KERALANEWS

ഗാന്ധിജി സന്ദര്‍ശനം നടത്തിയ ക്ലാസ് മുറി ഇനി സ്മാരകം

കോട്ടയം: ഗാന്ധിജിയുടെ സന്ദര്‍ശനത്തിന്റെ നിറം തുളുമ്പുന്ന ഓര്‍മ്മകളുമായി കോട്ടയം എം ടി സെമിനാരി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ക്ലാസ് മുറി ഇനി സ്മാരകം.മഹാത്മാഗാന്ധിയുടെ ഓര്‍മ്മകള്‍ പുതുക്കുന്ന ക്ലാസ് മുറി ഗാന്ധി സ്മൃതി സ്മാരകമാക്കി മാറ്റുന്നതിനാണ് ഇപ്പോള്‍ സ്‌കൂള്‍ അധികൃതര്‍ ഒരുങ്ങുന്നത്.

1925 മാര്‍ച്ച് 15 നാണ് മഹാത്മഗാന്ധി കോട്ടയം ജില്ലയില്‍ സന്ദര്‍ശനം നടത്തിയത്. തിരുവാര്‍പ്പിലും, കുമാരനല്ലൂരിലും, വൈക്കത്തും അടക്കം അന്ന് മഹാത്മാഗാന്ധി സന്ദര്‍ശനം നടത്തിയിരുന്നു. ആ സന്ദര്‍ശന വേളയില്‍ എം ടി സെമിനാരി സ്‌കൂളിന്റെ ഹെഡ് മാസ്റ്റര്‍ ആയിരുന്ന കെ കെ കുരുവിള സാറാണ് മഹാത്മാഗാന്ധിയെ സ്‌കൂളിലേയ്ക്കു ക്ഷണിച്ചത്. ആ ക്ഷണം സ്വീകരിച്ച് മഹാത്മാഗാന്ധി എം ടി സെമിനാരി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് അന്തിയുറങ്ങിയത്. അന്ന് ജില്ലയിലെ കോണ്‍ഗ്രസ് രാഷ്ട്രീയത്തിലെ പ്രമുഖര്‍ അടക്കമുള്ളവര്‍ മഹാത്മാഗാന്ധിയെ സന്ദര്‍ശിക്കുകയും, ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു.

ഗാന്ധിജിയുടെ സന്ദര്‍ശനത്തിന്റെ നൂറാം വര്‍ഷത്തില്‍ ഗാന്ധിജി വിശ്രമിച്ച മുറിയെ ഗാന്ധി സദനമാക്കാന്‍ ഒരുങ്ങുകയാണ് സ്‌കൂള്‍ അധികൃതര്‍. സ്‌കൂളിലെ ഈ മുറിയെ ചരിത്ര സ്മാരകമാക്കാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എയുടെ ഫണ്ടില്‍ നിന്നും ഇതിനായി തുക വകയിരുത്തിയിട്ടുണ്ട്. ലൈബ്രറിയും, വിശ്രമമുറിയും, ചരിത്ര സ്മാരകങ്ങളും കൂട്ടിച്ചേര്‍ത്തു വന്‍ പദ്ധതിയാണ് സ്‌കൂള്‍ അധികൃതര്‍ തയാറാക്കുന്നത്.

സ്‌കൂളിന്റെ ചരിത്രവും പൈതൃകവും വിദ്യാര്‍ഥികള്‍ക്കു പരിചയപ്പെടുത്തുന്ന രീതിയിലാണ് ഗാന്ധിസദനം തയാറാക്കുക.വിദ്യാര്‍ഥികള്‍ക്ക് സ്വാതന്ത്ര്യ സമരത്തിന്റെ ചരിത്രവും മഹാത്മാഗാന്ധിയുടെ ചരിത്രവും പഠിക്കാന്‍ സാധിക്കുന്ന രീതിയിലുള്ള മ്യൂസിയവും, ഗാന്ധിയുടെ അനുസ്മരണ സന്ദേശങ്ങളും, ശബ്ദസന്ദേശവും ജീവിതവും ഉള്‍പ്പെടുത്തിയുള്ള ഓഡിയോ സന്ദേശങ്ങളും, വീഡിയോകളും ഉള്‍പ്പെടുത്തി സ്മാരകം ഒരുക്കാനാണ് അധികൃതര്‍ തയാറെടുക്കുന്നത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close