ലാതാക്കുക എന്നതാണ് പ്രധാന ഗുണമായി പറയപ്പെടുന്നത്. പക്ഷെ ഒന്നുകൂടി സൂക്ഷ്മമായി നോക്കിയാല്‍ അതില്‍ മറ്റു പലര്‍ക്കും ഗുണമുണ്ട്. അതുകൊണ്ടുതന്നെയാണ് ഈ ബന്ധം നിലനില്‍ക്കുമെന്ന് പറയപ്പെടുന്നതും. യുഎഇയുടെ ബലമെന്നു പറയുന്നത് അവിടുത്തെ എണ്ണസമ്പത്ത് തന്നെയാണ്. എന്നാല്‍ ആത് തീര്‍ന്നുവെന്നും തീരാറായി എന്നും എല്ലാം വാര്‍ത്തകള്‍ പുറത്തുവരുന്നുണ്ട്. അന്തരീക്ഷ മലനീകരണ തോത് വര്‍ധിച്ചതു മൂലം പല രാജ്യങ്ങളും ഇലക്ട്രിക് വാഹനങ്ങളിലേക്ക് തിരിയുകയാണ്. ഇതോടെ എണ്ണയുടെ ആവശ്യകത ഗണ്യമായി കുറഞ്ഞുവെന്ന് വേണം പറയാന്‍. ഇതോടെ എണ്ണയില്‍ നിന്നുള്ള വരുമാനം കൊണ്ട് മാത്രം മുന്നോട്ട് പോകാന്‍ കഴിയില്ലെന്ന ബോധ്യം ഗള്‍ഫ് രാജ്യങ്ങള്‍ക്കുണ്ടായി. ഇതോടെ ഇനി ഒറ്റക്കുള്ള നിലനില്‍പ് സാധ്യമല്ല എന്ന് യുഎഇക്ക് മനസിലായി. അതുകൊണ്ടുതന്നെ ഈ കരാര്‍ അവര്‍ക്ക് ആവശ്യം തന്നെയാണ്.

കോവിഡ് കാല പ്രവര്‍ത്തനങ്ങള്‍കൊണ്ടും ജോര്‍ജ് ഫ്‌ലോയിഡ് മരണത്തെത്തുടര്‍ന്നുണ്ടായ വംശീയകലാപം കൊണ്ടും പ്രതിച്ഛായക്ക് ഇടിവുണ്ടായ ട്രംപിന് സല്‍പേര് വീണ്ടെടുക്കാന്‍ പ്രയോഗിച്ച മാര്‍ഗ്ഗമായും ഇതിനെ കാണാം. കാരണം വരാന്‍ പോകുന്ന തിരഞ്ഞെടുപ്പില്‍ ഉയര്‍ത്തിപ്പിടിക്കാന്‍ ഇതുപോലൊരു പൊന്‍തൂവല്‍ ട്രംപിനാവശമാണ്. കൂടാതെ യുഎസിന്റെ ആയുധക്കച്ചവടത്തിനുള്ള മാര്‍ഗ്ഗം സുഗമമാക്കാനും ഇസ്രയേല്‍ – യുഎഇ പ്രശ്‌നങ്ങള്‍ തീര്‍ന്നേ മതിയാകൂ. മാത്രമല്ല പല അമേരിക്കന്‍ കമ്പനികള്‍ക്കും അവരുടെ രാജ്യാന്തരപ്രവര്‍ത്തനങ്ങള്‍ വിപുലീകരിച്ച് സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് രക്ഷിക്കാനും ഇത് സഹായിക്കും. അതുകൊണ്ട് ഇത് നിലനിര്‍ത്തേണ്ടത് ട്രംപിന്റെ കൂടി ആവശ്യമാണ്. താല്‍പര്യങ്ങള്‍ പലതാണെങ്കിലും ഇതിലൂടെ ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രശ്‌നങ്ങള്‍ തീര്‍ന്നാല്‍ അതിര്‍ത്തിപ്രദേശത്തെ ജനജീവിതം സമാധാനത്തിലെത്തും. അതാണ് ഏറ്റവും വലിയ ഗുണഫലം.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close