KERALANEWSTop News

ചീറിപ്പാഞ്ഞെത്തിയ വെടിയുണ്ട പ്രിയ സഖാവിന്റെ ജീവനെടുത്തിട്ടും തിരിഞ്ഞോടാത്ത കമ്മ്യൂണിസ്റ്റ്; കാലം നമിക്കുന്ന കാഴ്ച്ചപ്പാടുകളുമായി അഡ്വ. ജി ആർ അനിലിന് ഇനി പുതിയ നിയോഗം

തിരുവനന്തപുരം: ഊരിപ്പിടിച്ച കത്തികള്‍ക്ക് മുന്നിലൂടെ മാത്രമല്ല, ചീറിപ്പാഞ്ഞെത്തിയ വെടിയുണ്ടകള്‍ക്ക് മുന്നിലും പതറാതെ നിന്ന കമ്മ്യൂണിസ്റ്റുകാരന്‍ അഡ്വ. ജി ആര്‍ അനിലിന് ഇനി പുതിയ നിയോഗം.25 സീറ്റില്‍ മത്സരിച്ച പാര്‍ട്ടിക്ക് 17 സീറ്റുകളില്‍ വിജയം സമ്മാനിച്ചാണ് കേരളജനത ലാളിത്യത്തിന്റെയും ആദര്‍ശത്തിന്റെയും പ്രതീകമായ സിപിഐക്ക് അം?ഗീകാരം നല്‍കിയത്. സിപിഐ മന്ത്രിപദത്തിലേക്ക് ചര്‍ച്ച ചെയ്യുന്നത് പ്രധാനമായും നാല് പേരുകളില്‍ ആദ്യം മുതല്‍ തന്നെ നിറഞ്ഞു നിന്ന പേര് ആയിരുന്നു അഡ്വ. ജി ആര്‍ അനിലിന്റേത്.

നടുക്കാട് സാല്‍വേഷന്‍ ആര്‍മി എല്‍ പി സ്‌കൂളിലും കൃഷ്ണപുരം യുപിഎസിലും എസ്എംവി ഹൈസ്‌കൂളിലുമായി സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. എം ജി കോളേജില്‍ പ്രീഡിഗ്രിയും യൂണിവേഴ്സിറ്റി കോളേജില്‍നിന്ന് ബി എ പൊളിറ്റിക്സ് ബിരുദവും ലോ-അക്കാദമിയില്‍നിന്ന് എല്‍എല്‍ബി ബിരുദവും നേടി. വിദ്യാര്‍ഥി -യുവജന രംഗങ്ങളില്‍ പ്രവര്‍ത്തിക്കുമ്പോള്‍ നിരവധി സമരങ്ങളില്‍ പങ്കെടുത്ത് പലതവണ പൊലീസ് മര്‍ദനവും ജയില്‍ വാസവും അനുഭവിച്ചിട്ടുണ്ട്.

എഐഎസ്എഫ് യൂണിവേഴ്‌സിറ്റി കോളജ് യൂണിറ്റ് സെക്രട്ടറിയായിട്ടാണ് ജി ആര്‍ അനില്‍ രാഷ്ട്രീയ രംഗത്ത് ചുവടുറപ്പിക്കുന്നത്. 1983-84 കാലഘട്ടത്തിലാണ് ആദ്യമായി തെരഞ്ഞെടുപ്പിനെ നേരിടുന്നത്. അന്ന് യൂണിവേഴ്‌സിറ്റി കോളജ് യൂണിയന്‍ ജനറല്‍ സെക്രട്ടറിയായി അനില്‍ തെരഞ്ഞെടുക്കപ്പെട്ടു. പ്രീഡിഗ്രി ബോര്‍ഡിനെതിരായ സമരങ്ങളില്‍ പങ്കെടുക്കാന്‍ തുടങ്ങിയതോടെയാണ് പൊലീസ് മര്‍ദ്ദനങ്ങളും ജയില്‍വാസവും ജി ആര്‍ അനില്‍ എന്ന യുവ കമ്മ്യൂണിസ്റ്റിന്റെ ജീവിതത്തിന്റെ ഭാഗമായി മാറുന്നത്. അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ടി എം ജേക്കബിനെ വിജെടി ഹാളില്‍ എത്തി തടഞ്ഞ വിദ്യാര്‍ത്ഥി നേതാവ് ആദ്യമായി ലാത്തിയുടെ ചൂടും ജയിലിന്റെ ചൂരും അനുഭവിച്ചു. പിന്നീടങ്ങോട്ട് പ്രസ്ഥാനത്തിന്റെ നിലപാടുകള്‍ ഉയര്‍ത്തിപ്പിടിച്ച് അനില്‍ സമര പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കി.

എണ്‍പതുകളിലും തൊണ്ണൂറുകളിലും കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ക്കെതിരായി നടത്തിയ വിദ്യാര്‍ത്ഥി- യുവജന സമരങ്ങള്‍ക്കെല്ലാം തിരുവനന്തപുരത്ത് നേതൃത്വം നല്‍കിയത് ജി ആര്‍ അനിലായിരുന്നു. സ്വാശ്രയ കോളജുകള്‍ അനുവദിക്കുന്നതിനെതിരെ കെ കരുണാകരന്‍ സര്‍ക്കാരിനെതിരെ നടത്തിയ സമരമാണ് അതില്‍ ഏറ്റവും നിര്‍ണായകമായത്. 1991 മെയ് മാസത്തില്‍ അധികാരത്തില്‍ വന്ന കെ കരുണാകരന്റെ നേതൃത്വത്തിലുള്ള യുഡിഎഫ് സര്‍ക്കാര്‍ മെഡിക്കല്‍ വിദ്യാഭ്യാസം സ്വകാര്യവല്‍ക്കരിക്കാന്‍ നടത്തിയ നീക്കത്തിനെതിരായ സമരത്തിലാണ് യുവജന വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിന്റെ പ്രിയങ്കരനായ നേതാവ് ജയപ്രകാശ് രക്തസാക്ഷി ആയത്. അന്ന് എഐവൈഎഫിന്റെ തിരുവനന്തപുരം ജില്ലാ പ്രസിഡന്റാണ് അഡ്വ. ജി ആര്‍ അനില്‍. ജയപ്രകാശ് എഐഎസ്എഫ് തിരുവനന്തപുരം സിറ്റി കമ്മിറ്റി സെക്രട്ടറിയും. ജി ആര്‍ അനിലിന്റെ നേതൃത്വത്തില്‍ 1991 ഡിസംബര്‍ 9ന് സമരമുഖത്ത് അണിനിരന്ന ജയപ്രകാശിന് നേരെ കുടപ്പനക്കുന്നില്‍ വെച്ച് കെ കരുണാകരന്റെ പൊലീസ് നിറയൊഴിക്കുന്നത്. വെടിയേറ്റ ജയപ്രകാശ് ഡിസംബര്‍ 10ന് മരണമടഞ്ഞു. ഒപ്പം നിന്ന പ്രിയ സഖാവ് വെടിയേറ്റ് വീണിട്ടും ജി ആര്‍ അനിലിന്റെ പോരാട്ട വീര്യത്തെ തളര്‍ത്താന്‍ ഭരണകൂടത്തിന് കഴിഞ്ഞില്ല. വിദ്യാര്‍ത്ഥി- യുവജന രംഗത്ത് നിന്നും നേടിയ അനുഭവങ്ങള്‍ പിന്നീട് തലസ്ഥാന ജില്ലയിലെ പ്രിയപ്പെട്ട കമ്മ്യൂണിസ്റ്റ് നേതാവായി അനിലിനെ വളര്‍ത്തുകയായിരുന്നു.

എഐഎസ്എഫ് യൂണിറ്റ് സെക്രട്ടറിയായി ആരംഭിച്ച രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ ഓരോ പടവുകളും കയറിയാണ് അനില്‍ സിപിഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറി പദം വരെയെത്തുന്നത്. എഐഎസ്എഫ് യൂണിറ്റ് സെക്രട്ടറി, തിരുവനന്തപുരം സിറ്റി കമ്മിറ്റി സെക്രട്ടറി, ജില്ലാ പ്രസിഡന്റ്, സെക്രട്ടറി, സംസ്ഥാന ജോയിന്റ് സെക്രട്ടറി എന്നീ നിലകളില്‍ അനില്‍ തിളങ്ങി. പിന്നീട് എഐവൈഎഫിലേക്ക് പ്രവര്‍ത്തനരംഗം മാറ്റിയ അദ്ദേഹം തലക്കാട് യൂണിറ്റ് സെക്രട്ടറിയില്‍ നിന്നും നേമം മണ്ഡലം സെക്രട്ടറി, ജില്ലാ ജോയിന്റ് സെക്രട്ടറി, ജില്ലാ സെക്രട്ടറി തുടങ്ങിയ പദവികള്‍ വഹിച്ച് സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം വരെയായി. പാര്‍ട്ടിയിലും താഴെ തട്ടില്‍ നിന്നും തന്നെ വളര്‍ന്നാണ് അനില്‍ എത്തുന്നത്. സിപിഐ ബ്രാഞ്ച് സെക്രട്ടറിയായി ആരംഭിച്ച പാര്‍ട്ടി പ്രവര്‍ത്തനം ലോക്കല്‍ കമ്മിറ്റി അസിസ്റ്റന്റ് സെക്രട്ടറി, മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി, മണ്ഡലം സെക്രട്ടറി, ജില്ലാ എക്‌സിക്യൂട്ടീവ് അംഗം, ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി തുടങ്ങിയ പദവികള്‍ വഹിച്ച ശേഷം ജില്ലാ സെക്രട്ടറി വരെയായി.

തിരുവനന്തപുരത്തെ സിപിഐ വലിയ പ്രതിസന്ധി നേരിടുന്ന കാലത്താണ് ജി ആര്‍ അനില്‍ പാര്‍ട്ടിയുടെ അമരക്കാരനായി എത്തുന്നത്. ജില്ലയിലെ പ്രമുഖരായ രണ്ട് നേതാക്കള്‍ പാര്‍ട്ടി വിട്ട് പോയതോടെ ദുര്‍ബലമായ സംഘടനാ സംവിധാനം, തിരുവനന്തപുരം പാര്‍ലമെന്റ് മണ്ഡലത്തിലെ ബെന്നറ്റ് എബ്രഹാമിന്റെ സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ട വിവാദം പൊതു സമൂഹത്തില്‍ ഉണ്ടാക്കിയ മോശം പ്രതിച്ഛായ, ഒരു ചില്ലിക്കാശ് പോലും സംഘടനാ പ്രവര്‍ത്തനത്തിന് ഇല്ലാത്ത സാമ്പത്തികാവസ്ഥ. മറ്റേതൊരു നേതാവാണെങ്കിലും പാര്‍ട്ടിയാപ്പീസും പൂട്ടി വീട്ടില്‍ പോയിരിക്കുമായിരുന്ന സാഹചര്യത്തിലാണ് ജി ആര്‍ അനിലിനെ തലസ്ഥാന ജില്ലയില്‍ പാര്‍ട്ടിയെ ജീവനോടെ നിലനിര്‍ത്താന്‍ സിപിഐ സംസ്ഥാന നേതൃത്വം നിയോഗിക്കുന്നത്. പിന്നീട് സിപിഐ കണ്ട ആറു വര്‍ഷങ്ങള്‍ തിരുവനന്തപുരം ജില്ലയിലെ സിപിഐയുടെ തിരിച്ച് വരവിന്റെ നാളുകളായിരുന്നു. പാര്‍ട്ടി നേതൃത്വത്തിന്റെ ഗരിമയില്‍ ജില്ലയുടെ പല ഭാഗങ്ങളില്‍ നിന്നും ആയിരങ്ങള്‍ സിപിഐയിലേക്കെത്തി. തിരുവനന്തപുരത്ത് പാര്‍ലമെന്ററി രംഗത്തും സംഘടനാ രംഗത്തും നിര്‍ണായക ശക്തിയായി സിപിഐ മാറുന്നതിന് ലാളിത്യവും നിശ്ചയ ദാര്‍ഢ്യവും കൈമുതലായുള്ള അനിലിന്റെ നേതൃത്വത്തിന് കഴിഞ്ഞു.

എതിരാളികളുടെയും അനിലേട്ടന്‍

തിരുവന്തപുരം ജില്ലയിലെ രാഷ്ട്രീയ- സമൂഹിക-സാംസ്‌കാരിര രംഗങ്ങളിലെ നിറ സാന്നിധ്യമാണ് അഡ്വ. ജി ആര്‍ അനില്‍. സൗമ്യമായ പെരുമാറ്റവും ഇടപെടലും കൊണ്ട് എതിരാളികള്‍ക്ക് പോലും അദ്ദേഹം ‘അനിലേട്ട’നാണ്. പത്തുവര്‍ഷം തിരുവനന്തപുരം നഗരസഭയിലെ നേമം വാര്‍ഡ് കൗണ്‍സിലറായാണ് പാര്‍ലമെന്ററി രംഗത്ത് അനില്‍ ശ്രദ്ധേയനായത്. ആദ്യ ടേമിലെ കൗണ്‍സിലര്‍ എന്നനിലയിലെ പ്രവര്‍ത്തനം അടുത്ത ടേമില്‍ ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എന്ന സ്ഥനത്തേക്ക് എത്തിച്ചു. ഈ കാലയളവിലാണ് നഗരസഭയുടെ നേതൃത്വത്തില്‍ സ്‌കൂളുകളില്‍ ആദ്യമായി പ്രഭാത ഭക്ഷണ പരിപാടി ആരംഭിക്കുന്നത്. ആറ്റുകാല്‍ പൊങ്കാല കഴിഞ്ഞ് മണിക്കൂറുകള്‍ക്കുള്ളില്‍ നഗരം ശുചീകരിച്ച് ലോക ശ്രദ്ധയാകര്‍ഷിച്ച പദ്ധതി നടപ്പാക്കി എല്ലാവരുടെയും കൈയടി നേടി. ഈ നേട്ടം ഏറ്റവും നല്ല കൗണ്‍സിലര്‍ക്കുള്ള സംസ്ഥാന പുരസ്‌കാരത്തിലേക്ക് എത്തിച്ചു.

എഐടിയുസി സംസ്ഥാന വര്‍ക്കിങ് കമ്മിറ്റി അംഗം, ഔഷധി ഡയറക്ടര്‍ ബോര്‍ഡ് അംഗം, ഹാന്‍ടെക്സ് ഡയറക്ടര്‍, കൈത്തറി – ക്ഷീരസംഘം പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. കൈമനം എന്‍എസ്എസ് കോളേജ് റോഡിലെ ദേവികയിലാണ് താമസം. ഭാര്യ: മുന്‍ എംഎല്‍എ ഡോ. ആര്‍ ലതാദേവി. (വര്‍ക്കല എസ് എന്‍ കോളേജ് ചരിത്രവിഭാഗം മുന്‍ മേധാവി). മകള്‍: അഡ്വ. ദേവിക എ എല്‍, മരുമകന്‍ : മേജര്‍ എസ് പി വിഷ്ണു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close