Breaking NewsSPORTSTop News

ചെന്നൈക്ക് ഇതെന്തു പറ്റി…!

വസന്ത് കമല്‍

വയസന്‍ പടയെന്നു പേരു കേള്‍പ്പിച്ചിട്ടും കഴിഞ്ഞ സീസണില്‍ ഫൈനല്‍ വരെ കളിച്ച ടീമാണ് ചെന്നൈ സൂപ്പര്‍ കിങ്സ്. ഐപിഎല്ലിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും സ്ഥിരത അവകാശപ്പെടാവുന്ന ടീം. പിന്നിട്ട പന്ത്രണ്ട് സീസണിലും അവര്‍ പ്ലേ ഓഫ് കളിച്ചിട്ടുണ്ട്. ഈ പതിമൂന്നാം സീസണില്‍ ഇതാദ്യമായി പ്ലേ ഓഫ് കാണാതെ പുറത്താകുമെന്ന് ഏറെക്കുറെ ഉറപ്പായിക്കഴിഞ്ഞു. ചെന്നൈ സൂപ്പര്‍കിങ്സിനെ ഇത്രയും കാലം ഐപിഎല്ലിലെ ഏറ്റവും ശക്തമായ ടീമായി നിലര്‍ത്തിയത് ആര് എന്ന ചോദ്യത്തിനും, ഈ സീസണിലെ ദയനീയ പ്രകടനത്തിനു കാരണക്കാരന്‍ ആര് എന്ന ചോദ്യത്തിന് ഉത്തരം നീളുന്നത് ഒരേ പേരിലേക്കാണ്- ഇന്ത്യന്‍ ക്രിക്കറ്റിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച നായകന്‍മാരുടെ കൂട്ടത്തില്‍ എണ്ണപ്പെടുന്ന എം.എസ്. ധോണിയിലേക്ക്. തനിക്കു പുറമേ, ഷെയ്ന്‍ വാട്സണ്‍, ഫാഫ് ഡു പ്ലെസി, സുരേഷ് റെയ്ന, അമ്പാടി റായുഡു, ഹര്‍ഭജന്‍ സിങ്, കേദാര്‍ യാദവ്, ഡ്വെയ്ന്‍ ബ്രാവോ, ഇമ്രാന്‍ താഹിര്‍ തുടങ്ങിയ മുതിര്‍ന്ന താരങ്ങളെ വച്ച് ടീമിന്റെ ന്യൂക്ലിയസ് തയാറാക്കുമ്പോള്‍ ധോണിക്ക് പറയാനുള്ള ന്യായം, പരിചയസമ്പത്തിനെ വെല്ലാന്‍ മറ്റൊന്നുമില്ല എന്നായിരുന്നു. എന്നാല്‍, സീസണ്‍ തുടങ്ങും മുന്‍പു തന്നെ റെയ്നയും ഹര്‍ഭജനും ടീം വിട്ടു. ഓപ്പണര്‍ എം. വിജയ് വന്‍ പരാജയമായി. ഏറെ പ്രതീക്ഷയര്‍പ്പിച്ച യുവതാരം ഋതുരാജ് ഗെയ്ക്ക്വാദും നിരാശപ്പെടുത്തി. ഇതോടെ ടീമിന്റെ സന്തുലനം തന്നെ നഷ്ടപ്പെട്ടു എന്നതാണ് സത്യം. റെയ്നയുടെ അഭാവം നികത്താന്‍ ബാറ്റിങ് നിരയില്‍ നിരന്തരം പൊളിച്ചെഴുത്തുകള്‍ വേണ്ടി വന്നു. എന്നാല്‍, കേദാര്‍ യാദവും ധോണിയും ഉള്‍പ്പെട്ട ലോവര്‍ മിഡില്‍ ഓര്‍ഡര്‍ ദുര്‍ബലമായതോടെ അതെല്ലാം പരാജയപ്പെട്ടു. നിരന്തരം പരാജയമായിട്ടും കേദാര്‍ യാദവിനും ലെഗ് സ്പിന്നര്‍ പിയൂഷ് ചൗളയ്ക്കും നിരന്തരം അവസരം നല്‍കിക്കൊണ്ടിരുന്നതിനും ക്യാപ്റ്റന്‍ വിമര്‍ശനം നേരിട്ടു. ഒരു കളിയില്‍ മാത്രം അവസരം കിട്ടിയ തമിഴ്നാട് ബാറ്റ്സ്മാന്‍ എന്‍. ജഗദീശന്‍ 33 റണ്‍സെടുത്തിട്ടും പിന്നീട് അവസരങ്ങള്‍ നിഷേധിക്കപ്പെട്ടു. ഇമ്രാന്‍ താഹിര്‍, മിച്ചല്‍ സാന്റ്നര്‍ എന്നീ ലോകോത്തര സ്പിന്നര്‍മാര്‍ തീര്‍ത്തും അവഗണിക്കപ്പെട്ടു. ഇതിനെല്ലാം പിന്നാലെ, മുതിര്‍ന്ന താരങ്ങളെ മറികടന്ന് ഫസ്റ്റ് ഇലവനിലെത്താനുള്ള സ്പാര്‍ക്ക് യുവതാരങ്ങളില്‍ കണ്ടില്ലെന്ന ധോണിയുടെ പരാമര്‍ശവും വിവാദമായി. ജഗദീശനില്‍ കാണാത്ത എന്തു സ്പാര്‍ക്കാണ് യാദവിലും ചൗളയിലും ധോണി കണ്ടതെന്ന ചോദ്യങ്ങള്‍ ഉയര്‍ന്നു. ഈ സീസണില്‍ ഇനി സാധ്യതയില്ലാത്ത സ്ഥിതിക്ക് ഇനി യുവാക്കള്‍ക്ക് അവസരം നല്‍കാമെന്ന നിലപാടിലാണ് ധോണി. ഓള്‍റൗണ്ടര്‍മാരായ രവീന്ദ്ര ജഡേയും സാം കറനും മാത്രമാണ് നിലവില്‍ ചെന്നൈ ടീമില്‍ പ്രകടന സ്ഥിരത പുലര്‍ത്തിയിട്ടുള്ളത്. ബ്രാവോ പരുക്കേറ്റ് പുറത്താകുക കൂടി ചെയ്തതോടെ ടീമിന്റെ ബാലന്‍സ് ഒന്നുകൂടി തെറ്റുകയും ചെയ്തിരിക്കുന്നു.

മുഹമ്മദ് സിറാജ്

ഐപിഎല്ലില്‍ പരിഹാസ കഥാപാത്രങ്ങളായി മാറിയ നിരവധി കളിക്കാരുണ്ട്, അവരില്‍ ബൗളര്‍മാര്‍ തന്നെയാണ് ഏറെയും. അശോക് ദിന്‍ഡയും പിയൂഷ് ചൗളയും മുതല്‍ ജയദേവ് ഉനദ്കതും ഉമേഷ് യാദവും വരെ അതില്‍ ഉള്‍പ്പെടുന്നു. ഈ കൂട്ടത്തില്‍ നിന്ന് ഒറ്റ മത്സരം കൊണ്ട് രക്ഷപെട്ട ബൗളറാണ് മുഹമ്മദ് സിറാജ്. ഹൈദരാബാദുകാരന്‍ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലും ഇന്ത്യന്‍ എ ടീമിനു വേണ്ടിയുമെല്ലാം മിന്നുന്ന പ്രകടനങ്ങള്‍ കാഴ്ച വച്ചിട്ടുണ്ടെങ്കിലും ഐപിഎല്ലില്‍ വന്‍ പരാജയമായിരുന്നു കഴിഞ്ഞ സീസണ്‍ വരെ. ഓസ്ട്രേലിയ എ ടീമിനെതിരേ ഒറ്റ ഇന്നിങ്സില്‍ എട്ടു വിക്കറ്റ് നേടിയ പ്രകടനം വരെ സിറാജിന്റെ ക്രെഡിറ്റിലുണ്ടെങ്കിലും, കൂടുതല്‍ ആളുകള്‍ കാണുന്ന മത്സരം എന്ന നിലയില്‍ തല്ലുകൊള്ളിയായ ചെണ്ടയോടായിരുന്നു ഉപമ. എന്നാല്‍, കോല്‍ക്കത്ത നൈറ്റ്റൈഡേഴ്സിനെ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ തകര്‍ത്തു വിട്ട മത്സരത്തില്‍ സിറാജ് ആയിരുന്നു മാന്‍ ഓഫ് ദ മാച്ച്. നാലോവറില്‍ എട്ട് റണ്‍സ് മാത്രം വഴങ്ങി മൂന്നു വിക്കറ്റ് നേടിയ സിറാജിന്റെ പ്രകടനം ഐപിഎല്‍ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ബൗളിങ് അനാലിസിസാണ്. ഐപിഎല്ലിലെ ഒറ്റ മത്സരത്തില്‍ രണ്ടു മെയ്ഡന്‍ ഓവര്‍ എറിയുന്ന ആദ്യ ബൗളര്‍ എന്ന ബഹുമതിയും ഈ മത്സരത്തോടെ സിറാജ് സ്വന്തമാക്കി. മത്സരത്തില്‍ മൂന്ന് വിക്കറ്റ് നേടിക്കഴിഞ്ഞാണ് സിറാജ് ഒരു റണ്‍സെങ്കിലും വഴങ്ങിയത്. ഓസ്ട്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനെ തെരഞ്ഞെടുക്കാനിരിക്കെ സിറാജിനെപ്പോലുള്ള പേസ് ബൗളര്‍മാര്‍ക്ക് മികച്ച സാധ്യതകളാണുള്ളത്. കോവിഡ് കാരണം ടീമില്‍ പതിവിലേറെ അംഗങ്ങളുണ്ടാകും എന്നത് ഒരു കാര്യം. ഇതുകൂടാതെ, മുന്‍നിര പേസര്‍മാരായ ഭുവനേശ്വര്‍ കുമാറും ഇശാന്ത് ശര്‍മയും പരിക്കിന്റെ പിടിയിലാണ്. മുഹമ്മദ് ഷാമി, ഉമേഷ് യാദവ്, ജസ്പ്രീത് ബുംറ എന്നിവരാണ് ടെസ്റ്റ് ടീമില്‍ ഇടം ഉറപ്പുള്ളവര്‍. ഈ നിരയിലേക്ക് നവദീപ് സെയ്നി കൂടി എത്തുമെന്നത് ഏറെക്കുറെ ഉറപ്പാണ്. പരുക്കിന്റെ പിടിയിലായിരുന്ന ഹാര്‍ദിക് പാണ്ഡ്യ പന്തെറിഞ്ഞു തുടങ്ങിയിട്ടില്ലാത്തതിനാല്‍ സിറാജിനും ശാര്‍ദൂല്‍ താക്കൂറിനും തുഷാര്‍ ദേശ്പാണ്ഡെയ്ക്കും സാധ്യത ഏറെയാണ്. ശിവം മാവി, കാര്‍ത്തിക് ത്യാഗി, കമലേഷ് നാഗര്‍കോടി തുടങ്ങിയവര്‍ക്കും വിദൂര സാധ്യതകളുണ്ട്, പ്രത്യേകിച്ച് പരിമിത ഓവര്‍ ടീമുകളില്‍. ട്വന്റി20 ടീമില്‍ ദീപക് ചഹറും ഉള്‍പ്പെടാനാണ് സാധ്യത.

വിക്കറ്റ് കീപ്പര്‍മാരും ഒന്നിലധികം ഉണ്ടാകും എന്നതിനാല്‍ ഋഷഭ് പന്തിനൊപ്പം ടെസ്റ്റില്‍ വൃദ്ധിമാന്‍ സാഹയ്ക്കും പരിമിത ഓവര്‍ ടീമുകളില്‍ ഇഷാന്‍ കിഷനോ സഞ്ജു സാംസണോ അവസരം പ്രതീക്ഷിക്കാം. എന്നാല്‍, പരിമിത ഓവര്‍ മത്സരങ്ങളില്‍ കെ.എല്‍. രാഹുല്‍ തന്നെ വിക്കറ്റ് കീപ്പറാകാനുള്ള സാധ്യതയും കൂടുതലാണ്. ശുഭ്മാന്‍ ഗില്‍, പൃഥ്വി ഷാ, മായങ്ക് അഗര്‍വാള്‍, കെ.എല്‍. രാഹുല്‍, ശിഖര്‍ ധവാന്‍, രോഹിത് ശര്‍മ എന്നിങ്ങനെ ആറ് ഓപ്പണര്‍മാരില്‍ നിന്ന് ആരെയൊക്കെ ഏതൊക്കെ ടീമുകളിലേക്ക് പരിഗണിക്കും എന്ന കാര്യത്തിലായിരിക്കും സുനില്‍ ജോഷി നേതൃത്വം നല്‍കുന്ന സെലക്ഷന്‍ കമ്മിറ്റിയുടെ ഏറ്റവും വലിയ തലവേദന. ട്വന്റി20, ടെസ്റ്റ് ടീമുകളില്‍ നിന്ന് ഒഴിവാക്കപ്പെട്ട ശിഖര്‍ ധവാന്‍ ഐപിഎല്ലില്‍ തുടര്‍ച്ചയായി രണ്ടു സെഞ്ചുറികള്‍ നേടിക്കൊണ്ട് വീണ്ടും തന്റെ മികവ് തെളിയിച്ചിട്ടുണ്ട്. രാഹുലും മായങ്കും റണ്‍ വേട്ടക്കാരുടെ പട്ടികയുടെ മുകളില്‍ തന്നെയുണ്ട്. രോഹിതും ഗില്ലും ആങ്കര്‍ റോളുകളില്‍ സ്ഥിരത പുലര്‍ത്തുന്നു. സ്ഥിരത കുറവാണെങ്കിലും പൃഥ്വിയും സ്ട്രോക്ക് പ്ലേയില്‍ പിന്നിലല്ല. സ്പിന്നര്‍മാരുടെ കാര്യത്തില്‍ ആര്‍. അശ്വിനും രവീന്ദ്ര ജഡേജയും തന്നെയായിരിക്കും ടെസ്റ്റ് മത്സരങ്ങളില്‍ ആദ്യ പരിഗണനയില്‍ വരുന്നത്. പരിമിത ഓവര്‍ മത്സരങ്ങളില്‍ യുസ്വേന്ദ്ര ചഹല്‍ അനിവാര്യ ഘടകമാണ്. ഫോം വീണ്ടെടുക്കുന്നതിന്റെ ലക്ഷണങ്ങളൊന്നും കാണിച്ചിട്ടില്ലെങ്കിലും കുല്‍ദീപ് യാദവിനെ എഴുതിത്തള്ളാന്‍ കഴിയില്ല. ഐപിഎല്‍ പ്രകടനമികവ് കണക്കിലെടുത്ത് അക്ഷന്‍ പട്ടേലിന് പരിമിത ഓവര്‍ ടീമുകളില്‍ ഇടം കിട്ടാന്‍ സാധ്യത ഏറെ.

ക്രിക്കറ്റ് വിശേഷങ്ങള്‍ക്കു പിന്നാലെ കുറച്ച് ഫുട്ബോള്‍ ആകാം. പുതിയ സീസണിലെ യുവേഫ ചാംപ്യന്‍സ് ലീഗിന്റെ ഗ്രൂപ്പ് ഘട്ടത്തിന് തുടക്കമായിക്കഴിഞ്ഞു. കോവിഡ് കാരണം ഒരു മാസത്തോളം വൈകിയാണ് മത്സരങ്ങള്‍ ആരംഭിച്ചത്. രണ്ടു മാസം മുന്‍പ് ബയേണ്‍ മ്യൂണിച്ചിനു മുന്നില്‍ തകര്‍ന്നടിഞ്ഞ ബാഴ്സലോണയുടെ തിരിച്ചുവരവിന് ആക്കം കൂട്ടുന്നതായിരുന്നു ചാംപ്യന്‍സ് ലീഗിലെ ആദ്യ ദിന മത്സരങ്ങളിലൊന്ന്. ഹംഗേറിയന്‍ ക്ലബ് ഫെറെന്‍സ്വറോസിനെ ഒന്നിനെതിരേ അഞ്ച് ഗോളിന് അവര്‍ കീഴടക്കി. സൂപ്പര്‍ താരം ലയണല്‍ മെസിയും പുത്തന്‍ താരോദയം അന്‍സു ഫാറ്റിയും പെദ്രിയും ടീമിനായി ഗോളുകള്‍ നേടി. പുതിയ കോച്ച് റോണള്‍ഡ് കൂമാനു കീഴില്‍ നവോത്ഥാനം തന്നെ സ്വപ്നം കാണുകയാണ് ബാഴ്സയുടെ ആരാധകര്‍. ഫ്രഞ്ച് വമ്പന്‍മാരായ പിഎസ്ജിയെ അവരുടെ ഹോം ഗ്രൗണ്ടില്‍ ഒന്നിനെതിരേ രണ്ടു ഗോളിനു കീഴടക്കിയ മാഞ്ചസ്റ്റര്‍ യുനൈറ്റഡും പുതിയ കുതിപ്പിന്റെ പ്രതീക്ഷയുണര്‍ത്തുന്നു. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ അഭാവത്തിലും യുവന്റസ് എതിരില്ലാത്ത രണ്ടു ഗോളിന് യുക്രെയ്ന്‍ ക്ലബ് ഡൈനാമോ കീവിനെ കീഴടക്കി. ചെല്‍സി സ്വന്തം ഗ്രൗണ്ടില്‍ സെവിയ്യയോട് സമനില വഴങ്ങി. ബോറൂസിയ ഡോര്‍ട്ട്മുണ്ടിനെ ഇറ്റലിയില്‍ നിന്നുള്ള ലാസിയോ 3-1ന് അട്ടമറിക്കുകയും ചെയ്തു. ഇനി കേരളത്തിലേക്കു വരാം. സംസ്ഥാനത്തിന്റെ കായിക മേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തിന് വലിയ മുതല്‍ക്കൂട്ടാകുമെന്ന പ്രതീക്ഷയായിരുന്നു 2015ല്‍ നമ്മള്‍ ദേശീയ ഗെയിംസിന് ആതിഥ്യം വഹിക്കുമ്പോള്‍. എന്നാല്‍, അന്ന് അത്ലറ്റിക് മത്സരങ്ങള്‍ക്കായി സര്‍ക്കാര്‍ വാങ്ങിയ ഒരു കോടി രൂപ വില മതിക്കുന്ന മത്സര ഉപകരണങ്ങള്‍ കാണാനില്ല എന്നതാണ് ഇപ്പോഴത്തെ അവസ്ഥ! മത്സര ശേഷം ഒന്നരക്കോടി രൂപ മതിക്കുന്ന ഉപകരണങ്ങള്‍ സ്പോര്‍ട്സ് കൗണ്‍സിലിനു കൈമാറിയെന്നാണ് സംസ്ഥാന സ്പോര്‍ട്സ് വകുപ്പിന്റെ വിശദീകരണം. എന്നാല്‍, കൗണ്‍സിലിന്റെ പക്കല്‍ ഇപ്പോഴുള്ളത് അമ്പതു ലക്ഷത്തിന്റെ ഉപകരണങ്ങള്‍ മാത്രം. ബാക്കി ഒരു കോടിയുടെ മുതല്‍ എവിടെപ്പോയി എന്നതാണ് ചോദ്യം. 84 ജാവലിനുകള്‍, 40 ഹാമറുകള്‍, 100 ഹര്‍ഡിലുകള്‍, 35 ക്രോസ് ബാറുകള്‍, 18 സ്റ്റാര്‍ട്ടിങ് ബ്ലോക്കുകള്‍ തുടങ്ങി വിദേശരാജ്യങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്ത ഉപകരണങ്ങളാണ് കാണാതായിരിക്കുന്നത്. പരിശീലന ഉപകരണങ്ങള്‍ക്കായി സര്‍ക്കാരിന് അപേക്ഷ നല്‍കി നിരവധി കായിക താരങ്ങള്‍ കാത്തിരിക്കുമ്പോഴാണ് അധികൃതരുടെ ഈ അനാസ്ഥ. ദേശീയ തലത്തില്‍ പോലും പിന്തള്ളപ്പെട്ടുകൊണ്ടിരിക്കുന്ന കേരളത്തിന് തത്കാലം നമുക്ക് ഒളിമ്പിക് മെഡലുകള്‍ സ്വപ്നം കാണുക മാത്രം ചെയ്യാം എന്ന് ആശ്വസിച്ചുകൊണ്ട് ഈയാഴ്ചത്തെ അവലോകനത്തിനു വിരാമമിടുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close