ഗെയിലും മന്ദീപും തിളങ്ങി,പഞ്ചാബിന് എ്ട്ട് വിക്കറ്റ് ജയം

ഷാര്‍ജ:കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ കിംഗ്സ് ഇലവന് പഞ്ചാബിന് 8 വിക്കറ്റ് ജയം. 150 റണ്‍സിന്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ പഞ്ചാബ് 18.5 ഓവറില്‍ 2 വിക്കറ്റ് നഷ്ടപ്പെടുത്തിയാണ് വിജയിച്ചത്. രണ്ടാം വിക്കറ്റില്‍ മന്ദീപ് സിംഗും ക്രിസ് ഗെയിലും ചേര്‍ന്ന് കൂട്ടിച്ചേര്‍ത്ത റണ്‍സാണ് പഞ്ചാബിന് അനായാസ ജയം സമ്മാനിച്ചത്. 66 റണ്‍സെടുത്ത് പുറത്താവാതെ നിന്ന മന്ദീപ് സിംഗാണ് പഞ്ചാബിന്റെ ടോപ്പ് സ്കോറര്‍. ക്രിസ് ഗെയില്‍ 51 റണ്‍സ് നേടി. പഞ്ചാബിന്റെ തുടര്‍ച്ചയായ അഞ്ചാം ജയമാണ് ഇത്. ജയത്തോടെ പഞ്ചാബ് കൊല്‍ക്കത്തയെ മറികടന്ന് നാലാം സ്ഥാനത്ത് എത്തി.
സൂക്ഷിച്ചാണ് പഞ്ചാബ് തുടങ്ങിയത്. ചെറിയ ടോട്ടല്‍ ആണെന്ന ബോധം ഉള്ളില്‍ വെച്ച് റിസ്കുകള്‍ എടുക്കാതെ മന്ദീപ്-രാഹുല്‍ സഖ്യം ഇന്നിംഗ്സ് മുന്നോട്ട് കൊണ്ടുപോയി. നന്നായി പന്തെറിഞ്ഞ കൊല്‍ക്കത്ത ബൗളര്‍മാരും പഞ്ചാബിനെ പിടിച്ചുനിര്‍ത്തി. എട്ടാം ഓവറിലാണ് ഓപ്പണിംഗ് കൂട്ടുകെട്ട് വേര്‍പിരിയുന്നത്. 28 റണ്‍സ് നേടിയ ലോകേഷ് രാഹുലിനെ വിക്കറ്റിനു മുന്നില്‍ കുടുക്കിയ വരുണ്‍ ചക്രവര്‍ത്തി കൊല്‍ക്കത്തയ്ക്ക് ആദ്യ ബ്രേക്ക്ത്രൂ നല്കി. 8 ഓവര്‍ അവസാനിക്കുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 47 എന്നതായിരുന്നു അപ്പോഴത്തെ സ്കോര്‍.
മൂന്നാം നമ്പറിലെത്തിയ ക്രിസ് ഗെയിലാണ് കൊല്‍ക്കത്തയെ തകര്‍ത്തത്. ഷാര്‍ജയിലെ ചെറിയ ബൗണ്ടറികള്‍ മുതലെടുത്ത് അനായാസം ബൗണ്ടറി ക്ലിയര്‍ ചെയ്ത ഗെയിലിനൊപ്പം മന്ദീപും മെല്ലെ ചില മികച്ച ഷോട്ടുകളിലൂടെ സ്കോര്‍ ഉയര്‍ത്താന്‍ തുടങ്ങി. സ്പിന്നര്‍മാരെയും പേസര്‍മാരെയും നിലത്തു നിര്‍ത്താതെ പ്രഹരിച്ച ഗെയില്‍ കൊല്‍ക്കത്തയെ മത്സരത്തില്‍ നിന്ന് അനായാസം തുരത്തി.
49 പന്തുകളില്‍ മന്ദീപും 25 പന്തുകളില്‍ ഗെയിലും ഫിഫ്റ്റി തികച്ചു. ഇരുവരും ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ 100 റണ്‍സിന്റെ കൂട്ടുകെട്ടുയര്‍ത്തി. വിജയിക്കാന്‍ 3 റണ്‍സ് മാത്രമുള്ളപ്പോള്‍ ക്രിസ് ഗെയില്‍ ലോക്കി ഫെര്‍ഗൂസനു വിക്കറ്റ് സമ്മാനിച്ച് മടങ്ങിയതോടെയാണ് ഈ കൂട്ടുകെട്ട് പൊളിഞ്ഞത്. 29 പന്തുകളില്‍ 51 റണ്‍സ് നേടിയ ഗെയിലിനെ പ്രസിദ്ധ് കൃഷ്ണ പിടികൂടുകയായിരുന്നു. പിന്നീട് പൂരാനും മന്ദീപും ചേര്‍ന്ന് മറ്റ് നഷ്ടങ്ങളില്ലാതെ പഞ്ചാബിനെ വിജയിപ്പിക്കുകയായിരുന്നു.