KERALANEWSTop News

ചതിച്ചത് മിസ്ഡ് കോളോ അതോ കെ സുരേന്ദ്രനോ: ബിജെപിയിൽ പടയൊരുക്കം ശക്തം; കള്ള മെമ്പർഷിപ്പ് ചേർത്തെന്ന പഴി പ്രാദേശിക നേതാക്കൾക്കും

തിരുവന്തപുരം: പാർട്ടി അം​ഗങ്ങൾ പോലും ബിജെപി സ്ഥാനാർത്ഥികൾക്ക് വോട്ട് ചെയ്തില്ലെന്ന കണക്കുകൾ പുറത്ത് വന്നതിന് പിന്നാലെ ചതിച്ചത് ആരെന്ന ചോദ്യമുയർത്തി നേതാക്കൾ സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനെതിരായ നീക്കം ശക്തമാക്കുന്നു. മിസ്ഡ് കോളിലൂടെ അം​ഗത്വം നൽകിയത് വഴിയുണ്ടായ തെറ്റായ കണക്കുകളാകാം പാർട്ടി മെമ്പർഷിപ്പും വോട്ട് ഷെയറും തമ്മിലുള്ള കണക്കുകളിലെ അന്തരത്തിന് കാരണമെന്നാണ് സംസ്ഥാന നേതൃത്വം വിലയിരുത്തുന്നത്. എന്നാൽ, കെ സു​രേന്ദ്രന്റെ തെറ്റായ നിലപാടുകൾ പാർട്ടി അണികളെയും പ്രവർത്തകരെയും പാർട്ടിയിൽ നിന്നും അകറ്റി എന്നാണ് സുരേന്ദ്രൻ വിരുദ്ധ ചേരി ആരോപിക്കുന്നത്. കെ സുരേന്ദ്രൻ സംസ്ഥാന പ്രസിഡന്റായതിന് ശേഷം തനിക്ക് അനഭിമതരായ നേതാക്കളെ യാതൊരു പരി​ഗണനയും നൽകാതെ ഒതുക്കി എന്നും ഇത് താഴെ തട്ടിലുള്ള പ്രവർത്തകരെ നിശബദരാകാൻ പ്രേരിപ്പിച്ചു എന്നുമാണ് സുരേന്ദ്രനും കേന്ദ്രമന്ത്രി വി മുരളീധരനും എതിരെ നിൽക്കുന്ന നേതാക്കൾ ചൂണ്ടിക്കാട്ടുന്നത്. പാർട്ടിയുടെ തീപ്പൊരി വനിതാ നേതാവ് ശോഭ സുരേന്ദ്രനോട് പോലും വൈരാ​ഗ്യബുദ്ധിയോടെ പെരുമാറി എന്നാണ് നേതാക്കൾ ആരോപിക്കുന്നത്.

നേതൃമാറ്റം അല്ലാതെ പാർട്ടിയുടെ തിരിച്ച് വരവിന് മറ്റ് മാർ​ഗങ്ങളില്ല എന്നാണ് സുരേന്ദ്രൻ വിരുദ്ധ ചേരി വ്യക്തമാക്കുന്നത്. മുതിർന്ന നേതാക്കളെയും ജനകീയരായ നേതാക്കളെയും വെട്ടിനിരത്തി സ്തുതിപാഠക സംഘങ്ങൾക്ക് പാർട്ടിയിൽ സ്ഥാനമാനങ്ങൾ നൽകുകയായിരുന്നു എന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. നടപടികൾക്ക് ഏറെ വൈകിപ്പോയെന്നും ഇനിയും താമസിച്ചാൽ നേതാക്കൾ മാത്രമാകും പാർട്ടിയിൽ അവശേഷിക്കുക എന്നുമാണ് ഇവർ നൽകുന്ന മുന്നറിയിപ്പ്.

അതേസമയം, മെമ്പർ‌ഷിപ്പ് കാമ്പയിനിലെ പാളിച്ചയാണ് ഇത്തരം കണക്കിന് പിന്നിലെന്നാണ് സുരേന്ദ്രൻ പക്ഷം വാദിക്കുന്നത്. ഓൺലൈൻ വഴിയും മൊബൈൽ മിസ്ഡ് കോളിലൂടെയും അപേക്ഷാഫോറത്തിലൂടെയും അംഗത്വം നേടാൻ കഴിയുന്ന സാഹചര്യം 2019ലാണ് ബിജെപി ഒരുക്കിയത്. സംസ്ഥാനത്തെ മെമ്പർഷിപ്പ് 30 ലക്ഷമാക്കി ഉയർത്തുക എന്നതായിരുന്നു പാർട്ടിയുടെ ലക്ഷ്യം. ഇതിന് പ്രാദേശിക നേതാക്കൾക്ക് ക്വാട്ടയും നിശ്ചയിച്ചിരുന്നു. ഈ ക്വാട്ട പൂർത്തീകരിക്കാൻ പ്രാദേശിക നേതാക്കൾ കാണിച്ച കള്ളത്തരമാണ് മെമ്പർഷിപ്പ് വർധനവെന്നാണ് ഔദ്യോ​ഗിക പക്ഷം വാദിക്കുന്നത്.

കേരളത്തിൽ 31 ലക്ഷം ആളുകളാണ് ബിജെപിയിൽ പ്രാഥമിക അം​ഗത്വം എടുത്തിട്ടുള്ളത്. മുന്നണിക്ക് ഈ തെര‍ഞ്ഞെടുപ്പിൽ ആകെ ലഭിച്ചതാകട്ടെ 23.5 ലക്ഷം വോട്ടുകളും. 7.5 ലക്ഷം പാർട്ടി പ്രവർത്തകർ പോലും പാർട്ടി സ്ഥാനാർത്ഥികൾക്ക് വോട്ട് ചെയ്തില്ലെന്നത് നേതൃത്വത്തിന്റെ പിടിപ്പുകേടാണെന്ന ആരോപണമാണ് ഉയരുന്നത്.

സംസ്ഥാനത്തെ 31 ലക്ഷം പേര്‍ ബിജെപിയില്‍ പ്രാഥമിക അംഗത്വം എടുത്തിട്ടുണ്ടെങ്കില്‍ പോലും തെരഞ്ഞെടുപ്പില്‍ ആകെ ലഭിച്ചത് വെറും 23.5 ലക്ഷം വോട്ടുകള്‍ മാത്രമാണെന്നതാണ് ബിജെപി സംസ്ഥാന നേതൃത്വത്തെ പ്രതിരോധത്തിലാക്കുന്നത്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും കേന്ദ്രമന്ത്രി വി മുരളീധരനും എതിരായ മറുപക്ഷത്തിന്റെ നീക്കങ്ങൾക്ക് ശക്തി പകരുന്നതാണ് വോട്ടുകളും അം​ഗത്വവും സംബന്ധിച്ച കണക്ക്. നേതൃത്വത്തോടുള്ള പ്രവര്‍ത്തകരുടെ അതൃപ്തി കൂടി പ്രതിഫലിച്ച തെരഞ്ഞടുപ്പാണ് എന്നാണ് ഉയരുന്ന വിമർശനം. വി മുരളീധരന്റേയും കെ സുരേന്ദ്രന്റേയും നേതൃത്വത്തിന്റെ പരാജയമാണ് ദയനീയ തോല്‍വി സൂചിപ്പിക്കുന്നതെന്ന് പാര്‍ട്ടിയ്ക്ക് അകത്ത് നിന്നുതന്നെ അഭിപ്രായമുയരുന്നുണ്ട്.

സുരേന്ദ്രന്റെ ഹെലികോപ്റ്റര്‍ ഉപയോഗിച്ചുകൊണ്ടുള്ള പ്രചരണവും 35 സീറ്റുകള്‍ ലഭിച്ചാല്‍ കേരളത്തിന്റെ ഭരണം പിടിക്കുമെന്ന, തെരഞ്ഞെടുപ്പ് സംവിധാനങ്ങളെ വെല്ലുവിളിക്കുന്ന തരത്തിലുള്ള പരാമര്‍ശങ്ങളും ജനങ്ങളില്‍ ബിജെപി വിരുദ്ധ വികാരമുണ്ടാക്കിയെന്നാണ് വിലയിരുത്തപ്പെടുന്നത്. വി മുരളീധരന് താല്‍പ്പര്യമുള്ളവര്‍ക്ക് മാത്രമാണ് പാര്‍ട്ടിയുടെ താക്കോല്‍ സ്ഥാനങ്ങള്‍ നല്‍കിയത് എന്ന വിമര്‍ശനവും പ്രവര്‍ത്തകര്‍ ഉന്നയിക്കുന്നു. ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പില്‍ നിര്‍ണ്ണായക നേട്ടം കൊയ്യുമെന്ന് പ്രതീക്ഷിച്ച ബിജെപിയ്ക്ക് കൈയ്യിലിരുന്ന ഒരു സീറ്റ് കൂടി നഷ്ടമായ കാഴ്ചയാണ് ഫലപ്രഖ്യാപനത്തിനുശേഷം കേരളം കണ്ടത്.

70 മണ്ഡലങ്ങളിലായി 493 ബൂത്തുകളില്‍ എന്‍ഡിഎ സ്ഥാനാര്‍ഥികള്‍ക്ക് കിട്ടിയത് വെറും ഓരോ വോട്ട് മാത്രം. ആയിരത്തിലധികം ബൂത്തുകളില്‍ മുന്നണി സ്ഥാനാര്‍ഥികള്‍ക്ക് കിട്ടിയത് രണ്ടു മുതല്‍ അഞ്ച് വരെ വോട്ട് മാത്രമാണെന്നും തിരഞ്ഞെടുപ്പു കമ്മിഷന്‍ പുറത്തുവിട്ട കണക്ക് വ്യക്തമാക്കുന്നു.ആയിരങ്ങളെ അണിനിരത്തി നടത്തിയ വിജയ് യാത്രയും കോടിക്കണക്കിനു രൂപ മുടക്കിയ തിരഞ്ഞെടുപ്പു പ്രചാരണവും പല മേഖലകളിലും ഒരു ചലനവുമുണ്ടാക്കിയില്ലെന്നാണ് ബിജെപിയും സഖ്യകക്ഷികളും നേടിയ വോട്ടിന്റെ കണക്കു സൂചിപ്പിക്കുന്നത്. കേരളത്തിലെ ഉള്ള അക്കൗണ്ട് കൂടി പൂട്ടിപോയ ബി.ജെ.പി നേരിട്ടത്ത് കനത്ത തോല്‍വി തന്നെയാണ്. പ്രധാന നേതാക്കളെല്ലാം ചിത്രത്തില്‍പ്പോലും ഇല്ലാതായപ്പോള്‍ മുതിര്‍ന്ന നേതാവായ കുമ്മനം രാജശേഖരനും മെട്രോമാന്‍ ഇ. ശ്രീധരനുമാണ് എതിരാളികള്‍ക്ക് അല്‍പമെങ്കിലും വെല്ലുവിളി ഉയര്‍ത്തിയത്. മഞ്ചേശ്വരത്തും കോന്നിയിലും മല്‍സരിച്ച സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനും കനത്ത പരാജയമാണ് ജനംവിധിച്ചത്.

വര്‍ഷങ്ങളുടെ അധ്വാനത്തിലൂടെ ബി.ജെ.പിയും ഒ. രാജഗോപാലും ചേര്‍ന്ന് തുറന്ന നിയമസഭയിലെ അക്കൗണ്ട് പൂട്ടിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത് അക്ഷരം പ്രതി ശരിയായി. നേമത്ത് ആദ്യം മുതല്‍ നേരിയ ലീഡ് നേടി ഉച്ചവരെ മുന്നില്‍ തുടര്‍ന്ന കുമ്മനം രാജശേഖരന്‍ അവസാവട്ട വോട്ടെണ്ണലില്‍ പിന്നാക്കംപോയി. വി. ശിവന്‍കുട്ടിക്ക് മുന്നില്‍ അടിയറവ് പറയുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ 8,671 വോട്ടിന് രാജഗോപാല്‍ ജയിച്ച മണ്ഡലത്തില്‍ ലോക്‌സഭാ തിരഞ്ഞടുപ്പില്‍ ബിജെപി 12,041 വോട്ടിനും കഴിഞ്ഞ തദ്ദേശ തിരഞ്ഞടുപ്പില്‍ 2,204 വോട്ടിനും മുന്നിലായിരുന്നു. ഈ കണക്കുകളും തോല്‍വിയുടെ ആഘാതം കൂട്ടുന്നു.

പോസ്റ്റല്‍ വോട്ടുകള്‍ എണ്ണി തുടങ്ങിയപ്പോള്‍ സിറ്റിംഗ് സീറ്റായ നേമം, പാലക്കാട്, തൃശൂര്‍, മഞ്ചേശ്വരം എന്നിവിടങ്ങളില്‍ ബിജെപി ലീഡ് എടുത്തിരുന്നു. ഈ സമയത്ത് വലിയ സന്തോഷം ബിജെപി ഓഫീസില്‍ ദൃശ്യമായി. എന്നാല്‍ വോട്ടെണ്ണല്‍ മെഷീനിലേക്ക് മാറിയതോടെ കുമ്മനവും പാലക്കാട്ട് ഇ ശ്രീധരനും മാത്രമായി ബിജെപിയില്‍ നിന്നും ലീഡ് നേടുന്നവര്‍. പിന്നീട് ഈ സന്തോഷവും കുറഞ്ഞ് പാലക്കാട് ഇ ശ്രീധരനില്‍ മാത്രമെത്തി. ഇടയ്ക്ക് സുരേഷ്‌ഗോപി 3000 വോട്ടിന്റെ ലീഡ് എടുത്തതോടെ വീണ്ടും ബിജെപി മൂന്നിലേക്കും സന്തോഷത്തിലേക്കും എത്തി.ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ മത്സരിച്ച കോന്നി മണ്ഡലത്തില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 46,506-ഉം 2019-െല നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ 39786-ഉം നേടിയ സ്ഥാനത്ത് ഇത്തവണ ലഭിച്ചത് 32,811 വോട്ടുകളാണ്. ഉപതിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് 6,975 വോട്ടാണ് കുറഞ്ഞത്. ലോക്‌സഭയിലേതിനേക്കാള്‍ 13695 വോട്ടും കുറഞ്ഞു.

ആറന്മുളയില്‍ 2016-ല്‍ 37906-ഉം 2019-ല്‍ ലോക്‌സഭയില്‍ 50497-ഉം വോട്ടുകളാണ് ലഭിച്ചത്. എന്നാല്‍ ഇത്തവണ 29099 വോട്ടുകള്‍ മാത്രമാണ് ബിജു മാത്യുവിന് നേടാനായത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നേടിയ 21398-ഉം നിയമസഭയില്‍ കിട്ടിയ 8807 വോട്ടും നഷ്ടപ്പെട്ടു. സ്ഥാനാര്‍ഥി പ്രഖ്യാപനത്തില്‍ തര്‍ക്കമുണ്ടായ തിരുവല്ല മണ്ഡലത്തില്‍ ബി.ജെ.പി. ജില്ലാ പ്രസിഡന്റ് അശോകന്‍ കുളനടയ്ക്ക് 22674 വോട്ടാണ് കിട്ടിയത്. 2016-ല്‍ 31439-ഉം 2019-ല്‍ ലോക്‌സഭയില്‍ 37439-ഉം വോട്ടും നേടിയ സ്ഥാനത്താണിത്. നിയമസഭയില്‍ കിട്ടിയതിനേക്കാള്‍ 8765-ഉം ലോക്‌സഭയിലേതിനേക്കാള്‍ 14765 വോട്ടും കുറഞ്ഞു.

പാലക്കാട് അപ്രതീക്ഷിതമായി മുന്നേറിയ മെട്രോമാന്‍ ഇ. ശ്രീധരന്‍ ഒരുഘട്ടത്തില്‍ ലീഡ് ആറായിരത്തിലേറെ ഉയര്‍ത്തിയിരുന്നു. അവിടെയും അവസാന നിമിഷം യുഡിഎഫിന്റെ ഷാഫി പറമ്പിലിനോട് തോല്‍ക്കാനായിരുന്നു വിധി. നടന്‍ സുരേഷ് ഗോപിയാണ് ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ച മറ്റൊരാള്‍. തൃശ്ശൂരില്‍ ചിലനേരങ്ങളിലില്‍ സുരേഷ്‌ഗോപിയുടെ ലീഡ് ആയിരവും രണ്ടായിരവും കടന്നു. പക്ഷേ അന്തിമവിധിയില്‍ മൂന്നാംസ്ഥാനം മാത്രം. എം.ടി. രമേശ് മത്സരിച്ച കോഴിക്കോട് നോര്‍ത്തിലെ ഒരു ബൂത്തില്‍ ആരും അദ്ദേഹത്തിന് വോട്ടു ചെയ്തില്ല. ഏറെ ശ്രദ്ധേയനായ സിനിമാ താരം കൃഷ്ണകുമാര്‍ മത്സരിച്ച തിരുവനന്തപുരത്തെ എട്ട് ബൂത്തുകളില്‍ അദ്ദേഹത്തിന് ഒരു വോട്ട് പോലുമില്ല. മൊത്തം മുപ്പത്തയ്യായിരത്തോളം വോട്ട് നേടിയപ്പോഴും അഞ്ചിടത്ത് ഓരോ വോട്ടും മറ്റ് 19 ബൂത്തില്‍ അഞ്ചില്‍ താഴെ വോട്ടും മാത്രമാണ് കൃഷ്ണകുമാറിന് നേടാനായത്.ഏറ്റവുമധികം വോട്ടില്ലാ ബൂത്തുകളും ഒറ്റ വോട്ട് ബൂത്തുകളും മലപ്പുറം ജില്ലയിലാണ്. അവിടെ നിലമ്പൂര്‍ ഒഴികെ 15 മണ്ഡലത്തിലും ഇത്തരം ബൂത്തുകളുണ്ട്. കോഴിക്കോട് ജില്ലയില്‍ ഒന്‍പതും കണ്ണൂര്‍ ജില്ലയില്‍ ഏഴും വോട്ടില്ലാ ബൂത്തുണ്ട്. ബിജെപി 50000 ല്‍ അധികം വോട്ടു നേടിയ കാസര്‍കോട്ട് 10 ബൂത്തില്‍ വോട്ട് നേടാനായില്ല. എട്ടിടത്ത് ഓരോ വോട്ടും ഏഴിടത്ത് രണ്ട് വീതവുമാണ് കിട്ടിയത്. ഉദുമയില്‍ മൂന്നു ബൂത്തില്‍ മാത്രം വോട്ടില്ല. മൂന്നിടത്ത് ഓരോ വോട്ടുണ്ട്. അതേസമയം,ഇടതു കോട്ടയായ തൃക്കരിപ്പൂരും കാഞ്ഞങ്ങാട്ടും എല്ലാ ബൂത്തിലും ഒന്നിലധികം വോട്ടു നേടാന്‍ ബിജെപി സ്ഥാനാര്‍ഥികള്‍ക്ക് കഴിഞ്ഞു.കഴിഞ്ഞതവണ മഞ്ചേശ്വരത്ത് ഇഞ്ചോടിഞ്ച് പോരാട്ടം കാഴ്ച വച്ച സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ ചിത്രത്തിലേ വന്നില്ല.

സുരേന്ദ്രന്‍ മല്‍സരിച്ച കോന്നിയിലാകട്ടെ മൂന്നാം സ്ഥാനത്തേയ്ക്ക് പോയി. കഴക്കൂട്ടത്ത് ശബരിമല പ്രശ്‌നം ഉയര്‍ത്തി തീപ്പൊരിപ്രചാരണം നടത്തിയ ശോഭാസുരേന്ദ്രന്‍, മുതിര്‍ന്ന നേതാക്കളായ പി.കെ.കൃഷ്ണദാസ്, എം.ടി. രമേശ്, എ.എന്‍. രാധാകൃഷ്ണന്‍, മുന്‍ കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം തുടങ്ങിയവരെല്ലാം മങ്ങിപ്പോയി. വോട്ട്ശതമാനം കൂട്ടിയാല്‍പോര സീറ്റുകൂട്ടണമെന്നായിരുന്നു കേന്ദ്ര നേതൃത്വത്തിന്റെ കര്‍ശന നിര്‍ദ്ദേശം. കൂടുതല്‍ കിട്ടിയില്ലെന്ന് മാത്രമല്ല ഉള്ള സീറ്റുകൂടി പോയതിന്റെ ആഘാതം വളരെ വലുതാണ്.
കോണ്‍ഗ്രസില്‍നിന്ന് രാജിവെച്ച് വന്ന പന്തളം പ്രതാപന്‍ അടൂരില്‍ 23980 വോട്ട് നേടി. 2016-ല്‍ 25940-ഉം 2019-ല്‍ ലോക്‌സഭയില്‍ 51260 വോട്ടുകളും നേടിയ സ്ഥാനത്താണിത്. മലപ്പുറം ജില്ലയിലെ തന്നെ താനൂരില്‍ 21 ല്‍ ഒരു വോട്ടും 22 ബൂത്തില്‍ ഓരോ വോട്ടുമാണ്.കല്യാശേരി, കൂത്തുപറമ്പ്, മട്ടന്നൂര്‍, ബത്തേരി, നാദാപുരം, കോഴിക്കോട് നോര്‍ത്ത്്, ബേപ്പൂര്‍, നെന്മാറ, പെരുമ്പാവൂര്‍, മൂവാറ്റുപുഴ, പീരുമേട്, അമ്പലപ്പുഴ, ചവറ, കുന്നത്തൂര്‍, ഇരവിപുരം, വര്‍ക്കല, ചിറയിന്‍കീഴ് മണ്ഡലങ്ങളില്‍ ഓരോ ബൂത്തിലും തളിപ്പറമ്പ്, ഇരിക്കൂര്‍,കൊയിലാണ്ടി, കയ്പമംഗലം, കോന്നി എന്നിവിടങ്ങളില്‍ രണ്ട് വീതം ബൂത്തിലുമാണ് വോട്ട് കിട്ടാതെ പോയത്. ഉദുമ, കൊടുവള്ളി, മാനന്തവാടി, തിരുവമ്പാടി, ഏറനാട്, വള്ളിക്കുന്ന്, വാമനപുരം, കോവളം മണ്ഡലങ്ങളില്‍ 3 വീതം ബൂത്തില്‍ വോട്ടില്ല. ഏറെ സമയം ബിജെപി വനിതാ സ്ഥാനാര്‍ഥി ലീഡ് ചെയ്ത കോഴിക്കോട് സൗത്തില്‍ അഞ്ച് ബൂത്തില്‍ വോട്ടില്ല. കണ്ണൂരില്‍ ഏഴിടത്താണ് വോട്ടില്ലാതായത്.മന്ത്രി മേഴ്‌സിക്കുട്ടിയമ്മയുടെ പരാജയത്തിലൂടെ ബിജെപി ഏറെ പഴി കേട്ട കുണ്ടറ മണ്ഡലത്തില്‍ എട്ടിടത്ത് വോട്ടില്ലാതായപ്പോള്‍, എട്ടിടത്ത് ഓരോ വോട്ടു മാത്രമാണ് കിട്ടിയത്. കൊണ്ടോട്ടി (7 ബൂത്തില്‍ 0 വോട്ട്, 10 ല്‍ ഒരു വോട്ട് ), വണ്ടൂര്‍ (15, 13), മഞ്ചേരി (4,6), പെരിന്തല്‍മണ്ണ (6,10), മങ്കട (9,15), മലപ്പുറം (12,16), വേങ്ങര (4,7), തിരൂരങ്ങാടി (16, 20), തിരൂര്‍ (19,17), കോട്ടയക്കല്‍ (4,10), തവനൂര്‍ (3,11), മണ്ണാര്‍ക്കാട് (12,9) എന്നിങ്ങനെയാണ് വോട്ട് നില.

നിയമസഭയിലേതിനേക്കാള്‍ 1960-ഉം ലോക്‌സഭയില്‍ കിട്ടിയതിലും 27280 വോട്ടും കുറഞ്ഞു. റാന്നിയില്‍ ബി.ഡി.ജെ.എസാണ് മത്സരിച്ചത്. സംസ്ഥാന വൈസ് പ്രസിഡന്റ് എ.പദ്മകുമാര്‍ 19587 വോട്ട് നേടി. 2016-ല്‍ 28201-ഉം 2019-ല്‍ 39560 വോട്ടും നേടിയ സ്ഥാനത്താണിത്. നിയമസഭയില്‍ കിട്ടിയ 8614 വോട്ടും ലോക്‌സഭയില്‍ നേടിയ 19973 വോട്ടും നഷ്ടമായി.തൃശൂര്‍ ജില്ലയില്‍ കയ്പമംഗലത്തെ വോട്ടില്ലാത്ത രണ്ട് ബൂത്ത് കഴിഞ്ഞാല്‍ ചേലക്കരയിലും കൊടുങ്ങല്ലൂരിലും ഓരോ ബൂത്തില്‍ മാത്രമാണ് ഓരോ വോട്ട് മാത്രമായത്. മറ്റിടത്തെല്ലാം ഒന്നിലേറെ വോട്ടുണ്ട്. ട്വന്റി 20യും വരവോടെ ശ്രദ്ധേയമായ കുന്നത്തുനാട്ടില്‍ ബിജെപി സംസ്ഥാന സെക്രട്ടറി വളരെ പിന്നില്‍ നാലാം സ്ഥാനാത്തായപ്പോഴും ഒന്‍പത് ബൂത്തില്‍ മാത്രമാണ് വോട്ടില്ലാത്തത്. എട്ടിടത്ത് ഓരോ വോട് നേടി. കൊച്ചി മണ്ഡലത്തില്‍ 11 ബൂത്തില്‍ വോട്ടില്ല. 17 ല്‍ ഓരോ വോട്ടും ഏഴിടത്ത് രണ്ട് വോട്ടുമാത്രമാണ് നേടിയത്. കോതമംഗലത്തെ ആറിടത്ത് വോട്ടു കിട്ടാതെ പോയപ്പോള്‍ എട്ടിടത്ത് ഓരോ വോട്ട് നേടി.എന്‍ഡിഎ സ്ഥാനാര്‍ഥി ഏറ്റവും കുറച്ച് വോട്ട് നേടിയ കോട്ടയം ജില്ലയിലെ പൂഞ്ഞാര്‍ മണ്ഡലത്തില്‍ 17 ബൂത്തില്‍ മുന്നണിക്ക് വോട്ടേ ഇല്ല. 11 ല്‍ ഓരോ വോട്ടാണ്. പുതുപ്പള്ളിയിലെ ഒരു ബൂത്തില്‍ നേടിയ ഒരു വോട്ടും കഴിഞ്ഞാല്‍ ബാക്കി ബൂത്തിലെല്ലാം ഒന്നിലധികം വോട്ടുണ്ട്. ഇടുക്കി ജില്ലയിലെ പീരുമേട്ടില്‍ ഒരു ബൂത്തില്‍ വോട്ടുകിട്ടിയില്ലെങ്കിലും മറ്റെല്ലാ ബൂത്തില്‍ ഒന്നിലധികം വോട്ടു നേടി.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close