
കോവിഡ് അതിതീവ്രമായ ഡല്‍ഹിയില്‍ ലോകത്തിന്റെ കണ്ണുകളെല്ലാം തുറന്നിരുന്നത് ധാരവി എന്ന ഇരുണ്ട ചേരിയിലേക്കായിരുന്നു. എല്ലാം കൈവിട്ടു പോകുമെന്നു ഭരണകൂടവും അധികാരികളും വിധിയെഴുതിയ ഇടത്തുനിന്നും ലോകാരോഗ്യ സംഘടനയുടെ വരെ ശ്രദ്ധപിടിച്ചു പറ്റി കോവിഡിനെ പൊരുതി തോല്‍പ്പിക്കാന്‍ അവിടുത്തെ ജനതയ്ക്കായി. ധാരാവി മോഡലെന്ന് ലോകം ഒന്നാകെ വാഴ്ത്തുന്ന സ്ഥിതിയിലേക്കു ധാരാവിയുടെ പ്രതിരോധ പ്രവര്‍ത്തന മാതൃക മാറി. ഒരിക്കലെങ്കിലും ആലസ്യമോ ഉപേക്ഷയോ വിചാരിച്ചിരുന്നുവെങ്കില്‍ ആ ജനതയ്ക്കു സംഭവിക്കാവുന്ന ദുരന്തം അതിഭീകരമാകുമായിരുന്നു.
ധാരാവി മുംബൈയുടെ മാത്രം മുഖമാണെങ്കിലും അതേ സാഹചര്യത്തില്‍ ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന നിരവധി ചേരികള്‍ ഇന്ത്യയിലുടനീളമുണ്ട്. ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ഇത്തരം ജനവാസ കേന്ദ്രങ്ങളിലേക്ക് കോവിഡ് രോഗം വ്യാപിക്കുകയാണെങ്കില്‍ അതിനു തടയിടുകയെന്നത് ഏറെ ശ്രമകരമായിരിക്കും. പ്രത്യേകിച്ചും സാമൂഹ്യ വ്യാപനം അടുത്തു കഴിഞ്ഞു എന്നു ആരോഗ്യ പ്രവര്‍ത്തകര്‍ വിലയിരുത്തുന്ന ഈ സാഹചര്യത്തില്‍.
കോവിഡ് രോഗവ്യാപനത്തില്‍ കേരളം ഏറെ ഭയത്തോടെ നോക്കുന്നത് തലസ്ഥാനത്തെയാണ്. പൂന്തുറയുള്പ്പെടെയുള്ള തീരദേശങ്ങളെല്ലാം കോവിഡ് ഭീതിയിലാണ്. കനത്ത ജാഗ്രത നിര്‍ദേശങ്ങള്‍ക്കൊപ്പം ട്രിപ്പിള്‍ ലോക്ഡൗണും ഇവിടുണ്ട്. കോവിഡ് എത്ര രൂക്ഷമായാലും ജനജാഗ്രത എത്രത്തോളമുണ്ടെന്നുള്ളത് സംശയമാണ്. ധാരാവി ലോകരാജ്യങ്ങള്ക്കെന്തു മാതൃക നല്‍കിയോ അതിലേറെ കരുതലുമായി ജീവിക്കുന്ന ഒരുപറ്റം മനുഷ്യരും തലസ്ഥാന നഗരിയിലുണ്ട്. തിരുവനന്തപുരം ജില്ലയുടെ ഹൃദയഭാഗത്തുള്ള ചെങ്കല്‍ച്ചൂള രാജാജി നഗര്‍ കോളനി നിവാസികളാണ് ഈ മാത്യക കാണിക്കുന്നത്. അധികാരികളോ ഭരണകര്‍ത്താക്കളൊ അല്ല ഈ ജാഗ്രതയ്ക്കു പിന്നില്‍. ഒരുകൂട്ടം ചെറുപ്പക്കാരാണ്. തങ്ങളുടെ കടമയാണതെന്ന് അവരും വിശ്വസിക്കുന്നു. ആയിരത്തിലധികം ജനങ്ങള്‍ അധിവസിക്കുന്ന ഏറെ ജനസാന്ദ്രതയുള്ള മേഖലയാണിത്. കോവിഡ് പ്രതിരോധത്തില്‍ ഇവര്‍ കാട്ടുന്ന ജാഗ്രത മാത്യകാപരമാണ്. കോളനിയിലെ പ്രവേശന കവാടത്തില്‍ സ്ഥാപിച്ചിരിക്കുന്ന അണുനശീകരണ സംവിധാനം ഉപയോഗിച്ച ശേഷം മാത്രമേ കോളനിയിലേക്കു പ്രവേശനം സാധ്യമാകൂ. കോളനി നിവാസികള്‍ അല്ലാതെ മറ്റാരെയും കോളനിയിലേക്കു പ്രവേശിപ്പിക്കുകയില്ല. പുറത്തുനിന്നു കച്ചവടക്കാരെ പോലും അനുവദിക്കുന്നില്ല. മാസ്ക് ഇവരുടെ ജീവിതത്തിന്റെ ഭാഗമായിട്ട് നാളെറെയായി. വീട്ടു ജോലി ചെയ്യുന്നവരും വഴിയരികില്‍ കളിക്കുന്ന കുഞ്ഞുകുട്ടികള്‍ വരെ മാസ്ക് ധരിച്ചിട്ടുണ്ടാവും. സാധാരണക്കാര്‍ മാത്രം വസിക്കുന്ന ഈ കോളനിയില്‍ അസുഖം വ്യാപകമായാല്‍ പ്രതിരോധം ഏറെ ബുദ്ധിമുട്ടാകും. അന്യ സംസ്ഥാനങ്ങളില്‍ നിന്നെത്തുന്നവര്‍ക്കായി പ്രത്യേക നിരീക്ഷണ കേന്ദ്രവും ഇവര്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. കോളനി നിവാസികള്‍ക്കാവശ്യമായ ഭക്ഷണമെത്തിക്കുന്നതിനുള്പ്പെടെയുള്ള ആവശ്യങ്ങള്‍ക്കായി സദാ സന്നദ്ധരായി ചെറുപ്പക്കാരുണ്ട്.
അന്നത്തെ അന്നത്തിനായി മാത്രം സമ്പാദിക്കുകയും അതില്‍ സംതൃപ്തി കണ്ടെത്തുകയും ചെയ്യുന്ന സാധാരണ തൊഴിലാളികളാണ് ചെങ്കല്ച്ചൂളയിലുള്ളത്. കോവിഡ് പ്രതിരോധ മാര്‍ഗ്ഗങ്ങളെ കുറിച്ചും അതിന്റെ ആവശ്യകതയെ കുറിച്ചും അവര്‍ സ്വയം മനസ്സിലാക്കുകയാണ്. മഹാമാരിയോട് അവര്‍ പൊരുതുന്നത് ഒറ്റക്കെട്ടായി