Breaking NewsKERALANEWS

ചിറയിൻകീഴിലും അമ്പലപ്പുഴയിലും നോട്ടക്കും പിന്നിൽ; 19 സീറ്റുകളിൽ മത്സരിച്ച വെൽഫെയർ പാർട്ടിക്കും നേരിട്ടത് വലിയ തിരിച്ചടി; യുഡിഎഫ് പ്രണയം പാർട്ടിയെ തിരിഞ്ഞ് കൊത്തിയത് ഇങ്ങനെ

കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫ് വിവാദങ്ങളിൽ പെട്ടത് വെൽഫെയർ പാർട്ടിയുമായുള്ള സഖ്യം സംബന്ധിച്ചായിരുന്നു. എന്നാൽ, നിയമസഭാ തെരഞ്ഞെടുപ്പിൽ വെൽഫെയർ പാർട്ടിയും യുഡിഎഫും തമ്മിൽ പരസ്യമായി സഖ്യമോ ധാരണയോ ഉണ്ടായിരുന്നില്ലെങ്കിലും വെൽഫെയർ പാർട്ടിയുടെ സ്ഥാനാർത്ഥി നിർണയം യുഡിഎഫിനെ സഹായിക്കുന്ന നിലയിലാണ് എന്ന് വിമർശനം ഉയർന്നിരുന്നു. തെരഞ്ഞെടുപ്പ് ഫലം അവലോകനം ചെയ്യുമ്പോൾ അത്തരം നിലപാടുകൾ പാർട്ടിക്കും വലിയ തിരിച്ചടിയായി എന്ന് സമ്മതിക്കുകയാണ് പാർട്ടി നേതൃത്വം.

നിയമസഭാ തെരഞ്ഞെടുപ്പില്‍ 19 മണ്ഡലങ്ങളിലാണ് വെല്‍ഫെയര്‍ പാര്‍ട്ടി മത്സരിച്ചത്. മിക്കയിടങ്ങളിലും ലഭിച്ചത് കഴിഞ്ഞ തവണത്തേക്കാള്‍ കുറഞ്ഞ വോട്ടുകളും. അതില്‍ തിരുവനന്തപുരം ജില്ലയിലെ ചിറയിന്‍കീഴ് മണ്ഡലത്തിലും ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ മണ്ഡലത്തിലും നോട്ടക്കും പിന്നിലാണ് വെൽഫെയർ പാർട്ടി സ്ഥാനാർത്ഥിക്ക് ലഭിച്ച വോട്ടുകൾ. അഞ്ച് മണ്ഡലങ്ങളില്‍ മാത്രമാണ് പാർട്ടിക്ക് കഴിഞ്ഞ തവണത്തേക്കാള്‍ കൂടുതല്‍ വോട്ടു നേടാനായത്.

2016ല്‍ വെല്‍ഫെയര്‍ പാര്‍ട്ടി ആദ്യമായി നേരിട്ട നിയമസഭാ തെരഞ്ഞെടുപ്പില്‍ ചിറയിന്‍കീഴ് മണ്ഡലത്തില്‍ 955 വോട്ടുകളായിരുന്നു നേടിയത്. ഇത്തവണ അത് 616 വോട്ടുകളായി കുറഞ്ഞു. അതേ മണ്ഡലത്തില്‍ 758 വോട്ടുകളാണ് നോട്ടയ്ക്ക് ലഭിച്ചത്. അമ്പലപ്പുഴ മണ്ഡലത്തില്‍ 2016ല്‍ 878 വോട്ടുകള്‍ നേടിയപ്പോള്‍ ഇത്തവണ അത് 525 വോട്ടാണ്. അവിടെ നോട്ടയുടെ വോട്ട് 591 ആണ്.

കൊല്ലം ജില്ലയിലെ ചടയമംഗലം മണ്ഡലത്തില്‍ 2016ല്‍ 1,222 വോട്ട് നേടിയത് ഇത്തവണ 605 ആയി കുറഞ്ഞു. ആലുവ, കയ്പമംഗലം, പട്ടാമ്പി, പൊന്നാനി, വണ്ടൂര്‍, മലപ്പുറം, ബാലുശ്ശേരി, തൃക്കരിപ്പൂര്‍ എന്നീ മണ്ഡലങ്ങളിലും വലിയ കുറവാണ് കഴിഞ്ഞ തവണത്തേക്കാള്‍ വോട്ട് വിഹിതത്തിലുണ്ടായത്. വോട്ട് വര്‍ധിപ്പിച്ച അഞ്ച് മണ്ഡലങ്ങളിലും നേരിയ വര്‍ധന മാത്രമാണ് പാര്‍ട്ടിക്ക് നേടാന്‍ കഴിഞ്ഞത്.

കഴിഞ്ഞ തദ്ദേശ തെരഞ്ഞടുപ്പില്‍ യു.ഡി.എഫ് പിന്തുണയോടെയായിരുന്നു മിക്കയിടങ്ങളിലും വെല്‍ഫെയര്‍ പാര്‍ട്ടി മത്സരിച്ചിരുന്നത്. നിയമസഭ തെരഞ്ഞെടുപ്പില്‍ വെല്‍ഫെയര്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയത് യു.ഡി.എഫുമായുള്ള രഹസ്യ ധാരണയുടെ അടിസ്ഥാനത്തിലാണെന്നുള്ള വിമര്‍ശനമുണ്ടായിരുന്നു. തെരഞ്ഞെടുപ്പില്‍ വെല്‍ഫെയര്‍ പാര്‍ട്ടിയുടെ സാന്നിധ്യം ഏതെങ്കിലും വിധത്തില്‍ യു.ഡി.എഫിന്റെ വിജയത്തെ സ്വാധീനിക്കുന്ന മണ്ഡലങ്ങളിലൊരിടത്തും മത്സരിക്കാതെ യു.ഡി.എഫിന് വലിയ ഭൂരിപക്ഷമുള്ള മണ്ഡലങ്ങളില്‍ മാത്രം കേവലം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുകയാണ് വെല്‍ഫെയര്‍ പാര്‍ട്ടി ചെയ്തിരിക്കുന്നതെന്നായിരുന്നു വിമര്‍ശനം.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close