Breaking NewsKERALANEWSTop News

ഗർഭിണിയായ യുവതിയെയും പിതാവിനെയും ക്രൂരമായി മർദ്ദിച്ചത് സ്ത്രീധനം കൂടുതൽ ആവശ്യപ്പെട്ട്; ഭർത്താവ് ഉൾപ്പെടെ അഞ്ചുപേർക്കെതിരെ കേസെടുത്ത് പൊലീസ്; ജൗഹർ ഒളിവിലെന്നും വിശദീകരണം

കൊച്ചി: ഗർഭിണിയായ യുവതിയെയും പിതാവിനെയും മർദ്ദിച്ച സംഭവത്തിൽ അഞ്ച് പേർക്കെതിരേ പോലീസ് കേസെടുത്തു. സ്ത്രീധനം ആവശ്യപ്പെട്ട് യുവതിയെ മർദ്ദിച്ച ഭർത്താവ് ജൗഹർ, ഭർതൃമാതാവ് സുബൈദ, രണ്ട് സഹോദരിമാർ, ജൗഹറിന്റെ സുഹൃത്ത് എന്നിവർക്കെതിരെയാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. വനിത കമ്മീഷനും പോലീസിൽനിന്ന് റിപ്പോർട്ട് തേടിയിട്ടുണ്ട്. അതേസമയം, കേസിലെ മുഖ്യപ്രതിയായ ജൗഹർ ഒളിവിൽപോയിരിക്കുകയാണെന്നാണ് പോലീസ് നൽകുന്നവിവരം

കഴിഞ്ഞദിവസമാണ് ആലുവ ആലങ്ങോട് ഗർഭിണിയായ യുവതിക്കും പിതാവിനും മർദനമേറ്റതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നത്. അഞ്ച് മാസം ഗർഭിണിയായ യുവതിയെ കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ട് ഭർത്താവ് ജൗഹർ മർദിക്കുകയായിരുന്നു. ഇത് തടയാൻ ശ്രമിച്ച യുവതിയുടെ പിതാവിനും മർദനത്തിൽ പരിക്കേറ്റു. ഇരുവരും പിന്നീട് ആശുപത്രിയിൽ ചികിത്സ തേടി. ഇതിനുപിന്നാലെയാണ് ഭർത്താവ് ഉൾപ്പെടെ അഞ്ച് പേർക്കെതിരേ ഗാർഹിക പീഡനത്തിനും യുവതിയെ മർദിച്ചതിനും പോലീസ് കേസെടുത്തത്.

കഴിഞ്ഞ ഒക്ടോബറിലാണ് യുവതിയും ജൗഹറും വിവാഹിതരായത്. ഇതിനുശേഷം കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ട് ജൗഹർ നിരന്തരം മർദിച്ചിരുന്നതായാണ് യുവതിയുടെ കുടുംബത്തിന്റെ ആരോപണം. ഗർഭിണിയായിട്ടും മർദനം തുടർന്നു. കഴിഞ്ഞദിവസം യുവതിയെ മതിലിൽ ചാരിനിർത്തി ചവിട്ടിയെന്നും ഇത് തടയാൻ ശ്രമിച്ചതിനാണ് തന്നെ മർദിച്ചതെന്നും യുവതിയുടെ പിതാവ് പറഞ്ഞു.

ഏഴ് മാസം മുന്‍പായിരുന്നു ജൗഹറുമായുള്ള യുവതിയുടെ വിവാഹം. പത്ത് ലക്ഷം രൂപയാണ് സ്ത്രീധനമായി കുടുംബം നല്‍കിയത്. ഇതില്‍ രണ്ട് ലക്ഷം രൂപ സ്വര്‍ണമായും എട്ട് ലക്ഷം രൂപ പണമായുമാണ് നല്‍കി. ഈ പണം ഉപയോഗിച്ച് ജൗഹര്‍ വീടുവാങ്ങി. മാസങ്ങള്‍ കഴിഞ്ഞതോടെ ഇയാള്‍ വീട് വില്‍ക്കാന്‍ ശ്രമം നടത്തി. ഇക്കാര്യം യുവതി പിതാവിനെ അറിയിച്ചു. ഇക്കാര്യം ചോദിക്കാന്‍ യുവതിയുടെ പിതാവ് സലീം, ജൗഹറിന്റെ വീട്ടിലെത്തി. വീട് വില്‍ക്കാന്‍ അനുവദിക്കണമെന്നും അല്ലെങ്കില്‍ കൂടുതല്‍ പണം നല്‍കണമെന്നുമായിരുന്നു ജൗഹര്‍ ആവശ്യപ്പെട്ടത്. എന്നാല്‍ സലീം ഇതിന് തയ്യാറായില്ല. ഇതേ തുടര്‍ന്നാണ് സലീമിനെ മര്‍ദ്ദിച്ചത്. പിതാവിനെ മര്‍ദിക്കുന്നത് കണ്ട് എത്തിയ നൗലത്തിനെ ജൗഹര്‍ അടിവയറ്റില്‍ തൊഴിച്ചു വീഴ്ത്തി. ഗുരുതരമായി പരുക്കേറ്റ യുവതി ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്‌.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close