
കൊച്ചി: ചമ്പക്കര പാലം ഉദ്ഘാടനച്ചടങ്ങില്‍ ചീഫ് സെക്രട്ടറി പ്രോട്ടോകോള്‍ ലംഘിച്ചെന്ന ആരോപണവുമായി ഹൈബി ഈഡന് എംപിയും പി.ടി.തോമസ് എംഎല്‍എയും. സ്വാഗത പ്രസംഗത്തില്‍ ചീഫ് സെക്രട്ടറി വിശ്വാസ് മെഹ്ത്ത എംപിയുടെയും എംഎല്‍എയുടെയും മേയറുടെയും പേര് പരാമര്‍ശിക്കാതെ വിട്ടുകളയുകയായിരുന്നെന്നും രാജാവിനേക്കാള്‍ വലിയ രാജഭക്തിയാണ് ചീഫ് സെക്രട്ടറിയ്ക്കെന്നും പി.ടി. തോമസ് എംഎല്‍എ പ്രതികരിച്ചു.
പ്രോട്ടോകോള്‍ പ്രകാരം ചീഫ് സെക്രട്ടറിയ്ക്കും മുകളിലാണ് എംപിയുടെയും എംഎല്‍എയുടെയും സ്ഥാനം. നോട്ടീസില്‍ പേരുണ്ടായിരുന്നിട്ടും എംപിയുടെയോ എംഎല്‍എയുടെയോ മേയറുടെയോ പേരുകള്‍ പറഞ്ഞില്ല. മാത്രമല്ല മന്ത്രി ശശീന്ദ്രന് പ്രസംഗത്തിനു ശേഷം മേയറെ പ്രസംഗിക്കാന്‍ ക്ഷണിച്ചപ്പോള്‍ പരിപാടി കഴിഞ്ഞെന്നു പറഞ്ഞ് അത് തടയുകയും ചെയ്തു. ഇതേത്തുടര്‍ന്ന് വേദിയില്‍ തന്നെ ഹൈബി ഈഡന് എംപിയും സ്ഥലം എംഎല്‍എ ആയ ഞാനും പ്രതിഷേധം അറിയിക്കുകയും ചെയ്തു.
നല്ലൊരു പരിപാടി അലങ്കോലമാകരുത് എന്നു കരുതിയാണ് അവസാനംവരെ ഇരുന്നത്. ഞാന്‍ സംസാരിച്ചപ്പോള്‍ കേള്‍ക്കുന്നില്ല സാങ്കേതിക പ്രശ്നമാണെന്നാണ് പറഞ്ഞത്. മൈക്ക് ഓഫ് ചെയ്തതാവാന്‍ സാധ്യതയുണ്ടെങ്കിലും അക്കാര്യം ഉറപ്പിച്ചുപറയാനാവില്ല. ഇന്നത്തേതുള്‍പ്പെടെ പല പരിപാടികളിലായി ഈ അവഗണന തുടരുന്നു. സ്വാഗതപ്രസംഗത്തില്‍ പേരു പറഞ്ഞില്ലെന്നു കരുതി ഞങ്ങളുടെ പൊതുജീവിതം അവസാനിച്ചുപോകുമെന്നൊന്നും കരുതുന്നില്ല. എന്നാല്‍, നാളെ ഒരു എംഎല്‍എയ്ക്കും എംപിയ്ക്കും ഈ അവസ്ഥ ഉണ്ടാകരുതെന്ന് കരുതിയാണ് പ്രതികരിക്കുന്നത്.
കേരളത്തിലെ 140 എംഎല്‍എമാര്‍ക്കും വേണ്ടി നിയമസഭാ സ്പീക്കര്‍ക്ക് ഇതു സംബന്ധിച്ച് പരാതി നല്‍കും. ലോക്സഭാ സ്പീക്കര്‍ക്ക് പരാതി നല്‍കുമെന്ന് ഹൈബി ഈഡന് എംപിയും അറിയിച്ചിട്ടുണ്ട്. വകുപ്പ് മന്ത്രി ശശീന്ദ്രന് മേയറെ പ്രസംഗത്തിന് ക്ഷണിക്കുകയാണ് ചെയ്തത്. ചീഫ് സെക്രട്ടറിയ്ക്ക് രാജാവിനേക്കാള്‍ വലിയ രാജഭക്തിയാണ്. മുഖ്യമന്ത്രിയെ സന്തോഷിപ്പിക്കാനാണോ ചീഫ് സെക്രട്ടറിയുടെ പ്രോട്ടോകോള്‍ ലംഘനമെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഇക്കാര്യത്തിലുള്ള നിലപാട് മുഖ്യമന്ത്രിയും വ്യക്തമാക്കണം, പി.ടി.തോമസ് ആവശ്യപ്പെട്ടു. ചീഫ് സെക്രട്ടറിയും കെഎംആര്‍എല്‍ എംഡിയും ഒത്തുചേര്‍ന്ന് മെട്രോയുടെയും സ്മാര്‍ട്ട് സിറ്റിയുടെയും ഉള്‍പ്പെടെയുള്ള പല പരിപാടികളില്‍ നിന്നും താനുള്‍പ്പെടെയുള്ള ജനപ്രതിനിധികളെ ഒഴിവാക്കുകയാണെന്ന് ഹൈബി ഈഡന് എംപി ആരോപിച്ചു. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്താണ് പാലം പണിയാനുള്ള തീരുമാനമുണ്ടായത്. പ്രസിഡന്റ് നഗരത്തില്‍ വന്നാലും സ്വീകരിക്കാന്‍ ഉത്തരവാദിത്തമുള്ള മേയറെ പോലും അവഗണിച്ചത് ഗുരുതരമായ പ്രോട്ടോകോള്‍ ലംഘനമാണെന്നും എംപി കൂട്ടിച്ചേര്‍ത്തു.