ചരിത്രത്തിലാദ്യമായി നീറ്റ് പരീക്ഷയില്‍ മുഴുവന്‍ മാര്‍ക്കും വാങ്ങി ഒഡിഷ സ്വദേശി

ന്യൂഡല്‍ഹി: ഇത്തവണത്തെ അഖിലേന്ത്യ മെഡിക്കല്‍ പ്രവേശന പരീക്ഷയില്‍ 720-ല്‍ 720 മാര്‍ക്കും കരസ്ഥമാക്കിയിരിക്കുന്നത് ഒഡിഷ റൂര്‍ക്കല സ്വദേശി ഷൊയ്ബ് അഫ്താബ്. മെഡിക്കല്‍ പഠനം പൂര്‍ത്തിയാക്കി ഒരു കാര്‍ഡിയാക് സര്‍ജനാവുക എന്നുളളതാണ് ഈ പതിനെട്ടുകാരന്റെ സ്വപ്നം. രാജസ്ഥാനിലെ കോട്ടയിലെ കരിയര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലാണ് ഷോയ്ബ് കോച്ചിംഗിനായി ചേര്‍ന്നിരുന്നത്. രാജ്യം മുഴുവന്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ സഹപാഠികളെല്ലാം നാട്ടിലേക്ക് മടങ്ങിയെങ്കിലും ഷോയ്ബ് തയ്യാറായില്ല. ലോക്ഡൗണില്‍ കുറേക്കൂടി സമയം പഠനത്തിനായി ചെലവഴിച്ചു. ആ കഠിനാദ്ധ്വാനത്തിന്റെ ഫലമാണ് ഷൊയ്ബിന് ലഭിച്ച നൂറുശതമാനം മാര്‍ക്ക്.’2018-ന് ശേഷം ഞാന്‍ ഒഡിഷയിലേക്ക് പോയിട്ടില്ല. ദിവസം 10-12 മണിക്കൂര്‍ വരെ പഠിക്കും. സമൂഹത്തില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് വേണ്ടി സേവനമനുഷ്ഠിക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ചെറുപ്പക്കാര്‍ക്ക് പ്രചോദനമേകാന്‍ ആഗ്രഹിക്കുന്നു.’ ഉന്നതവിജയം കരസ്ഥമാക്കിയശേഷം മാധ്യമങ്ങളെ കണ്ട ഷൊയ്ബ് പറഞ്ഞു. 710 മാര്‍ക്ക് നേടി അഖിലേന്ത്യാ തലത്തില്‍ പന്ത്രണ്ടാം റാങ്ക് നേടിയ കൊയിലാണ്ടി കൊല്ലം ഷാജിയില്‍ എ.പി. അബ്ദുള്‍ റസാക്കിന്റെയും ഷെമീമയുടെയും മകള്‍ എസ്. അയിഷയാണ് കേരളത്തില്‍ ഒന്നാമതെത്തിയത്. അഖിലേന്ത്യാ തലത്തില്‍ ഒ.ബി.സി. വിഭാഗത്തില്‍ രണ്ടാം റാങ്കും അയിഷയ്ക്കാണ്. കൊയിലാണ്ടി ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ പ്ലസ്ടുവിന് പഠിക്കുമ്പോള്‍ തന്നെ നീറ്റ് പരീക്ഷയ്ക്കായി അയിഷ പരിശീലനത്തിന് പോയിരുന്നു. കോഴിക്കോട് റെയിസ് മെഡിക്കല്‍ എന്‍ജിനിയറിംഗ് എന്‍ട്രന്‍സ് കോച്ചിംഗ് സെന്ററിലായിരുന്നു പരിശീലനം. ആദ്യതവണ പരീക്ഷ എഴുതിയപ്പോള്‍ 15,000-ത്തിന് മുകളിലായിരുന്നു റാങ്ക്. തുടര്‍ന്ന് വാശിയോടെ പഠിച്ചു. അങ്ങനെ 12 റാങ്ക് തന്നെ കരസ്ഥമാക്കി.ഡല്‍ഹി എയിംസില്‍ ചേര്‍ന്ന് പഠിക്കാനാണ് അയിഷയ്ക്ക് ആഗ്രഹം. പരീക്ഷ എഴുതിയപ്പോള്‍ തന്നെ ആദ്യ റാങ്കില്‍ ഇടംപിടിക്കുമെന്ന ആത്മവിശ്വാസം അയിഷയ്ക്ക് ഉണ്ടായിരുന്നു.അഖിലേന്ത്യാ തലത്തില്‍ ആദ്യ 50 റാങ്കില്‍ അയിഷയ്ക്ക് പുറമേ കേരളത്തില്‍നിന്ന് മൂന്നുപേര്‍കൂടിയുണ്ട്.