INSIGHTNEWSTop News

ചവിട്ടുന്നതെല്ലാം ചതുപ്പല്ല;ഐപിഎസ് ആകണം എന്ന ആഗ്രഹം ആനിശിവയെ കൊണ്ടെത്തിച്ചത് എസ്‌ഐ പദവിയിലേക്ക്;ശിവഗിരി തീര്‍ഥാടന സമയത്ത് നാരാങ്ങവെള്ളവും ഐസ്‌ക്രീമും വിറ്റ് ജീവിച്ചിരുന്ന പെണ്‍കുട്ടി വര്‍ഷങ്ങള്‍ക്കിപ്പുറം അതേ സ്ഥലത്ത് ഔദ്യോഗിക വാഹനത്തില്‍

സ്ത്രീധനത്തിന്റെ പേരില്‍ സ്ത്രീകള്‍ പലയിടത്തും മരണത്തിന് കീഴടങ്ങുമ്പോള്‍ സ്വന്തം വീട്ടിലേക്ക് തിരികെയെത്താന്‍ അവരെ വിലക്കുന്നത് നാട്ടുകാര്‍ എന്ത് പറയും എന്ന ചിന്താകാം.അല്ലെങ്കില്‍ വിവാഹം കഴിപ്പിച്ച് വിട്ട വിട്ടിലേക്ക് കയറിചെല്ലുന്നത് എങ്ങനെ അവര്‍ക്ക് ഞാന്‍ ഒരു ബാധ്യതതയാകുമോ എന്ന കാഴ്്ച്ചപ്പാടാകാം.വിസ്മയ എന്ന 24 കാരി ഭര്‍ത്താവിന്റെ പീഢനങ്ങള്‍ക്ക് ഒടുവില്‍ മരണത്തിന് കീഴടങ്ങിയപ്പോള്‍ എനിക്കും സ്വന്തം കാലില്‍ നില്‍ക്കാന്‍ കഴിയുമെന്ന വിശ്വാസം അവള്‍ക്ക് പകര്‍ന്നു കൊടുക്കാന്‍ ആളില്ലാതെ പോയി.കിരണ്‍ രണ്ടൊമതൊന്ന് വന്ന് വിളിച്ചപ്പോള്‍ എനിക്ക് ഈ ബന്ധത്തില്‍ താത്പ്പര്യമില്ല,ആരുടെയും കൂട്ടില്ലാതെ ഞാന്‍ ജീവിക്കും എന്ന് പറഞ്ഞിരുന്നെങ്കില്‍ ഇന്നും അവള്‍ ഉണ്ടാകുമായിരുന്നു ഈ ലോകത്ത്.

നിലപാടുകള്‍ തുറന്നു പറഞ്ഞിട്ടുള്ളവരെ വിജയിച്ചിട്ടുള്ളു.ജീവിതത്തില്‍ ചവിട്ടുന്നതെല്ലാം ചതുപ്പല്ലെന്ന ധാരണയും ബോധ്യവുമാണ് ഓരോരുത്തര്‍ക്കും വേണ്ടത്.പ്രയത്‌നിക്കാനും തളരാതെ പോരാടാനും കരുത്തുള്ള പെണ്ണിന് കൂടി ഉള്ളതാണ് ഈ ലോകമെന്ന തിരിച്ചറിവില്‍ തന്റെ വിജയം കൈപ്പിടിലാക്കിയിരിക്കുകയാണ് ആനിശിവ.

ഭര്‍ത്താവിനാലും ഉറ്റവരാലും ഉപേക്ഷിക്കപ്പെട്ട് കൈക്കുഞ്ഞുമായി തെരുവിലേക്കിറങ്ങേണ്ടി വന്നപ്പോഴും അവള്‍ പിന്തിരിഞ്ഞു നിന്നില്ല. അവിടെ നിന്നും ജീവിതം തിരികെ പിടിച്ച് പൊലീസ് കുപ്പായത്തിലെത്തിയ പോരാട്ട കഥയാണ് വര്‍ക്കല പൊലീസ് സ്റ്റേഷന്‍ എസ്‌ഐ ആനി ശിവയുടെത്. ശിവഗിരി തീര്‍ഥാടന സമയത്ത് നാരാങ്ങവെള്ളവും ഐസ്‌ക്രീമും വിറ്റ് ജീവിച്ചിരുന്ന പെണ്‍കുട്ടി വര്‍ഷങ്ങള്‍ക്കിപ്പുറം അതേ സ്ഥലത്ത് ഔദ്യോഗിക വാഹനത്തില്‍ സബ് ഇന്‍സ്‌പെക്ടര്‍ ആയി എത്തുമ്പോള്‍ അത് തളരാത്ത ആത്മവീര്യത്തിന്റെ ചിത്രം കൂടിയാവുകയാണ്.

കോളജ് വിദ്യാര്‍ഥിയായിരിക്കുമ്പോഴാണ് തിരുവനന്തപുരം സ്വദേശിനിയായ ആനി ശിവ എന്ന പെണ്‍കുട്ടിയുടെ ജീവിതം മാറിമറിയുന്നത്. കാഞ്ഞിരംകുളം കെ.എന്‍.എം. ഗവ. കോളജില്‍ ഡിഗ്രി ഒന്നാം വര്‍ഷ വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ വീട്ടുകാരുടെ എതിര്‍പ്പ് മറികടന്ന് സുഹൃത്തുമായി ജീവിതം ആരംഭിച്ചു. ഒരു കുഞ്ഞ് ജനിച്ച് ആറ് മാസമായപ്പോള്‍ ഈ കൂട്ട് നഷ്ടമായി. കുഞ്ഞുമായി സ്വന്തം വീട്ടിലേക്ക് മടങ്ങിയെങ്കിലും പ്രശ്‌നങ്ങള്‍ ഉടലെടുത്തു. തുടര്‍ന്ന് അമ്മൂമ്മയുടെ വീട്ടിലെ ഒരു ചായ്പ്പിലായി താമസം.

ഈ കാലത്ത് പല ജോലികളും നോക്കിയിരുന്നു. കറിപൗഡറും സോപ്പും കൊണ്ടു നടന്നു വില്‍ക്കല്‍, ഇന്‍ഷുറന്‍സ് ഏജന്റ്. വിദ്യാര്‍ഥികള്‍ക്ക് പ്രൊജക്ടും റെക്കോഡും തയ്യാറാക്കി കൊടുക്കല്‍, ഉത്സവ വേദികളില്‍ ചെറിയ കച്ചവടം തുടങ്ങി പല ജോലികളും ചെയ്തു. ഇതിനിടയില്‍ കോളജും മുടക്കിയിരുന്നില്ല. കഷ്ടപ്പാടുകള്‍ക്കിടയിലും പഠിച്ച് സോഷ്യോളജിയില്‍ ബിരുദം നേടി.പിന്നീടാണ് ഒരു സര്‍ക്കാര്‍ ജോലി വേണം എന്ന സ്വപ്നം മനസ്സില്‍ കടന്ന് കൂടിയത്. IPS ആകണം എന്നതായിരുന്നു ആഗ്രഹം പക്ഷെ സാഹചര്യം അനുകൂലമായിരുന്നില്ല. തുടര്‍ന്ന് എസ്.ഐ. പരീക്ഷ എഴുതാന്‍ തിരുവനന്തപുരത്തെ പരിശീലന കേന്ദ്രത്തിലേക്ക്. വനിതാ പോലീസ് തസ്തികയിലേക്കും പരീക്ഷയെഴുതി. 2016-ല്‍ വനിതാപോലീസായി ജോലി ലഭിച്ചു. 2019-ല്‍ എസ്.ഐ. പരീക്ഷയിലും വിജയം. പരിശീലനത്തിനുശേഷം 2021 ജൂണ്‍ 25-ന് വര്‍ക്കലയില്‍ എസ്.ഐ.യായി ആദ്യനിയമനം.”എങ്ങനെയോ ഭ്രാന്ത് വരാതെ പിടിച്ചു നിന്നവള്‍. ഇത്രയൊക്കെ കഷ്ടപ്പെട്ടിട്ടും ദൈവാനുഗ്രഹത്താല്‍ അവള്‍ ജീവിതം ഒരു കരയ്ക്ക് എത്തിച്ചപ്പോഴും കുറ്റം പറച്ചിലിനും പഴിപറച്ചിലിനും കഥകള്‍ ഉണ്ടാക്കലിനും ഒരു പഞ്ഞവും കാണിക്കാത്ത ഈ നാട്ടില്‍ ഞാനും മോനും ചേട്ടനും അനിയനുമായി ജീവിച്ചു”. സ്വന്തം ജീവിതത്തെക്കുറിച്ച് ആനി ശിവ ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുന്നത് ഇങ്ങനെയാണ്.

ഫേസ്ബുക്ക് പോസ്റ്റ്:

2014 ജൂണിലായിരുന്നു തിരുവനന്തപുരത്തെ പ്രമുഖ പി എസ് സി കോച്ചിങ് കേന്ദ്രമായ ലക്ഷ്യയില്‍ എസ് ഐ ക്കു വേണ്ടിയുള്ള ക്രാഷ് കോഴ്‌സിന് ഞാന്‍ ജോയിന്‍ ചെയ്തത്. ആഗസ്റ്റ് 2 ന് നടന്ന എസ്‌ഐ പരീക്ഷ ആയിരുന്നു ലക്ഷ്യം. ഫീസ് കൊടുക്കുവാനുള്ള പൈസ ഒന്നും ഉണ്ടായിരുന്നില്ല, എന്റെ ചങ്ക് ബ്രോ ആയിരുന്നു ഫീസ് അടക്കാന്‍ കാശ് തന്നതും ബുക്കും പേനയും മറ്റ് അത്യാവശ്യ സാധനങ്ങള്‍ മേടിച്ചു തന്നതും പഠിക്കാന്‍ പ്രോത്സാഹനം തന്നതും.അവിടെ എനിക്ക് രണ്ടു സുഹൃത്തുക്കളെ കംബൈന്‍ഡ് സ്റ്റഡിക്കു കിട്ടി. അഭിയും (അഭിലാഷ് എ അരുള്‍) രാകേഷും (രാകേഷ് മോഹന്‍). നമ്മള്‍ മൂന്നു പേരും ഉച്ച വരെയുള്ള പി എസ് സി ക്ലാസ് കഴിഞ്ഞു പഠിക്കാന്‍ ഇരിക്കും. ഞാന്‍ ആഹാരം കൊണ്ട് പോകാത്ത ദിവസങ്ങളില്‍ അഭിയും രാകേഷും കൊണ്ട് വന്ന ആഹാരം കഴിച്ചു ഞാനും വിശപ്പടക്കിയിരുന്നു. വൈകുന്നേരം മൂന്നര മണി ആകുമ്പോള്‍ അവിടുന്നിറങ്ങി എന്റെ ചങ്ക് ബ്രോയുടെ ഓള്‍ഡ് കാവസാക്കി ബൈക്ക് ഉന്തി തള്ളി സ്റ്റാര്‍ട്ട് ചെയ്തു മോന്റെ സ്‌കൂളില്‍ എത്തുമ്പോള്‍ നാല് മണി ആകും. അവിടെ നിന്നും മോനെ വിളിച്ചു ട്യൂഷന്‍ ടീച്ചറുടെ വീട്ടില്‍ എത്തിച്ചു തിരിച്ചു വീണ്ടും ലക്ഷ്യയിലേക്ക് എന്റെ ലക്ഷ്യം എത്തിപ്പിടിക്കാനായി.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close