
ന്യൂഡല്‍ഹി: പശുവിന്റെ ചാണകത്തിന് റേഡിയേഷന് പ്രതിരോധിക്കാനുള്ള ശക്തിയുണ്ടെന്നും ചാണക ചിപ്പ് മൊബൈല്‍ റേഡിയേഷന് കുറക്കുമെന്നും അവകാശപ്പെട്ട രാഷ്ട്രീയ കാമധേനു ആയോഗ് മേധാവി വല്ലഭായ് കതിരിയയെയും കേന്ദ്ര സര്‍ക്കാറിനെയും പരിഹസിച്ച് അഭിഭാഷകനും ആക്ടിവിസ്റ്റുമായ പ്രശാന്ത് ഭൂഷണ്. ഇതാണ് കേന്ദ്ര സര്‍ക്കാറിന്റെ ചാണക സയന്‍സും സാങ്കേതിക വിദ്യയും -വല്ലഭായ് കതിരിയയുടെ വിഡിയോ പങ്കുവെച്ച് പ്രശാന്ത് ഭൂഷണ് പറഞ്ഞു. പ്രധാന ശാസ്ത്രജ്ഞന് കാറ്റാടിയന്ത്രം ഉപയോഗിച്ച് വെള്ളവും ഓക്സിജനും വേര്‍തിരിക്കും, മറ്റ് അനുയായികള്‍ പപ്പടം കഴിച്ചും ഗോ കൊറോണ ഗോ വിളിച്ചും കോവിഡിനെ തുരത്തും. ഇവരെല്ലാം കൂടെ നമ്മെ മധ്യകാലയുഗത്തിലേക്കാണ് കൊണ്ടുപോകുന്നത് -അദ്ദേഹം ട്വീറ്റ് ചെയ്തു.കാറ്റാടിയന്ത്രം ഉപയോഗിച്ച് വെള്ളവും ഓക്സിജനും വേര്‍തിരിക്കാമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അവകാശപ്പെട്ടത് ഏറെ പരിഹസിക്കപ്പെട്ടിരുന്നു. പപ്പടം കഴിച്ച് കോവിഡ് മാറ്റാമെന്നും ഗോ കൊറോണ ഗോ വിളിച്ച് വൈറസിനെ അകറ്റാമെന്നുമുള്ള ബി.ജെ.പി നേതാക്കളുടെ അവകാശവാദങ്ങളും വ്യാപക വിമര്‍ശനം ഏറ്റുവാങ്ങിയിരുന്നു.