ഗവര്‍ണറും മുഖ്യമന്ത്രിയും മര്യാദ ലംഘിക്കുന്നു : ഒ രാജഗോപാല്‍

തിരുവന്തപുരം: കേരളാ ഗവര്‍ണറും മുഖ്യമന്ത്രിയും മര്യാദ ലംഘിക്കുന്നതായി ബിജെപി എംഎല്‍എ ഒ രാജഗോപാല്‍. ജനങ്ങളുടെ മുമ്പില്‍ പോരടിക്കുന്നത് ശരിയല്ല, ഇരുവരും സംയമനം പാലിക്കണം. പൗരത്വ നിയമ ഭേദഗതിക്കെതിരായി സുപ്രീംകോടതിയെ സമീപിച്ചത് ഗവര്‍ണറെ അറിയിക്കേണ്ടത് മര്യാദയാണ്. ചട്ടലംഘനമാണോയെന്ന് വിദഗ്ധര്‍ തീരുമാനിക്കട്ടെയെന്നും രാജഗോപാല്‍ പ്രതികരിച്ചു.
പൗരത്വനിയമഭേദഗതി റദ്ദാക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചതിനെതിരെ ഗവര്‍ണര്‍ രംഗത്തെത്തിയിരുന്നു. സംസ്ഥാന സര്‍ക്കാര്‍ ചട്ടങ്ങള്‍ പാലിച്ചില്ലെന്നായിരുന്നു ഗവര്‍ണറുടെ വാദം. സുപ്രീംകോടതിയില്‍ സ്യൂട്ട് ഹര്‍ജി ഫയല്‍ ചെയ്ത സര്‍ക്കാര്‍ നടപടിയില്‍ ഗവര്‍ണര്‍ വിശദീകരണവും തേടിയിട്ടുണ്ട്. സുപ്രീംകോടതിയെ സമീപിക്കാനിടയായ സാഹചര്യം എന്തായിരുന്നു എന്ന് വ്യക്തമാക്കണം എന്നാവശ്യപ്പെട്ടാണ് ഗവര്‍ണര്‍ വിശദീകരണം തേടിയത്. ചീഫ് സെക്രട്ടറിയോടാണ് ഗവര്‍ണര്‍ ഇക്കാര്യത്തില്‍ വിശദീകരണം ആവശ്യപ്പെട്ടത്.
റൂള്‍സ ്ഓഫ് ബിസിനസ് അനുസരിച്ച് കേന്ദ്ര നിയമത്തിനെതിരെ കോടതിയെ സമീപിക്കുമ്പോള്‍ ഗവര്‍ണറെ അറിയിക്കേണ്ട ബാധ്യത സംസ്ഥാന സര്‍ക്കാരിനും മുഖ്യമന്ത്രിക്കും ഉണ്ടെന്നാണ് ആരിഫ് മുഹമ്മദ് ഖാന്റെ വാദം. എന്നാല്‍ സുപ്രീംകോടതിയെ സമീപിക്കാന്‍ ഗവര്‍ണറുടെ അനുമതി ആവശ്യമില്ലെന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാരിന് ഉള്ളത്.