KERALATop News

ഗാഡ്ഗിലേ മാപ്പ്! തൊലിപ്പുറത്തെ ചികിത്സ കൊല്ലുന്നത് നിഷ്‌കളങ്കരെ: അഡ്വ ഹരീഷിന്റെയും പ്രവീണ്‍ ഇറവങ്കരയുടെയും പോസ്റ്റുകള്‍ വൈറലാവുന്നു

കോട്ടയം: വീണ്ടുമൊരു മഹാപ്രളയത്തിന്റെ ആസുരതാണ്ഡവത്തിനു മുന്നില്‍ മനുഷ്യസഹജമായ എല്ലാ മുന്നൊരുക്കങ്ങളും നിഷ്ഫലമായി കേരളം നിസ്സായമായി നോക്കിനില്‍ക്കെ, പ്രകൃതിദുരന്തങ്ങള്‍ക്കു വഴിവച്ചു മലയാളിയുടെ ആര്‍ത്തിപൂണ്ട പ്രകൃതിനശീകരണത്തിലേക്ക് കൈചൂണ്ടിക്കൊണ്ടുള്ള ഒറ്റപ്പെട്ട ശബ്ദങ്ങള്‍ക്ക് ശക്തിയേറുകയാണ്. ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടിന് പുല്ലുവില കല്‍പിച്ചുകൊണ്ട് കേന്ദ്ര -കേരള സര്‍ക്കാരുകള്‍ നടത്തിയ ഇടപെടലുകളെപ്പറ്റി പ്രമുഖ നോവലിസ്റ്റും ടെലിക്കഥാകൃത്തുമായ പ്രവീണ്‍ ഇറവങ്കരയുടെ ഫെയ്സ്ബുക്ക് പോസ്റ്റ് ഇതിനുദാഹരണമാണ്. ഈ പ്രളയവും വരാനിരിക്കുന്ന ദുരന്തങ്ങളും നമ്മള്‍ ചോദിച്ചു വാങ്ങിയത് എന്നാണ് പ്രവീണ്‍ എഴുതുന്നത്. പരിസ്ഥിതി ആക്റ്റിവിസ്റ്റും അഭിഭാഷകനുമായ അഡ്വ.ഹരീഷ് വാസുദേവനാവട്ടെ, പരിസ്ഥിതി ലോലപ്രദേശങ്ങളിലെ സര്‍ക്കാരുകളുടെ അവഗണനാപരമായ അനാസ്ഥയ്ക്കും സമീപനത്തിനുമെതിരേ എല്ലായ് പ്പോഴും ശബ്ദമുയര്‍ത്തിയിട്ടുള്ള ആളാണ്. തൊലിപ്പുറത്ത് ഉള്ള ചികിത്സയാണു എല്ലാവര്‍ക്കും താല്‍പ്പര്യം. പ്രശ്നം പഠിച്ച വിദഗ്ധ സ്ഥാപനങ്ങളെല്ലാം പരിഹാരമായി പറഞ്ഞത് പക്ഷെ ശസ്ത്രക്രിയ ആണ്. ഈ ചികിത്സയ്ക്ക് ഒരു കുഴപ്പമുണ്ട്. അതിന്റെ ഫലം കിട്ടുന്നത് നിരാലംബരായ, climate change refugees എന്നു വിളിക്കാവുന്ന മനുഷ്യര്‍ക്കാണ്. എന്നാണ് ഹരീഷ് എഴുതുന്നത്. രണ്ടുദിവസം അടുപ്പിച്ചു മഴപെയ്താല്‍ മണ്ണിടിച്ചില്‍ ഉണ്ടാകാനിടയുള്ള സ്ഥലങ്ങള്‍ ഏറെയുണ്ട് കേരളത്തിലെ പശ്ചിമഘട്ടത്തില്‍. അവിടെയൊക്കെ ജീവിക്കുന്ന മനുഷ്യരെ എല്ലാ കാലവര്‍ഷത്തിലും നാം മരണത്തിനു എറിഞ്ഞു കൊടുക്കുകയാണോ എന്ന ചോദ്യം ഉയരുന്നുണ്ട് എന്നും ഹരീഷ് പറയുന്നു.

ഇടനാട്ടില്‍ സേഫ് ആയി ജീവിക്കാവുന്ന ഒരുപാട് ഭൂമിയുടെ ഉടമസ്ഥത കയ്യിലുള്ളവര്‍ക്ക് ആണ്. ജീവിക്കാനുള്ളത്തില്‍ കൂടുതലോ ഭൂപരിധിയില്‍ കൂടുതലോ ഭൂമി കൈവശം വച്ചു ജീവിക്കുന്നവരില്‍ നിന്ന്, ഹാരിസന്‍ പോലുള്ള കമ്പനികളില്‍ നിന്ന്, ഭൂമി എടുത്ത് സുസ്ഥിരകേരളം അവിടെ കെട്ടിപ്പടുത്താലേ, മലഞ്ചെരുവില്‍ താമസിക്കുന്ന മനുഷ്യരെ സുരക്ഷിതമായി ഇരുത്താന്‍ പറ്റൂ. എന്തുകൊണ്ട് ചര്‍ച്ചകള്‍ നടക്കുന്നില്ല? നമ്മെ ഭരിക്കുന്ന ജനപ്രതിനിധികളില്‍, ഉദ്യോഗസ്ഥരില്‍, ജഡ്ജിമാരില്‍ ഒന്നും ഈ വിഭാഗത്തിന്റെ പ്രാതിനിധ്യം അര്‍ഹമായ അളവില്‍ ഇല്ല. ഭൂവുടമസ്ഥരുടെ താല്‍പര്യം സംരക്ഷിക്കുന്ന പാര്‍ട്ടികളാണ് നയം ചര്‍ച്ച ചെയ്യുന്നത്. 2018 ലെ ഐക്യരാഷ്ട്രസഭയുടെ റിപ്പോര്‍ട്ട് സര്‍ക്കാരിന്റെ മേശപ്പുറത്ത് ഉള്ളപ്പോഴും ഭൂവുപയോഗ നയമോ നിയമമോ ആലോചിക്കാത്തത് ഈ ക്ലാസ് താല്‍പര്യമാണ്. കാര്‍ഷികഭൂപരിഷ്‌കരണത്തിനു ആണെങ്കില്‍ നഷ്ടപരിഹാരം നല്‍കാതെയും സര്‍ക്കാരിന് വ്യക്തികളുടെ ഭൂമി ഏറ്റെടുക്കാം എന്ന യുക്തി 60 കളില്‍ നിയമമായി. അതിലും എത്രയോ വലിയ ആവശ്യമാണ് സുരക്ഷിതമായി ജീവിക്കാവുന്ന ഭൂമി നല്‍കുക എന്നത്. രണ്ടാം ഭൂപരിഷ്‌കരണം എന്ന, 2008 ല്‍ VS അച്യുതാനന്ദന്‍ ഉയര്‍ത്തിയ രാഷ്ട്രീയ മുദ്രാവാക്യം ഏറ്റെടുക്കാന്‍ ഈ ദുരന്തകാലത്ത് പോലും കേരളരാഷ്ട്രീയത്തില്‍ ഒരു നേതാവ് പോലുമില്ലല്ലോ എന്ന് ഹരീഷ് വ്യസനിക്കുന്നു.
ദുരന്തങ്ങള്‍ വരുമ്പോള്‍ മാത്രം മുതലക്കണ്ണീരൊഴുക്കുകയും പ്രസംഗിക്കുകയും കവിതയെഴുതുകയും പത്ത് കാശ് പിരിച്ചുനല്‍കി ഫോട്ടോ എടുത്ത് ഫേസ്ബുക്കില്‍ ഇടുകയും ചെയ്യുന്ന നാണംകെട്ട നമ്മുടെ സാംസ്‌കാരികബോധം തല്ലുകൊളളിത്തരമാണെന്നാണ് പ്രവീണ്‍ ഇറവങ്കര അഭിപ്രായപ്പെടുന്നത്.
ഗാഡ്ഗില്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കാന്‍ ഇച്ഛാശക്തിയുള്ള ആരുമില്ലേ എന്നദ്ദേഹം വൈകാരികമായിത്തന്നെ ചോദിക്കുന്നു. കൈയ്യേറ്റമാഫിയയുടെ(പാവം കുടിയേറ്റക്കാരനല്ല) കാശിനും സ്വാധീനത്തിനും മുന്നില്‍ കുരുതി/ കൂട്ടി കൊടുക്കുന്നത് സ്വന്തം പെറ്റമ്മയെയാണെന്നെഴുതുന്ന പ്രവീണ്‍ സത്യമറിയാന്‍ കുറഞ്ഞപക്ഷം നിങ്ങളൊന്ന് ഇടുക്കിക്കോ വയനാടിനോ പോവുക എന്ന് ആഹ്വാനം ചെയ്യുന്നു.അവിടെക്കാണാം ചങ്കുതകരുന്ന നൂറുകണക്കിന് കൈയ്യേറ്റക്കാഴ്ച്ചകള്‍. പ്രവീണ്‍ തുടര്‍ന്നെഴുതുന്നു:

‘രവീന്ദ്രപട്ടയങ്ങളുടെ’ലീലാവിലാസങ്ങള്‍ !
മതകൃഷിക്കാരും റിസോര്‍ട്ട് മാഫിയയും തീവ്ര-മിത-മൈത്രീവാദികളെന്നുവേണ്ട ലോകത്തെ സര്‍വ്വ ഉഡായിപ്പ് കക്ഷികളും പരിസ്ഥിതിലോലപ്രദേശങ്ങള്‍ കീഴടക്കി പ്രകൃതീശ്വരിയുടെ നെഞ്ചത്ത് കേറിനിന്ന് താണ്ഡവം കളിക്കുന്നത് നേരില്‍ കാണാം. നൈസര്‍ഗ്ഗക നീരുറവകള്‍ അടഞ്ഞു. മലകള്‍ മറവിയില്‍ മറഞ്ഞു.വനഭൂമി അപ്രത്യക്ഷമായി.പക്ഷിമൃഗാദികള്‍ ചത്തുവീണു.ചാവാത്തവയെ കൊന്നുതിന്നു.പ്രകൃതി സ്വസ്ഥവിഹാരം നടത്തിയ പച്ചമണ്ണാകെ മാലിന്യം കൊണ്ടു നിറച്ചു.ദൈവം സവാരിക്കിറങ്ങുന്ന ഹരിത താഴ് വാരങ്ങളില്‍ സിമന്റ് കൊട്ടാരങ്ങള്‍ കൊണ്ട് വഴിയടച്ചു. 2010 മാര്‍ച്ചില്‍ രൂപീകരിച്ച 14 വിദഗ്ധരടങ്ങിയ മാധവ് ഗാഡ്ഗില്‍ കമ്മീഷന്‍ 2011 ഓഗസ്റ്റ് 31ന് സമര്‍പ്പിച്ച ഞെട്ടിക്കുന്ന റിപ്പോര്‍ട്ടിനു മേല്‍ ഒന്‍പതു വര്‍ഷം കഴിഞ്ഞിട്ടും എന്തേ നടപടിയുണ്ടാവാത്തതെന്നും അധികാരികള്‍ആരെയാണീ ഭയക്കുന്നത് എന്നും കൂടി പ്രവീണ്‍ ചോദിക്കുന്നു. അനധികൃതകൈയ്യേറ്റങ്ങള്‍ ഇടിച്ചുനിരത്തി ഭൂമിയെ ഭൂമിയാക്കിയില്ലെങ്കില്‍ ‘വരാനിരിക്കുന്നത് ചിന്തകള്‍ക്കുപോലുമപ്പുറത്തുളള മഹാദുരന്തമാണെന്ന് അന്നേ ഗാഡ്ഗില്‍ പറഞ്ഞു. കേട്ടില്ല. കേള്‍ക്കേണ്ടവര്‍ കാതില്‍ കൈതിരുകി വോട്ടും കാശും വാങ്ങി ഒരു ജനതയെ ഒറ്റു കൊടുത്തു.
ദാ ഇപ്പൊ ആതിരപ്പള്ളിയുടെ നെഞ്ച് പൊളിക്കാഞ്ഞിട്ടുളള ചൊറിച്ചിലാണ്. അനുവദിക്കരുത് നമ്മള്‍. ഭാരതം ലോകത്തിന്റെ പൂജാമുറിയാണെങ്കില്‍ കേരളം പ്രപഞ്ചത്തിലെ ഏകദൈവം പ്രകൃതീശ്വരിയുടെ ശ്രീകോവിലാണ്. അവകാശികളല്ല നമ്മള്‍. സൂക്ഷിപ്പുകാര്‍ മാത്രമാണ്. അടുത്ത തലമുറയ്ക്ക് കേടുപാടുകളില്ലാതെ ഈ ഹരിതദീപം നമുക്ക് കൈമാറണം. അതിനുവേണ്ടി തെരുവിലിറങ്ങാന്‍ പോലും മടിക്കരുത്. ഇത് മാനവരാശിയുടെ നിലനില്‍പ്പിന്റെ സമരമാണ്.’ പ്രവീണ്‍ എഴുതുന്നു.
അഡ്വ.ഹരീഷും പ്രവീണും മറ്റുമുയര്‍ത്തുന്ന വാദങ്ങള്‍ പ്രളയജലമിറങ്ങുന്ന മുറയ്ക്ക് ഉരുള്‍പൊട്ടിവന്ന പ്രളയാവശിഷ്ടങ്ങള്‍ മൂടിയ മൂന്നാറിലെ ലായഭൂമിപോലെ മറവികൊണ്ടു മൂടിക്കളയാനനുവദിക്കാതെ ഇച്ഛാശക്തിയോടെ നിലപാടെടുക്കാന്‍ ഭരണാധികാരികള്‍ തയാറാവുകയാണെങ്കില്‍ ഒരു പരിധിക്കപ്പുറം ഒഴിവാക്കാവുന്ന മനുഷ്യനിര്‍മ്മിത ദുരന്തങ്ങള്‍ മാത്രമാണ് കേരളത്തില്‍ ആവര്‍ത്തിക്കുന്നത്. അതേ സമയം തന്നെ നിര്‍ണായകമായ എന്‍വയോണ്‍മെന്റല്‍ ഇംപാക്ട് അസെസ്മെന്റ് ഇഐഎ 2020യുടെ കരടിന്മേല്‍ നടന്നു വരുന്ന അഭിപ്രായമാരായലിനു പിന്നില്‍ നടക്കുന്ന കള്ളക്കളികളെയും ഹരീഷ് തുറന്നുകാട്ടുന്നുണ്ട്. ഭാവിയിലും ഇന്ത്യയുടെ പരിസ്ഥിതിക്കു മേല്‍ വലിയ ആഘാതങ്ങളുണ്ടാക്കാവുന്ന തീരുമാനങ്ങളാണ് ഈ റിപ്പോര്‍ട്ടിലുള്ളത്. മഹാദുരന്തങ്ങള്‍ തനിയാവര്‍ത്തനങ്ങളായിട്ടും പാഠം പഠിക്കാത്ത മനുഷ്യരുടെ ദുര്യോഗമാണിത്.

Tags
Show More

Related Articles

Back to top button
Close