MoviesTop News

ചിലര്‍ വരുമ്പോള്‍ നിയമവും വഴിമാറും! നിയമത്തിനതീതമോ താരപദവി?

ആഢംബരക്കാറുകളോട് ഏറെ ഭ്രമമുള്ള ഹരീന്ദ്രന്‍ എന്ന സൂപ്പര്‍സ്റ്റാര്‍. ഈ താരത്തോട് ഏറെ ആരാധനയുള്ള എന്നാല്‍ തന്റെ കര്‍ത്തവ്യ നിര്‍വഹണത്തില്‍ യാതൊരു വിട്ടുവീഴ്ചയും ചെയ്യാത്ത കുരുവിള എന്ന വെഹിക്കിള്‍ ഇന്‍സ്പെക്റ്റര്‍. താരത്തിനു ലൈസന്‍സില്ല എന്നറിയുമ്പോള്‍ ‘ഇനി താന്‍ ലൈസന്‍സ് എടുത്തിട്ട് വണ്ടി ഓടിച്ച മതി’ എന്ന് സധൈര്യം പറയുന്നു. കുരുവിളയുടെ ജീവിതത്തില്‍ പിന്നെ പ്രതിസന്ധികളുടെ ഘോഷയാത്രയാണ്. ഏറ്റവുമൊടുവില്‍ താരത്തിന്റെ ആരാധകര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്റ്ററെ കൈവയ്ക്കുന്നതില്‍ എത്തുന്നു കാര്യങ്ങള്‍. എങ്കിലും താരത്തേക്കാളെറെ കൈയടി വാങ്ങുന്നുണ്ട് സിനിമയില്‍ കുരുവിള. മലയാളത്തില്‍ ഏറെ വിജയം കൊയ്ത ഡ്രൈവിംഗ് ലൈസന്‍സ് എന്ന സിനിമയിലേതാണ് ഈ രംഗങ്ങള്‍. ഇതു സിനിമയിലെ മാത്രം കൈയടിക്കിട്ടിപ്പോകുന്ന രംഗങ്ങളാണ്. സിനിമയ്ക്കപ്പുറം സമൂഹത്തിലൊരു കുരുവിളയുമുണ്ടാകില്ല എന്നു ഉറപ്പുവരുന്ന കാര്യങ്ങളാണ് ചുറ്റും സംഭവിക്കുന്നത്.

അതിനടിവരയിടുന്ന പോലെ കഴിഞ്ഞ ദിവസമാണ് താരരാജക്കന്‍മാരുടെ മത്സരയോട്ടം നടന്നത്. വാഹനഭ്രമത്തിന് പേരുകേട്ട പൃഥ്വിരാജും ദുല്‍ഖര്‍ സല്‍മാനും ആയിരുന്നു മത്സരാര്‍ത്ഥികള്‍. വേദിയായതാവട്ടെ എറണാകുളം- കോട്ടയം പൊതു നിരത്തും. പൃഥ്വിരാജിന്റെ ലംബോര്‍ഗിനിയും ദുല്‍ഖര്‍സല്‍മാന്റെ പോര്‍ഷെയുമാണ് മത്സരവണ്ടികള്‍. ആസിഫലിയുടെ ഒരു സുഹൃത്തും ഇതിലുള്‍പ്പെട്ടിട്ടുണ്ട്. കോടികള്‍ മുതല്‍ മുടക്കി വാങ്ങിയ വണ്ടികള്‍ ലോക്ഡൗണ്‍ കാലത്ത് പണിയൊന്നും ഇല്ലാതെ വെറുതെയിരിക്കുകയായിരുന്നു. ഏറെനാള്‍ അനങ്ങാതിരുന്നാല്‍ വണ്ടികള്‍ക്ക് കേടുപാട് സംഭവിക്കുമത്രേ. അപ്പോള്‍ പിന്നെ എന്താണ് ചെയ്യുക. മറ്റൊന്നുമല്ല. ഒന്നു മത്സയോട്ടം നടത്തിയേക്കാം. ആഢംബര വണ്ടികളല്ലേ. കുറഞ്ഞത് നൂറിനു മുകളില്‍ പോയില്ലെങ്കില്‍ എന്തു രസം.

അതിനാലാണ് ജനങ്ങളുടെ ജീവനേക്കാള്‍ വിലയുള്ള വണ്ടികള്‍ക്ക് അസുഖമൊന്നും ഉണ്ടാകാതിരിക്കാന്‍ പൊതുനിരത്തില്‍ അഭ്യാസ പ്രകടനം നടത്തിയത്. ഇതിനെ ചോദ്യം ചെയ്യാന്‍ മുഖ്യധാരാ മാധ്യമങ്ങളൊന്നും മെനക്കെട്ടില്ല. അതിനുമുപരി ഇത്ര വലിയ നിരുത്തരവാദിത്തപരമായ നടപടി താരങ്ങളുടെ ഭാഗത്തുനിന്നുമുണ്ടായിട്ടും അതിനെതിരെ ഒരു നടപടിയും അധികാരികളുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല. കാറുകള്‍ വേഗപരിധി ലംഘിച്ചിട്ടില്ല എന്നാണ് അധികൃതരുടെ പക്ഷം. ഇരുചക്ര വാഹനങ്ങളില്‍ പുറകിലിരിക്കുന്ന യാത്രക്കാര്‍ക്ക് വരെ ഹെല്‍മറ്റ് നിര്‍ബന്ധമാക്കിയിട്ടുണ്ട് നമ്മുടെ സര്‍ക്കാര്‍. സാധാരണക്കാരിലൊരാള്‍ ഹെല്‍മറ്റ് വച്ചില്ലെങ്കിലോ മാസ്‌ക് ധരിച്ചില്ലെങ്കിലോ പോലും പിഴയെന്നപേരില്‍ വലിയൊരു തുക സര്‍ക്കാര്‍ ഖജനാവിലെത്തിക്കുന്നു അധികൃതര്‍. മാസ്‌ക് ധരിക്കാത്തവരെ പിടിക്കാന്‍ മാത്രം മാസ്‌ക് ടാസ്‌ക് ഫോഴ്സ് എന്നപേരില്‍ പോലീസിലൊരു വിഭാഗവുമുണ്ട്. ഇതെല്ലാം ജനസുരക്ഷയെ കരുതി മാത്രം നടപ്പാക്കുന്നതാണ്.

സാധാരണക്കാര്‍ക്ക് മാത്രമാണ് ഇത്തരം സുരക്ഷാ മുന്‍കരുതലുകള്‍ ഉള്ളത്. സമൂഹത്തിന് മുന്നില്‍ താര പദവിയില്‍ നില്‍ക്കുന്നവര്‍ക്കും ഉന്നതവിഭാഗത്തിലുള്ളവര്‍ക്കും അധികൃത വര്‍ഗത്തിനും ഇത് ബാധകമല്ല. അവര്‍ തെറ്റുചെയ്താലും അതെല്ലാം തെറ്റല്ലാതാകും. അതിനെ ഒന്നും ആരും ചോദ്യം ചെയ്യില്ല. ശ്രീറാം വെങ്കിട്ടരാമനൊക്കെ മര്യാദരാമന്‍മാരായി ജനങ്ങളെ വീണ്ടും സേവിക്കുന്നത് അതുകൊണ്ട് മാത്രമാണ്. ഇത്ര ദൂരം സഞ്ചരിച്ചിട്ടും വാഹനങ്ങളുടെ വേഗ പരിധിനിര്‍ണയിക്കാനുള്ള സംവിധാനങ്ങളോ സിസിടിവി ദൃശ്യങ്ങളോ അധികൃതര്‍ക്ക് ഇതുവരെയും ലഭ്യമായിട്ടില്ല എന്നാണ് ലഭ്യമാകുന്ന വിവരങ്ങള്‍. പൊതുജനങ്ങളുടെ ജീവന് തീരെ വിലയില്ലാതാകുന്നതും ഇത്തരം സന്ദര്‍ഭങ്ങളിലാണ്. കൃത്യമായ തെളിവുകള്‍ ലഭിക്കാത്തതിനാല്‍ തെളിവുകളില്ല എന്നാണ് അവരുടെ പക്ഷം. ഇനി തെളിവുകള്‍ ലഭിച്ചാലും നടന്‍മാരുടെ കാറുകള്‍ ആരാണോടിച്ചത് എന്ന അറിവുമില്ല. ആരു വാഹനം ഓടിച്ചു എന്നതും സംശയമായി തുടരുന്നു.

ഇനി ആരു വാഹനമോടിച്ചാലും ഉടമകളുടെ പേരില്‍ കേസെടുക്കാം എന്ന വ്യവസ്ഥയും ഈ നാട്ടിലുണ്ട്. മോശം റോഡ് കാരണം കോടികള്‍ വിലമതിക്കുന്ന ലംബോര്‍ഗിനി വീട്ടില്‍ കിടക്കുവാണെന്ന് പരാതി പറഞ്ഞവരാണ് ഇപ്പോള്‍ നടുറോഡില്‍ പട്ടാപ്പകല്‍ മത്സരയോട്ടം സംഘടിപ്പിച്ചത്. സമൂഹത്തില്‍ ഒരു സാധാരണക്കാരനും ഉന്നതനും ലഭിക്കുക വ്യത്യസ്ഥ നിയമവും നിയമ പരിരക്ഷയുമാണ്. ഈ വ്യവസ്ഥിതി ഇങ്ങനെ തുടരുന്നിടത്തോളം കാലം ആര്‍ക്കും തെറ്റുകള്‍ ചെയ്യാം. ചെയ്ത തെറ്റുകള്‍ക്കൊന്നും തെളിവുകളുമില്ലാതെയാവാം. ചോദ്യം ചെയ്യലുകളും ഉണ്ടാവില്ല.

Tags
Show More

Related Articles

Back to top button
Close