KERALANEWSSocial MediaTop NewsTrending

ചാരക്കേസിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് തെറ്റു പറ്റിയെന്ന് ആദ്യകാല ജന്മഭൂമി പ്രവർത്തകൻ; നമ്പി നാരായണൻ സമർത്ഥമായി രക്ഷപ്പെട്ട കുശാഗ്ര ബുദ്ധിയായ ഒരു ഭാഗ്യവാൻ മാത്രം; രഞ്ജിത്ത് ഗോപാലകൃഷ്ണന്റെ ഏഴ് ചോദ്യങ്ങൾ ചർച്ചയാകുന്നത് ഇങ്ങനെ

ഐഎസ്ആർഒ ചാരക്കേസിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് തെറ്റു പറ്റിയെന്ന് ജന്മഭൂമിയിലെ മുൻകാല പത്രപ്രവർത്തകൻ രഞ്ജിത്ത് ഗോപാലകൃഷ്ണൻ, ചാരക്കേസിൽ ആർക്കെങ്കിലും നീതി നിഷേധിക്കപ്പെട്ടിട്ടുണ്ടെങ്കിൽ അത് കെ കരുണാകരന് മാത്രമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. “നമ്പി നാരായണൻ” സമർത്ഥമായി രക്ഷപ്പെട്ട കുശാഗ്ര ബുദ്ധിയായ ഒരു ഭാഗ്യവാൻ മാത്രമാണ്. ക്രൂശിതനായ ശാസ്ത്രജ്ഞനല്ലെന്നും അദ്ദേഹം തന്റെ കുറിപ്പിൽ പറയുന്നു.

വസ്തുനിഷ്ഠമായ ചില ചോദ്യങ്ങൾ ഉയർത്തിയാണ് രഞ്ജിത്ത് ഗോപാലകൃഷ്ണൻ നമ്പി നാരായണൻ കുറ്റക്കാരനെന്ന് വാദിക്കുന്നത്. കസ്തൂരിരംഗനോ, എപിജെ അബ്ദുൾകലാമോ, മാധവൻനായരോ ഉൾപ്പെടെ ഐഎസ്ആർഓയിൽ അന്നത്തെ ഉത്തരവാദപ്പെട്ട ആരും എന്തേ നാളിതുവരെ നമ്പി നാരായണനായി ശബ്ദമുയർത്തിയില്ല എന്ന പ്രസക്തമായ ചോദ്യവും അദ്ദേഹം ഉന്നയിക്കുന്നു.

രഞ്ജിത്ത് ഗോപാലകൃഷ്ണന്റെ കുറിപ്പ് ഇങ്ങനെ

ISRO ചാരക്കേസിൽ, ആർക്കെങ്കിലും നീതി നിഷേധിക്കപ്പെട്ടിട്ടുണ്ടെങ്കിൽ അത് കെ. കരുണാകരന് മാത്രമാണ്. കരുണാകരനെ ചതിച്ചതിൽ മുൻപിൽ ഉമ്മൻചാണ്ടിയും, ഷാനവാസും, ചെന്നിത്തലയും, കെസി വേണുഗോപാലും, കാർത്തികേയനുമെല്ലാം പങ്കാളികളാണ്.
“നമ്പി നാരായണൻ” സമർത്ഥമായി രക്ഷപ്പെട്ട കുശാഗ്ര ബുദ്ധിയായ ഒരു ഭാഗ്യവാൻ മാത്രമാണ്. ക്രൂശിതനായ ശാസ്ത്രജ്ഞനല്ല.
എന്റ്റെ സുഹൃത്തുക്കൾക്ക് ഇഷ്ടപ്പെട്ടാലും, ഇല്ലെങ്കിലും ശരി, ഈ വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് തെറ്റ് പറ്റിയിരിക്കുന്നു എന്ന് ഞാൻ പറയും.

ഏഷ്യാനെറ്റിനും, രാജീവ് ചന്ദ്രശേഖറിനും ഇതിലെ പങ്കെന്തെന്ന് കാലം തെളിയിക്കട്ടെ. ഒന്നുറപ്പിച്ച് പറയാം. ശരിയായ ധാരണ ഇല്ലാതെയാണ് നമ്പി നാരായണന്, പദ്മവിഭൂഷൻ സമ്മാനിച്ചത്. ഒരു പക്ഷേ, ഗുജറാത്തിൽ മോദിജിയെ ഏറ്റവുമധികം വേട്ടയാടിയ ആർ.ബി. ശ്രീകുമാർ, അതിന് മുൻപ് ഐബി ഉദ്ദ്യോഗസ്ഥനായിരിക്കെ ചാരക്കേസ് അന്വേഷണ സംഘത്തിൽ ഉൾപ്പെട്ടിരുന്നു എന്ന ഘടകം മോദിജിയെ സ്വാധീനിച്ചിരിക്കാം. നിരപരാധിയായ തന്നെ ദ്രോഹിച്ചതു പോലെ ശ്രീകുമാർ നമ്പി നാരായണനേയും, ദ്രോഹിച്ചിരിക്കാമെന്ന ചിന്ത ഉണർത്തിയ സഹതാപമാകാം മോദിജിക്ക് ഉണ്ടായത്.

എന്നാൽ, ചാരക്കേസ് അന്വേഷണ സംഘത്തിൽ നിന്ന് ഇറ്റാലിയൻ മാഫിയയുടെ വിശ്വസ്ഥ സംഘത്തിലേക്ക് അയാൾ കൂറ് മാറിയത് മോദിജി ശ്രദ്ധിച്ചില്ല. അതേ ഇറ്റാലിയൻ മാഫിയ കരുണാകരന് മുകളിൽ സമ്മർദ്ദം ചെലുത്തി, കേരളത്തിൽ നിന്നും നിഷ്ക്കാസിതനാക്കിയത് കണ്ടില്ല. ഇത് തമ്മിൽ ചേർത്ത് വായിച്ചാലറിയാം, യാഥാര്‍ത്ഥ്യം.

കൂടാതെ കഴിഞ്ഞ കുറേ കാലങ്ങളായി, ചാരക്കേസ് സംബന്ധിച്ച ചർച്ചകളിൽ സിബിഐ, സിജെഎം കോടതിയിൽ നൽകിയ റിപ്പോർട്ട് മുതലാണ് ചർച്ചകൾ തുടങ്ങുന്നത് തന്നെ. അതിന് മുമ്പ് നടന്ന വസ്തുതാപരമായ അന്വേഷണങ്ങൾ അത്രയും ഐബിയും, കേരളാപോലീസും പിന്നെ ആരെക്കയോ കൂടിയും ചേർന്ന് നടത്തിയ ഗൂഡാലോചന ആണെന്നാണ് നമ്പി നാരായണനും, അദ്ദേഹത്തെ മഹത്വവൽക്കരിക്കുന്നവരും കൂടി പറഞ്ഞു വയ്ക്കുന്നത്.

ഈ കേസ് അതിന്റ്റെ തുടക്കം മുതൽ ശ്രദ്ധിച്ച ഒരാളെന്ന നിലയിൽ നിലയിൽ പറയട്ടെ, സാമാന്യ ബുദ്ധിക്ക് നിരക്കാത്തതായ ഒട്ടനവധി കാര്യങ്ങൾ ഒറ്റ നോട്ടത്തിൽ കാണും വിധം തന്നെ നമ്മുടെ മുന്നിൽ ചോദ്യങ്ങളായുണ്ട്. ഓർമ്മയിലുള്ള ചിലത് ഞാനിവിടെ കുറിക്കാം. (വിശദമായി പിന്നീടെഴുതാം)

 1. ഈ കേസ് ആരംഭിക്കുന്നത്, 1994, ഒക്ടോബർ 20തിനാണ്.അത്, മറിയം റഷീദ വിസാ കാലാവധി കഴിഞ്ഞ ശേഷവും ഇന്ത്യയിൽ തങ്ങിയെന്നതിന്റ്റെ പേരിലുള്ള അറസ്റ്റോടെയാണ്. അവരുടെ പക്കൽ നിന്നും ഐഎസ്ആർഓയിലെ രേഖകളും, ശാസ്ത്രജ്ഞരുടെ പേരുകളും മറ്റ് വിവരങ്ങളുമടങ്ങിയ ഡയറി പിടിച്ചെടുത്തതിൽ നിന്നല്ലേ, ഈ കേസ് ഐഎസ്ആർഓയിലേക്ക് നീങ്ങിയത്..?
 2. ഒരാഴ്ച കഴിഞ്ഞ് അവരുടെ ഹാൻഡിലറായ ഫൗസിയ ഹസൻ അറസ്റ്റ് ചെയ്യപ്പെട്ടപ്പോൾ അവരിൽ നിന്നും പിടിച്ചെടുത്ത രേഖകൾ എന്തൊക്കെ..? ഇതൊക്കെ കേരളാ പോലീസ് തെളിവ് സഹിതം രേഖപ്പെടുത്തിയതാണ് എന്നോർക്കണം.
 3. ഈ രണ്ട് സ്ത്രീകളും മാലി ദ്വീപ് രഹസ്യാന്വേഷണ വിഭാഗത്തിൽ ജോലി ചെയ്തിരുന്നവരാണന്ന വിവരം നമ്മുടെ മാദ്ധ്യമങ്ങളുൾപ്പടെ എന്തിന് മറച്ചു വയ്ക്കുന്നു…?
  (മറിയം റഷീദ അവിടെ അസിസ്റ്റൻറ്റ് കമാൻഡന്റ്റായി ആണ് പോലീസിൽ നിന്നും റിട്ടയർ ചെയ്തതെന്ന വസ്തുത ഏതാനും വർഷങ്ങൾക്ക് മുൻപ് ഒരു ഇംഗ്ലീഷ് മാദ്ധ്യമം വാര്‍ത്ത നൽകിയിരുന്നു.)
 4. ഈ കേസിൽ നമ്പിക്ക് മുൻപേ അറസ്റ്റിലായ ശശികുമാർ, എന്തേ കേസിന് പോയില്ല..? അയാളുടെ വീട്ടിൽ നിന്നും റെയ്ഡിൽ പിടിച്ചെടുത്ത രേഖകൾ ആദ്യ എഫ്ഐആറിലുള്ളതല്ലേ..?
 5. കേരളാ പോലീസിൽ തങ്ങളുടെ സർവ്വീസ് കാലാവധിയത്രയും പൂർണ്ണ സത്യസന്ധരായി നിർഭയം ജോലി ചെയ്ത ഉദ്ദ്യോഗസ്ഥരായിരുന്ന സിബി മാത്യൂസ്, ഋഷിരാജ് സിങ്ങ്, സ്മാർട്ട് വിജയൻ, തമ്പി എസ് ദുർഗാദത്ത് തുടങ്ങിയ ഉദ്ദ്യോഗസ്ഥർ, അവരുമായി ഔദ്യോഗികമായി യാതൊരു ബന്ധവുമില്ലാത്ത ഐബി, റോ തുടങ്ങിയ ഏജൻസികളുമായി ചേർന്ന് ഇങ്ങനെ ഒരു ഗൂഡാലോചന നടത്തി എന്നാണ് പറയുന്നത്..? എന്തിന്..? ഇവരെ രണ്ട് കൊല്ലം കഴിഞ്ഞ് ഈ കേസന്വേഷിച്ച സെൻകുമാർ എന്തിന് പിന്താങ്ങി?.നമ്പി നാരായണൻ, ചാരനാണെന്ന്, സെൻകുമാർ ഇന്നും എന്തു കൊണ്ട് വിശ്വസിക്കുന്നു, പരസ്യമായി പറയുന്നു.?
  കരുണാകരനെ താഴെയിറക്കാനായിരുന്നോ ഇത്രയും വലിയ കഥ..?
  അങ്ങനെയെങ്കിൽ, ഇതിന് പ്രത്യുപകാരമായി, ആൻറ്റണിയോ ഉമ്മൻചാണ്ടിയോ എന്തു കൊണ്ട് ഈ ഉദ്ദ്യോഗസ്ഥരെ ഉയര്‍ന്ന പദവികളിൽ നിയമിച്ചില്ല..? പകരം അന്നവർ കരുണാകരനെ ക്രൂശിക്കാൻ കരുവാക്കിയ രമൺ ശ്രീവാസ്തവയെ എന്തിന് ഡിജിപിയാക്കി? ഇന്ന് പിണറായിയുടെ ഉപദേശകനും അതേ ശ്രീവാസ്തവ തന്നെയെന്ന് ഓർക്കുക..
 6. ചാരക്കേസ് തുടങ്ങിയ ദിനങ്ങളിൽ, 1994 നവം ഒന്നിന് നമ്പി നാരായണൻ എന്തിന് പെട്ടെന്ന് രാജി സമർപ്പിച്ചു..?
  തനിക്ക്, പതിനൊന്ന് ദിവസം കൊണ്ട് റിലീസ് വേണമെന്നും, വിദേശത്ത് പോകണമെന്നും രേഖാമൂലം ആവശ്യപ്പെട്ടു?.. രാജി വച്ച ഇയാളാണോ, അഞ്ച് കൊല്ലം കൊണ്ട് ക്രയോജനിക്ക് മല മറിച്ചേനേമെന്ന് വീമ്പിളക്കിയത്..?
 7. അവസാനമായി ഒരു കാര്യംകൂടി… ഐഎസ്ആർഓയിൽ അന്നത്തെ ഉത്തരവാദപ്പെട്ട ആരും എന്തേ നാളിതുവരെ നമ്പി നാരായണനായി ശബ്ദമുയർത്തിയില്ല..? കസ്തൂരിരംഗനോ, എപിജെ അബ്ദുൾകലാമോ, മാധവൻനായരോ ആരും..??!!!

ചോദ്യങ്ങൾ നിരവധിയാണ്.. ഉത്തരം നിസ്സാരവും.. സത്യം എന്നായാലും പുറത്തു വരും.. ഏകപക്ഷീയമായ ഹിയറിംഗ് നടത്തി എന്ന് ഇതിനോടകം, ആരോപണമുയർന്ന ജയിൻ കമ്മീഷൻ റിപ്പോർട്ട് പുറത്ത് വിടാതെ സിബിഐയോട് പുനരന്വേഷണം നടത്താനാവശ്യപ്പെട്ട നടപടി സ്വാഗതാർഹമാണ്.

ഒരു പക്ഷേ ചെയ്ത് പോയ അപരാധം തിരുത്താൻ മോദിജിക്ക് ഇതിലൂടെ അവസരമുണ്ടാകുമെന്ന് ഞാൻ ആത്മാർത്ഥമായി വിശ്വസിക്കുന്നു.
(ഈ കുറിപ്പ് ഓർമ്മയിൽ നിന്നുമെഴുതിയതാണ്. വസ്തുതകളോടെ വിശദമായി വീണ്ടുമെഴുതാം..)
രഞ്ജിത്ത് ഗോപാലകൃഷ്ണൻ

https://mediamangalam.com/archives/49925

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close