INSIGHTKERALANEWS

ഗ്രൂപ്പ് രാഷ്ട്രീയത്തില്‍ നീറി പുകയുന്ന ബി.ജെ.പി.ക്കു കനത്ത പ്രഹരമായി നിയമസഭയിലെ ഏക എം എല്‍ എ യുടെ അപ്രതീക്ഷിത നീക്കം,സമൂഹമാധ്യമങ്ങളില്‍ ബി ജെ പി പ്രവര്‍ത്തകരുടെ പൊങ്കാല

പ്രസാദ് നാരായണന്‍

തിരുവനന്തപുരം: ശക്തമായ കര്‍ഷക സമരത്തില്‍ പ്രതിരോധത്തിലായ ബി.ജെ.പിക്കും കേന്ദ്ര സര്‍ക്കാരിനും ഓര്‍ക്കാപ്പുറത്ത് ലഭിച്ച അടിയായി മാറി പാര്‍ട്ടിയുടെ കേരളത്തിലെ ഏക എം.എല്‍.എ ആയ ഒ.രാജഗോപാലിന്റെ കാര്‍ഷികനിയമത്തിനെതിരായ നിലപാട്. കര്‍ഷക നിയമത്തിനെതിരായി സഭ വിളിച്ചുകൂട്ടി പ്രമേയം പാസ്സാക്കാന്‍ സര്‍ക്കാര്‍ ആലോചിച്ചപ്പോള്‍ തന്നെ ബി.ജെ.പി.കേന്ദ്രങ്ങള്‍ ഇതിനെതിരായി ഉണര്‍ന്നു. തുടര്‍ന്ന് കീഴ് വഴക്കങ്ങള്‍ ലംഘിച്ചുകൊണ്ട് ഗവര്‍ണര്‍ പ്രത്യേക നിയമസഭാ സമ്മേളനത്തിന് അനുവാദം നിഷേധിച്ചു. ഇത് സര്‍ക്കാരിനെ ആശങ്കപ്പെടുത്തിയെങ്കിലും പിന്നോക്കം പോകാന്‍ ഇടതുമുന്നണി തയ്യാറായില്ല. പരസ്യമായി പ്രതിഷേധിച്ചപ്പോഴും രഹസ്യമായി ഗവര്‍ണറുമായി സന്ധി ചെയ്യാന്‍ ക്രിസ്മസ് ആശംസയും സമ്മാനവുമായി കൃഷി മന്ത്രിയും നിയമമന്ത്രിയും രാജ്ഭവന്‍ കയറി. ഒടുവില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മണ്ട് ഖാന്‍ പ്രത്യേക നിയമസഭാ സമ്മേളനത്തിന് അനുവാദം നല്കുകയും ചെയ്തു .
സഭ സമ്മേളനത്തിന് മുമ്പേ തന്നെ എല്‍.ഡി.എഫ് അംഗങ്ങളും യു.ഡി.എഫ് അംഗങ്ങളും കാര്‍ഷിക നിയമത്തെ എതിര്‍ക്കുമെന്നും, ബി.ജെ.പി. യുടെ ഏക എം.എല്‍.എ ഒ രാജഗോപാല്‍ കേന്ദ്ര നയങ്ങള്‍ക്കൊപ്പം നിയമത്തെ അനുകൂലിക്കുമെന്നുമാണ് ഏവരും കണക്ക് കൂട്ടിയത്. എന്നാല്‍ അതിനു വിപരീതമായി രാജഗോപാല്‍ കാര്‍ഷിക നിയമത്തിനെതിരായ പ്രമേയത്തെ എതിര്‍ത്തില്ലെന്നു മാത്രമല്ല അനുകൂലനിലപാടെടുത്തതോടെ അത് സംസ്ഥനത്തെ ബി.ജെ.പി. രാഷ്ട്രീയത്തില്‍ വലിയ പ്രതിസന്ധിയാണ് ഉണ്ടാക്കിയിരിക്കുന്നത്.

ബിജെപി ഗ്രൂപ്പ് തര്‍ക്കങ്ങളുടെ ബാക്കിപത്രം

ഗ്രൂപ്പ് തര്‍ക്കങ്ങള്‍ക്കൊടുവില്‍ മുരളീധരപക്ഷത്തിലെ കെ. സുരേന്ദ്രന്‍ സംസ്ഥാന പ്രസിഡന്റായി വരുമ്പോള്‍ അത് ബി.ജെ.പി.ക്ക് ഗുണമാകും എന്നാണ് ഏവരും പ്രതീക്ഷിച്ചത് .എന്നാല്‍ മുതിര്‍ന്ന നേതാക്കളായ പി.എം.വേലായുധനും ശോഭാ സുരേന്ദ്രനും സംസ്ഥാന നേതൃത്വത്തിനെതിരെ പരസ്യമായി പ്രതികരിച്ചതോടെ സുരേന്ദ്രന്റെ വരവോടെ ശമിച്ചു എന്നു കരുതിയ ഗ്രൂപ്പ് പോര് ഉച്ചസ്ഥായിയിലായി.ഈ പക്ഷത്തേക്ക് ഒ.രാജഗോപാല്‍ കൂടി കടന്നുവരുന്നതാണ് ഇന്നത്തെ നിയമസഭാ സമ്മേളനത്തോടെ വ്യക്തമാകുന്നത്. താന്‍ ജനങ്ങള്‍ക്കൊപ്പം നില്‍ക്കാന്‍ ആഗ്രഹിക്കുന്നുവെന്ന സന്ദേശം കൂടിയാണ് രാജേട്ടന്‍ മുന്നോട്ട് വയ്ക്കുന്നത്. ജനഹിതം ഇതാണ് പിന്നെ താനെന്തിന് മറുത്തു നില്‍ക്കുന്നു, ഇതല്ലേ ജനാധിപത്യത്തില്‍ വേണ്ടത് എന്നാണ് സമ്മേളനാന്തരം പി.ആര്‍ഡി.യുടെ മീഡിയറൂമില്‍ പത്രക്കാരെ കണ്ട അദ്ദേഹം വിശദീകരിച്ചത്.

നേമം സീറ്റും, സ്ഥാനാര്‍ഥി മോഹികളും

നേമം നിയോജക മണ്ഡലത്തില്‍ ഒരു തവണ കൂടി മല്‍സരിക്കാന്‍ തല്‍പ്പര്യപ്പെടുന്ന പാര്‍ട്ടിക്കാരുടെ രാജേട്ടന് നേതൃത്വം അതിനു വഴങ്ങില്ലെന്ന് ഇതിനോടകം വ്യക്തമായി കഴിഞ്ഞു. അതിന്റെ സൂചയനയാണ് പാര്‍ട്ടി അവിശ്യപ്പെട്ടാല്‍ താന്‍ ഇനിയും മല്‍സരിക്കാന്‍ തയ്യാറാണെന്ന് മുന്‍ കേന്ദ്രമന്ത്രി കൂടിയായ രാജഗോപാല്‍ കഴിഞ്ഞയാഴ്ച വ്യക്തമാക്കിയത്. എന്നാല്‍ നേതൃത്വം ആ സീറ്റ് സുരേഷ് ഗോപിക്കയി മാറ്റിവയ്ക്കും എന്ന വ്യക്തമായ സൂചനയാണ് പുറത്തു വരുന്നത്. ഈ സാഹചര്യത്തിലാണ് പാര്‍ട്ടിയെ കൈവിട്ട് ജനപക്ഷ തീരുമാനവുമായി രാജേട്ടന്‍ മുന്നോട്ട് വന്നത്. ഈ പ്രതിസന്ധി പാര്‍ട്ടിയെ വലിയ വിഷമത്തിലാക്കി.

കേരളത്തിലെ ഏറ്റവും ജനസമ്മതിയുള്ള നേതാവിനെതിരെ നടപടിയെടുത്തല്‍ അത് വരുന്ന പൊതുതെരെഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് ക്ഷീണമുണ്ടാക്കും. നടപടിയെടുക്കാതിരുന്നല്‍ അച്ചടക്കമുള്ള പാര്‍ട്ടിയെന്ന പേര് നഷ്ടപ്പെടുകയും ചെയ്യും . പാര്‍ട്ടി നടപടിയെടുത്താല്‍ രാജേട്ടന്‍ പാര്‍ട്ടി വിട്ടു സ്വതന്ത്രനായി നേമത്ത് മല്‍സരിക്കും. അങ്ങനെ വന്നാല്‍ ബി.ജെ.പി.യെ പരാജയപ്പെടുത്താന്‍ സി.പി.എം രാജേട്ടനെ അവിടെ തുണയ്ക്കും. നിലവിലെ ഏക സീറ്റു കൈവിട്ടല്‍ അത് കെ.സുരേന്ദ്രനും ബി.ജെ.പിക്കും കനത്ത രാഷ്ട്രീയ നഷ്ടമാകും .ഇത് മറ്റ് മണ്ഡലങ്ങളിലെ ബി.ജെ.പി.യുടെ സാധ്യതയെ ബാധിക്കുകയും ചെയ്യും.

സാമൂഹിക മാധ്യമങ്ങളിലെ പോര്‍വിളി

രാജേട്ടന്റെ ഇന്നത്തെ അപ്രതീക്ഷിത നീക്കത്തിലൂടെ ബി.ജെ.പി.അണികള്‍ വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. ഒരു പക്ഷത്തിന് ഇത് വലിയ ആഘാതം സൃഷ്ടിക്കുമ്പോള്‍ മറ്റൊരു പക്ഷം സാമൂഹിക മാധ്യമങ്ങളില്‍ രാജേട്ടെനെതിരെ നടപടിക്കായി മുറവിളി കൂട്ടുകയാണ്. എത്ര ഫലമുള്ള മരമായലൂം പുരക്ക് മേലെ ചാഞ്ഞാല്‍ അത് മുറിച്ച് കളയണം എന്നു പരസ്യമായി ബി.ജെ.പി. അണികള്‍ അവശ്യപ്പെടുന്നു. സ്പീക്കര്‍ക്കെതിരേ നടപടിയാവശ്യപ്പെട്ടുകൊണ്ട് കഴിഞ്ഞ നിയമസഭാസമ്മേളനത്തിലും നിര്‍ണായകനിമിഷത്തില്‍ ഒ രാജഗോപാല്‍ സി.പി.എമ്മിനെ അനുകൂലിക്കുന്നതും സ്പീക്കറെ പിന്തുണയ്ക്കുന്നതുമായ സമീപനമാണ് കൈക്കൊണ്ടത്. അന്നേ പാര്‍ട്ടി അണികളില്‍ രാജഗോപാലിന്റെ ചോരയ്ക്കായി മുറവിളി തുടങ്ങിയതാണ്. അന്നൊക്കെ മുതിര്‍ന്ന നേതാവല്ലേ, സഭയുടെ സാങ്കേതികതയല്ലേ എന്നൊക്കെ പറഞ്ഞാണ് നേതൃത്വം സമാധാനിച്ചത്. എന്നാലിപ്പോള്‍ എല്ലാം കൈവിട്ട അവസ്ഥയാണ്. ഈ ബാധ്യത ഇനിയും ചുമക്കണോ എന്നു ആലോചിക്കേണ്ട സമയമായി എന്നു ചില പ്രവര്‍ത്തകര്‍ അവശ്യപ്പെടുന്നു. രാജേട്ടന്റെ നിലപാട് ദേശീയ മാധ്യമങ്ങള്‍ക്കു വരെ പ്രധാനതലക്കെട്ടായി. കര്‍ഷകസമരനേതാക്കള്‍ വരെ അതേറ്റെടുക്കുകയും ചെയ്തു. ഏതായാലും ഒ. രാജഗോപാലിന്റെ ഇന്നത്തെ നിലപാടോടെ തദ്ദേശ തെരെഞ്ഞെടുപ്പില്‍ ബി.ജെ.പി. ഉണ്ടാക്കിയ മുന്നേറ്റത്തിനുമേല്‍ വീണ കരിനിഴലില്‍ നിന്ന് കരകയറാന്‍ സംസ്ഥാന നേതൃത്വത്തിന് ഇമ്മിണി പണിയെടുക്കേണ്ടിവരും.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close