ചബഹാര്‍-സഹീദാന്‍ റെയില്‍വേ പദ്ധതി: ഇന്ത്യ പങ്കാളികളാണെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍

ടെഹ്റാന്: ഇറാനിലെ ചബഹാര്‍-സഹീദാന്‍ റെയില്‍ പദ്ധതിയില്‍ ഇന്ത്യ പങ്കാളിയാണെന്നും പദ്ധതി സംയുക്തമായി വികസിപ്പിക്കുന്നതിനായി എടുത്ത തീരുമാനങ്ങളില്‍ യാതൊരു മാറ്റവും സംഭവിച്ചിട്ടില്ലെന്നും ഇന്ത്യന്‍ സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ‘ചബഹാര്‍-സഹീദാന്‍ റെയില്‍വേ പദ്ധതിയുടെ കാര്യത്തില്‍ ഇരുപക്ഷവും പ്രതിജ്ഞാബദ്ധരാണ്, എന്നാല്‍ നിലവിലെ രാഷ്ട്രീയ അന്തരീക്ഷം കാരണം പുരോഗതി മന്ദഗതിയിലാണ്.” എന്നും അധികൃതര്‍ അറിയിച്ചു.
പദ്ധതിയില്‍ നിന്ന് ഇന്ത്യയെ നീക്കം ചെയ്തതായുള്ള റിപ്പോര്‍ട്ടുകളും ഇന്ത്യന്‍ സര്‍ക്കാര്‍ വൃത്തങ്ങള്‍ നിഷേധിച്ചിച്ചുണ്ട്. ചബഹാര്‍-സഹീദാന്‍ തുറമുഖം, റെയില്‍ പദ്ധതി, മുംബൈ മുതല്‍ മോസ്കോ വരെയുള്ള അന്താരാഷ്ട്ര നോര്‍ത്ത്-സൗത്ത് കോറിഡോര്‍ എന്നിവയാണ് ഇന്ത്യയും ഇറാനും ചേര്‍ന്ന് നടപ്പിലാക്കാനുദ്ദേശിക്കുന്ന പ്രധാന പദ്ധതികള്‍. ഇന്ത്യന്‍ വിതരണക്കാരില്‍ നിന്ന് ഇറാന് ഉരുക്ക് വാങ്ങിയിരുന്നു,എന്നാല്‍ യുഎസ് ഉപരോധം കാരണം ഇത് താല്‍ക്കാലികമായി നിര്‍ത്തിവച്ചു. അടുത്ത വേനല്‍ക്കാലത്ത് ഇറാന് പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. അവയെല്ലാം പദ്ധതിയെ സ്വാധീനിക്കുമെന്നും വൃത്തങ്ങള്‍ വിശ്വസിക്കുന്നുണ്ട്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 2016 ലെ പശ്ചിമേഷ്യന്‍ സന്ദര്‍ശന വേളയില്‍ ഇന്ത്യയും ഇറാനും അഫ്ഗാനിസ്ഥാനും തമ്മിലുള്ള ത്രിരാഷ്ട്ര കരാറില്‍ ഗതാഗത ഇടനാഴിയുടെ ഭാഗമായ ചബഹാര്‍-സഹീദാന്‍ റെയില്‍ പാത നിര്‍മാണവുമായി ബന്ധപ്പെട്ട് ധാരണാപത്രത്തില്‍ ഒപ്പുവച്ചിരുന്നു.