
തിരുവനന്തപുരം: മുഖ്യമന്ത്രിയിലേക്ക് കൂടുതല്‍ ഭരണാധികാരം കേന്ദ്രീകരിച്ചും മന്ത്രിമാരുടെ അധികാരം ലഘൂകരിച്ചും ചട്ടങ്ങള്‍ പരിഷ്കരിക്കാനൊരുങ്ങി സര്‍ക്കാര്‍ . മുഖ്യമന്ത്രിക്കും വകുപ്പ് സെക്രട്ടറിമാര്‍ക്കും കൂടുതല്‍ അധികാരം ലഭിക്കുംവിധം ഭരണസമ്പ്രദായത്തില്‍ മാറ്റം വരുത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. പുതിയ നിയമം പ്രാബല്യത്തില്‍ വരുന്നതോടെ മുഖ്യമന്ത്രിക്ക് ഒറ്റയ്ക്ക് തീരുമാനങ്ങളെടുക്കാനും മന്ത്രിമാരില്‍ക്കൂടിയല്ലാതെ വകുപ്പ് സെക്രട്ടറിമാര്‍ക്ക് നേരിട്ട് നിര്‍ദേശം നല്‍കാനും കഴിയും.നിര്‍ദേശങ്ങളടങ്ങുന്ന പൊതുഭരണവകുപ്പിന്റെ കരട് റിപ്പോര്‍ട്ട് മന്ത്രിസഭാ ഉപസമിതിയുടെ പരിഗണനയിലാണ്.
ഇപ്പോഴുള്ള വ്യവസ്ഥപ്രകാരം ഒരു വകുപ്പിന്റെ ചുമതല ആ വകുപ്പിന്റെ മന്ത്രിക്കാണ് .എന്നാല്‍,മന്ത്രിക്കൊപ്പം പ്രാഥമിക ചുമതലയിലേക്ക് വകുപ്പ് സെക്രട്ടറിയെക്കൂടി ഉള്‍പ്പെടുത്താനാണ് പുതിയ ശുപാര്‍ശ. സെക്രട്ടറിക്ക് ഇങ്ങനെ ലഭിക്കുന്ന അധികാരത്തിലൂടെ വേണമെങ്കില്‍ ബന്ധപ്പെട്ട മന്ത്രിയറിയാതെയും ഫയല്‍ തീര്‍പ്പാക്കാന്‍ കഴിയും. വകുപ്പ് മന്ത്രി മുഖേനയാണ് നിലവില്‍ ഫയലുകള്‍ മുഖ്യമന്ത്രി വിളിച്ചുവരുത്തുക. പുതിയ ശുപാര്‍ശയില്‍ മുഖ്യമന്ത്രിക്ക് സ്വന്തം ഇഷ്ടപ്രകാരം ഏതു വകുപ്പിലെയും ഫയലും വിളിച്ചുവരുത്തി തീരുമാനമെടുക്കാം. വകുപ്പ് മന്ത്രിയുടെ അഭിപ്രായം അറിയുകയോ, കൂടിയാലോചിക്കുകയോ വേണമെന്നില്ല.
ഇതിന് പുറമേ മൂന്നാം ഷെഡ്യൂള്‍കൂടി നിലവില്‍വരും. മൂന്നാം ഷെഡ്യൂള്‍ മുഖ്യമന്ത്രിയുടെ ഉത്തരവനുസരിച്ച് ചീഫ് സെക്രട്ടറിക്ക് അപ്പപ്പോള്‍ ഭേദഗതി ചെയ്യാന്‍ കഴിയുന്നതാണ്. ഗവര്‍ണറുടെ അംഗീകാരത്തോടെയാണ് ഷെഡ്യൂളിലും മാറ്റം വരുത്തുന്നത്. ഈ വിഭാഗത്തില്‍പ്പെടുന്ന കാര്യങ്ങളില്‍ തീരുമാനം വകുപ്പ് സെക്രട്ടറിക്ക് എടുക്കാം, മന്ത്രിയറിയണമെന്നില്ല.പി.എസ്.സി. ഉള്‍പ്പെടെ സമാന സ്വഭാവമുള്ള സ്ഥാപനങ്ങള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ ഏജന്‍സികള്‍ എന്നിവയിലെ ചെയര്മാന്, ഡയറക്ടര്‍, ചീഫ് എക്സിക്യുട്ടീവ് ഓഫീസര്‍ എന്നിവരുടെ നിയമനം മുഖ്യമന്ത്രിക്ക് നടത്താം. സെക്രട്ടറിയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ നിയമന ഫയല്‍ മന്ത്രിസഭയില്‍ വേണമെങ്കില്‍ വെക്കാമെന്നല്ലാതെ നിര്‍ബന്ധമില്ല.പി.എസ്.സി.ക്കും സ്റ്റാറ്റിയൂട്ടറി ഏജന്‍സികള്‍ക്കും റഫര്‍ ചെയ്യുന്ന കേസുകളും ക്ലാസ് ത്രീ, ക്ലാസ് ഫോര്‍, ഡെപ്യൂട്ടേഷന് നിയമനം, ജീവനക്കാരുടെ അച്ചടക്ക നടപടി തീര്‍പ്പാക്കല്‍ എന്നിവയൊക്കെ സെക്രട്ടറിതലത്തില്‍ തീര്‍പ്പാക്കാം. പ്രധാനപ്പെട്ട കാര്യങ്ങള്‍ സെക്രട്ടറിക്ക് തീരുമാനിക്കാം. വളരെ പ്രധാനപ്പെട്ട കാര്യങ്ങള്‍ മന്ത്രിക്ക് അയക്കണമെന്ന് വ്യവസ്ഥ ചെയ്തിട്ടുണ്ടെങ്കിലും വളരെ പ്രധാനപ്പെട്ടത് എന്താണെന്ന് വ്യവസ്ഥചെയ്തിട്ടില്ല.
മന്ത്രിസഭായോഗ തീരുമാനം പുനഃപരിശോധിക്കുന്നതിന് വകുപ്പ് സെക്രട്ടറി, ചീഫ് സെക്രട്ടറി എന്നിവര്‍ മുഖേന മുഖ്യമന്ത്രിക്ക് ഫയല്‍ നല്‍കണമെന്നാണ് പുതിയ നിര്‍ദേശം. ക്രമസമാധാനപ്രശ്നങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളും സെക്രട്ടറി തലത്തിലാണ് തീരുമാനം. കോടതി ഉത്തരവ് നടപ്പാക്കുന്നതിനുള്ള അധികാരവും സെക്രട്ടറിക്കാണ്. വിദഗ്ധരെ നിയമിക്കുന്ന എക്സ് ഒഫിഷ്യോ സെക്രട്ടറി തസ്തികയും സെക്രട്ടറിമാരുടെ പട്ടികയില്‍ ഉള്‍പ്പെടുത്താനും നിര്‍ദേശമുണ്ട്.