KERALANEWSTop News

ഘടക കക്ഷികൾക്ക് രണ്ട് ടേമുകളായി മന്ത്രി സ്ഥാനം നൽകാൻ ധാരണ;ആദ്യ ടേമിൽ ആന്റണി രാജുവിനും അഹമ്മദ് ദേവർകോവിലും മന്ത്രിമാരാകും; ഗണേഷ് കുമാറിനും രാമചന്ദ്രൻ കടന്നപ്പള്ളിയ്ക്കും രണ്ടാം ഘട്ട അവസരം

തിരുവനന്തപുരം: ഒറ്റ അംഗങ്ങളുള്ള ഘടക കക്ഷികൾക്ക് രണ്ട് ടേമുകളായി മന്ത്രി സ്ഥാനം നൽകാൻ ധാരണ. ആദ്യ ഘട്ടത്തിൽ ജനാധിപത്യ കേരള കോൺഗ്രസിന്റെ എം.എൽ.എ ആയ ആന്റണി രാജുവും, കോഴിക്കോട് സൗത്തിൽ നിന്ന് അട്ടിമറി വിജയം കാഴ്ചവെച്ച ഐ.എൻ.എല്ലിന്റെ എം.എൽ.എ അഹമ്മദ് ദേവർകോവിലും മന്ത്രിമാരാകും. ഗണേഷ് കുമാറിനേയും രാമചന്ദ്രൻ കടന്നപ്പള്ളിയേയും രണ്ടാം ഘട്ടത്തിലേക്കാണ് പരിഗണിക്കുന്നത്.തിരുവനന്തപുരത്ത് നിന്ന് വി.എസ് ശിവകുമാറിനെ അട്ടിമറിച്ചാണ് ആന്റണി രാജു ജയിച്ചതും ഇപ്പോൾ മന്ത്രിസ്ഥാനത്തേക്ക് എത്തുന്നതും.

പാർട്ടിയിൽ നിന്ന് പലരും യു.ഡി.എഫിലേക്ക് പോയപ്പോൾ ഇടതിനൊപ്പം ഉറച്ച് നിന്നതിന്റെ അംഗീകാരമാണ് ഇപ്പോൾ തനിക്ക് ലഭിച്ചതെന്ന് ആന്റണി രാജു പ്രതികരിച്ചു. തന്റെ മനസ്സ് എന്നും ഇടതിനൊപ്പമായിരുന്നുവെന്നും പാർട്ടിയെ പരിഗണിച്ചതിൽ ഏറെ സന്തോഷമുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു.കോഴിക്കോട് സൗത്തിൽ നിന്ന് യു.ഡി.എഫ് സ്ഥാനാർഥി നൂർബിന റഷീദിനെ അട്ടിമറിച്ചാണ് ഐ.എൻ.എൽ എൽ.എൽ.എ അഹമ്മദ് ദേവർകോവിൽ ജയിച്ച്‌ മന്ത്രിസ്ഥാനത്തേക്കെത്തുന്നത്. ഇതും ഇരുപത്തിയഞ്ച് വർഷത്തോളമായുള്ള ഐ.എൻ.എല്ലിന്റെ കാത്തിരിപ്പിന്റെ ഫലമാണ്.

എൽഡിഎഫ്‌ സർക്കാരിന്റെ പുതിയ മന്ത്രിസഭയിൽ 21 മന്ത്രിമാർ ഉണ്ടാകുമെന്നും മന്ത്രിമാരുടെ വകുപ്പുകൾ മുഖ്യമന്ത്രി തീരുമാനിക്കുമെന്നും എൽഡിഎഫ്‌ കൺവീനർ എ വിജയരാഘവൻ പറഞ്ഞു. എല്ലാ ജനവിഭാഗങ്ങളുടേയും പിന്തുണയിലാണ്‌ എൽഡിഎഫ്‌ സർക്കാർ വീണ്ടും അധികാരത്തിൽ എത്തിയത്‌. അതിനാൽ എല്ലാ ജനവിഭാഗങ്ങളുടേയും പ്രാതിനിധ്യം ഉറപ്പിക്കുന്ന സർക്കാരാണ്‌ രൂപീകരിക്കുക.

സിപിഐ എമ്മിന്‌ ‐ 12 , സിപിഐക്ക്‌ ‐ 4 , കേരള കോൺഗ്രസ്‌ എം‐ 1. ജനതാദൾ എസ്‌ ‐1. എൻസിപി‐ 1. എന്നിങ്ങനെയും രണ്ട്‌ സ്‌ഥാനങ്ങളിൽ ഘടകകക്ഷികൾ രണ്ടരവർഷം വീതം മന്ത്രിസ്‌ഥാനം പങ്കിടുകയുമാണ്‌ ചെയ്യുക. ജനാധിപത്യ കേരള കോൺഗ്രസും ഐഎൻഎലും ആദ്യ ഘട്ടത്തിലും തുടർന്ന്‌ കേരള കോൺഗ്രസ്‌ ബി, കോൺഗ്രസ്‌ എസ്‌ എന്നിങ്ങനെയും മന്ത്രിസ്‌ഥാനം പങ്കിടും. സ്‌പീക്കർ സ്‌ഥാനം സിപിഐ എമ്മിനും ഡെപ്യൂട്ടി സ്‌പീക്കർ സിപിഐക്കുമാണ്‌. ചീഫ്‌ വിപ്പ്‌ കേരള കോൺഗ്രസ്‌ എമ്മിനാണ്‌.

സത്യപ്രതിജ്ഞ വലിയ ആൾക്കൂട്ടം ഒഴിവാക്കി 20 ന്‌ സംഘടിപ്പിക്കും. ‌18 ന്‌ വൈകിട്ട്‌ പാർലമെൻറി പാർടിയോഗം ചേർന്ന്‌ പുതിയ എൽഡിഎഫ്‌ നിയമസഭാ കക്ഷി നേതാവിനെ തിരഞ്ഞെടുക്കും. തുടർന്ന്‌ സത്യപ്രതിജ്ഞക്കുള്ള ഔദ്യോഗിക കാര്യങ്ങൾ ഗവർണറുമായി സംസാരിക്കുമെന്നും വിജയരാഘവൻ അറിയിച്ചു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close