KERALANEWS

ചടയമംഗലം പോലീസ് മര്‍ദ്ദനത്തെക്കുറിച്ച് രാമാനന്ദന്‍ പറയുന്നു

കൊല്ലം: ചടയമംഗലം മഞ്ഞപ്പാറയില്‍ ഹെല്‍മറ്റ് ധരിക്കാത്തതിന് പ്രൊബേഷന്‍ എസ്‌ഐ എം ഷജീം നടുറോഡില്‍ ക്രൂരമായി മര്‍ദിച്ച രാമാനന്ദന്‍ നായരുടെ വാക്കുകളില്‍ ഇപ്പോഴും ഇടര്‍ച്ച മാറിയിട്ടില്ല. ഉപദ്രവിക്കരുതെന്ന് പറഞ്ഞിട്ടും രോഗിയാണെന്ന് ആവര്‍ത്തിച്ചിട്ടും പോലീസിന്റെ മര്‍ദ്ദനത്തിനിരയായ രാമാനന്ദന്‍ മനസ്സു തുറക്കുന്നു :

‘രാവിലെ കൂലിപ്പണിക്ക് പോകാന്‍ ഇറങ്ങിയതാണ്. കൂടെ പണിക്ക് വരുന്ന പൊടിമോന്റെ സ്‌കൂട്ടിയുടെ പിറകിലിരുന്നാണ് പോയത്. മഞ്ഞപ്പാറ ജംഗ്ഷന്‍ കഴിഞ്ഞപ്പോള്‍ എതിരെ പോലീസ് ജീപ്പ് വന്നു. കൈ കാണിച്ചോള്‍ സ്‌കൂട്ടര്‍ നിറുത്തി. ഇറങ്ങി ചെന്നപ്പോള്‍ ഹെല്‍മറ്റ് വെക്കാത്തതിന് രണ്ട് പേരും 500 രൂപ വീതം അടയ്ക്കാന്‍ പറഞ്ഞു. പണിക്ക് പോവുകയാണ് പൈസ ഇല്ലെന്നും കോടതിയില്‍ അടയ്ക്കാമെന്നും പറഞ്ഞു. അത് പറ്റില്ലെന്നും മൊബൈല്‍ ഫോണ്‍ നല്‍കാനും എസ്‌ഐ പറഞ്ഞു. ഫോണ്‍ തരില്ലെന്ന് പറഞ്ഞപ്പോഴാണ് പിടിച്ച് ജീപ്പില്‍ കയറ്റാന്‍ ശ്രമിച്ചതും അടിച്ചതും.ഉപദ്രവിക്കരുതെന്ന് പറഞ്ഞതാണ്. എന്നിട്ടും അടിച്ചു. അടി കിട്ടിയപ്പോള്‍ തലയില്‍ പെരുപ്പ് പോലെയായി. അതിനിടെയിലാണ് പിടിച്ച് വലിച്ച് ജീപ്പിലേക്ക് എറിഞ്ഞത്. ആശുപത്രിയില്‍ കൊണ്ടുപോകാന്‍ നിലവിളിച്ച് പറഞ്ഞിട്ടും പോലീസ് കേട്ടില്ല. ഒടുവില്‍ ജീപ്പില്‍ നിന്ന് പുറത്തിറങ്ങുകയായിരുന്നു. കൂടെ ഉണ്ടായിരുന്ന പൊടിമോനെ ജീപ്പില്‍ സ്റ്റേഷനിലേക്ക് കൊണ്ടുപോയി. സമീപത്ത് ഓടിക്കൂടിയ നാട്ടുകാരാണ് എന്നെ സമീപത്തെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലും പിന്നീട് കടയ്കക്കല്‍ താലൂക്ക് ആശുപത്രിയിലുമെത്തിച്ചത്. പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസെത്തി എന്റെ മൊഴി രേഖപ്പെടുത്തിയിരുന്നു.’

സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി ബി വിനോദ് നടത്തുന്ന അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് വൈകാതെ ജില്ലാ പോലീസ് മേധാവിക്ക് കൈമാറുമെന്നും നിലവില്‍ കെഐപി അഞ്ചാം ബറ്റാലിയനില്‍ കഠിന പരിശീലനത്തിന് നിയോഗിച്ച ഷജീമിനെതിരെ കൂടുതല്‍ വകുപ്പ് തല നടപടി ഉണ്ടാകുമെന്നും അധികൃതര്‍ അറിയിച്ചു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close