
ലണ്ടന്‍: മൂന്നുദിവസത്തോളം ആര്‍ക്കും കൈയിട്ട് എടുക്കാനാകുന്ന ഒരു ലെറ്റര്‍ ബോക്സില്‍ 15,000 പൗണ്ടുവരെ വിലമതിച്ചേക്കുമെന്ന് കരുതുന്ന ഒരു കണ്ണട കിടന്നു. ഇന്ത്യന്‍ രാഷ്ട്രപിതാവ് മഹാത്മാഗാന്ധി അണിഞ്ഞിരുന്ന കണ്ണടയാണെന്ന് അറിഞ്ഞപ്പോള്‍ വിശ്വസിക്കാന്‍ കഴിഞ്ഞില്ലെന്ന് ലേല നടത്തിപ്പുകാരനായ ആന്‍ഡ്രു സ്റ്റോവ് പറയുന്നു. വെറുമൊരു വെള്ള കവറിലാക്കി, ഗാന്ധിയുടെ കണ്ണടയാണെന്നും ലേലം ചെയ്യാന്‍ ആഗ്രഹിക്കുന്നുവെന്നും എഴുതി ഉടമ ലേലക്കമ്പനിയുടെ ലെറ്റര്‍ ബോക്സില്‍ ആഴ്ചാവസാനം കൊണ്ടുവന്നിടുകയായിരുന്നു. തിങ്കളാഴ്ച കണ്ണടക്കവര്‍ എടുത്ത ആന്‍ഡ്രുവും ആദ്യമത് ഗാന്ധിയുടേതാകുമെന്ന് വിശ്വസിച്ചില്ല. 1920ല്‍ തന്റെയൊരു ബന്ധുവിന് ഗാന്ധിജി സൗത്ത് ആഫ്രിക്കയില്‍ വച്ച് നല്‍കിയതാണ് കണ്ണടയെന്നായിരുന്നു ഉടമയുടെ വിശദീകരണം.
ഇതേക്കുറിച്ച് ആന്‍ഡ്രു നടത്തിയ അന്വേഷണത്തില്‍ സംഭവം സത്യമാണെന്ന് തെളിഞ്ഞു. സ്വര്‍ണ്ണഫ്രെയിമുള്ള വട്ടക്കണ്ണട ഗാന്ധിജി ഒരു സുഹൃത്തിന് സമ്മാനമായി നല്കിയതാണെന്നതിനും തെളിവുകള്‍ ലഭിച്ചു. സുഹൃത്തുക്കള്‍ക്ക് ഉപയോഗിച്ചുകൊണ്ടിരിക്കുന്ന വസ്തുക്കള്‍ പോലും സമ്മാനമായി നല്കുന്ന ശീലം ഗാന്ധിജിക്കുണ്ടായിരുന്നു. കണ്ണടയുടെ വിലയെക്കുറിച്ച് അന്വേഷിച്ചപ്പോഴാണ് കുറഞ്ഞത് 15,000 പൗണ്ടെങ്കിലും അത് ലേലം ചെയ്താല്‍ കിട്ടുമെന്നറിഞ്ഞത്. ഓഗസ്റ്റ് 21 നു ഓണ്‍ലൈന്‍ ലേലത്തിനുവയ്ക്കുന്ന കണ്ണട, ഇന്ത്യയിലെ ഗാന്ധി ആരാധകരായ കോടീശ്വരന്മാര് വന്‍വില നല്കി വാങ്ങുമെന്ന വിശ്വാസത്തിലാണ് ഇപ്പോള്‍ ആന്‍ഡ്രുവും ലേലം ഹൗസ് നടത്തിപ്പുകാരും.