ചെമ്പരിക്ക ഖാസിയുടെ മരണം പുതിയ വഴിത്തിരിവിലേക്ക്

കാസര്‍കോട്: ഇസ്ലാം മത പണ്ഡിതനും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ വൈസ് പ്രസിഡന്റുമായിരുന്ന ചെമ്പരിക്ക ഖാസിയെന്ന സിഎം അബ്ദുല്ല മൗലവി മരണത്തിലെ അന്വേഷണം പുതിയ വഴിത്തിരിവിലേക്ക്. ആത്മഹത്യ ചെയ്തതാണെന്ന സിബിഐ വാദം തള്ളുന്ന തരത്തിലുള്ള പോണ്ടിച്ചേരിയിലെ ജവഹര്‍ലാല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാജ്യുവേറ്റ് മെഡിക്കല്‍ എഡുക്കേഷന്‍ ആന്റ് റിസേര്‍ച്ചിലെ (ജിപ്മെര്‍) ഫോറന്‍സിക് വിദഗ്ധരുടെ സൈക്കോളജിക്കല്‍ ഓട്ടോപ്സി എന്ന അത്യാധുനിക വിശകലനമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. കേസ് പരിഗണിക്കുന്ന എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ കഴിഞ്ഞ ഡിസംബര്‍ 31 ന് സമര്‍പ്പിച്ച റിപ്പോര്‍ട്ട് കഴിഞ്ഞദിവസമാണ് പുറത്തുവന്നത്
ജിപ്മെറിലെ വിദഗ്ധര്‍ ഖാസിയുടെ വീട്ടിലും നാട്ടിലുമൊക്കെ
തെളിവെടുപ്പ് നടത്തിയാണ് റിപ്പോര്‍ട്ട് തയാറാക്കിയത്. ജിപ്മെര്‍ ഫോറന്‍സിക് വിഭാഗം
തലവന്‍ ഡോ. കുശ കുമാര്‍ ഷഹ, ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് കെ അറിവഴകന്, സൈക്യാട്രി
വിഭാഗം പ്രൊഫസര്‍ ഡോ. വികാസ് മേനോന്, തുടങ്ങിയവര്‍ ഉള്‍പ്പെട്ട സംഘമാണ്
റിപ്പോര്‍ട്ട് തയാറാക്കിയത്. കുടുംബ ചരിത്രത്തില്‍ ഇതുവരെ ആരും ആത്മഹത്യാ പ്രവണത
പ്രകടിപ്പിച്ചിട്ടില്ല. ശാന്തമായി ഉറച്ച തീരുമാനങ്ങളെടുക്കുന്ന
പ്രകൃതക്കാരനായിരുന്നു ഖാസി. ഇദ്ദേഹത്തിന്റെ തീരുമാനങ്ങളെ കുടുംബാംഗങ്ങളും
നാട്ടുകാരും മാനിക്കുകയും അംഗീകരിക്കുകയും ചെയ്തിരുന്നുവെന്നും റിപ്പോര്‍ട്ടില്‍
പറയുന്നു. അതേസമയം മുട്ടുവേദന, പ്രമേഹം തുടങ്ങിയ രോഗങ്ങള്‍ ഖാസിക്ക് ഉണ്ടായിരുന്നു.
എന്നാല്‍, അതില്‍ അദ്ദേഹം അതീവ നിരാശനോ ആത്മഹത്യാ പ്രവണതയുള്ളയാളോ
ആയിരുന്നില്ലെന്ന് അദ്ദേഹത്തെ ചികിത്സിച്ചിരുന്ന ഗ്യാസ്ട്രോ എന്‍ട്രോളജിസ്റ്റ്
അടക്കമുള്ള ഡോക്ടര്‍മാര്‍ മൊഴിനല്‍കിയിട്ടുമുണ്ട്. മുട്ടുവേദന കാരണം ഇരുന്ന്
നിസ്കരിക്കുകയും പരസഹായമില്ലാതെ പടികയറാന്‍ ബുദ്ധിമുട്ടുകയും ചെയ്തിരുന്ന ഖാസി
ഉയരുമുള്ള പാറ കയറിയിറങ്ങി കടലില്‍ചാടി ആത്മഹത്യചെയ്തുവെന്നത് വിശ്വസനീയമല്ല.
മാത്രമല്ല, മൃതദേഹത്തില്‍ കാണപ്പെട്ട മുറിവുകള്‍ സ്വയം
ചാടിയാലുണ്ടാകുന്നവയല്ലെന്നും സംഘം റിപോര്‍ട്ടില്‍ വിലയിരുത്തിയിട്ടുണ്ട്
ആദ്യം
ബേക്കല്‍ പോലിസും പിന്നീട് ക്രൈം ബ്രാഞ്ചും അന്വേഷണ റിപ്പോര്‍ട്ട്
സമര്‍പ്പിക്കുന്നതിന് മുന്‍പ് സിബിഐ അന്വേഷണം ഏറ്റെടുത്തിരുന്നു. മുസ്ലിയാര്,
കിഴൂര്‍ കടപ്പുറത്തെ പാറയുടെ മുകളില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തതാണ് എന്ന
നിഗമനത്തിലാണ് സിബിഐ എത്തിച്ചേര്‍ന്നത്. ഇതിനെ എറണാകുളം സിജെഎം കോടതി രൂക്ഷമായ
രീതിയില്‍ വിമര്‍ശിച്ചിരുന്നു. സിബിഐയുടെ രണ്ടാമത്തെ റിപ്പോര്‍ട്ടില്‍, മരണം
ആത്മഹത്യയാണ് എന്നതിന് തെളിവില്ലെങ്കിലും വിദഗ്ധാഭിപ്രയം അനുസരിച്ച്
സാഹചര്യതെളിവുകളുടെ അടിസ്ഥാനത്തില്‍ മരണം ആത്മഹത്യയാണെന്ന്
പ്രസ്താവിക്കുകയായിരുന്നു. ഖാസി സിഎം അബ്ദുല്ല മൗലവിയുടെ മരണം കൊലപാതകമല്ലെന്നു
ചൂണ്ടിക്കാട്ടിയാണ് കേസ് അവസാനിപ്പിച്ചതായി സിബിഐ കോടതിയില്‍ പുനരന്വേഷണ
റിപോര്‍ട്ട് സമര്‍പ്പിച്ചത്. വ്യക്തമായ തെളിവുകളുടെ അഭാവത്തില്‍ മരണകാരണം
ആത്മഹത്യയാണോ അപകടമാണോയെന്നു പറയാന്‍ കഴിയില്ലെന്നാണു മന: ശാസ്ത്ര അപഗ്രഥന
(സൈക്കോളജിക്കല്‍ ഓട്ടോപ്സി) റിപ്പോര്‍ട്ടുകളെ ആധാരമാക്കി സിബിഐയുടെ നിഗമനം.
തിരുവനന്തപുരം യൂണിറ്റ് ഡിവൈഎസ്പി കെജെ ഡാര്‍വിനാണു കേസന്വേഷണം അവസാനിപ്പിക്കാന്‍
അനുവാദം തേടി എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ അന്തിമ
റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഖാസിയുടെ കുടുംബത്തിന്റെയും ആക്ഷന്‍
കമ്മിറ്റിയുടെയും നിരന്തരമായ സമരത്തെ തുടര്‍ന്നാണ് ഹൈക്കോടതിയുടെ നിര്‍ദേശ പ്രകാരം
സിബിഐ കേസ് പുനരന്വേഷിച്ചത്.
2010 ഫെബ്രുവരി 15ന് രാവിലെ 6.50നാണ് സി.എം
അബ്ദുല്ല മുസ്ല്യാരുടെ മൃതദേഹം കടലില്‍ കണ്ടെത്തിയത്. വീട്ടില്‍ നിന്നു മാറി 900
മീറ്റര്‍ അകലെയുള്ള ചെമ്പരിക്ക കടപ്പുറത്തുനിന്ന് 40 മീറ്റര്‍ അകലെ
പൊങ്ങിക്കിടക്കുന്ന നിലയിലായിരുന്നു. നാട്ടുകാര്‍ മല്‍സ്യത്തൊഴിലാളികളുടെ
സഹായത്തോടെ മൃതദേഹം കരയ്ക്കെത്തിച്ചു. ഖാസിയുടെ ചെരിപ്പും ഊന്നുവടിയും ടോര്‍ച്ചും
കരയോടു ചേര്‍ന്ന പാറക്കൂട്ടങ്ങളുടെ മുകളില്‍ അടുക്കിവച്ച നിലയിലായിരുന്നു. വീടിനോടു
ചേര്‍ന്ന ഖാസിയുടെ സ്വകാര്യ മുറി പുറത്തുനിന്നു താഴിട്ട് പൂട്ടിയ നിലയിലായിരുന്നു.
ആദ്യം കേസ് അന്വേഷിച്ച ലോക്കല്‍ പോലീസ് ഖാസി ആത്മഹത്യചെയ്തതാണെന്ന നിഗമനത്തില്‍
അന്വേഷണം അവസാനിപ്പിക്കുകയായിരുന്നു. പിന്നീട് നാട്ടുകാര്‍ പ്രക്ഷോഭം നടത്തിയതിനെ
തുടര്‍ന്ന് സിബിഐ അന്വേഷണം ഏറ്റെടുത്തെങ്കിലും ലോക്കല്‍ പോലീസിന്റെ നിഗമനങ്ങള്‍
ശരിവക്കുന്ന നിലപാടാണ് അവരും സ്വീകരിച്ചത്.
ആദ്യം സിബിഐ എസ്പി ലാസറിന്റെ
നേതൃത്വത്തിലായിരുന്നു അന്വേഷണം. പിന്നീടാണ് അന്വേഷണം നന്ദകുമാര്‍ നായര്‍ക്ക്
കൈമാറിയത്. ലാസറിന്റെ അന്വേഷണം തൃപ്തികരമായിരുന്നുവെന്നും നന്ദകുമാറിന് കൈമാറിയതിനു
ശേഷമാണ് അന്വേഷണം അട്ടിമറിക്കപ്പെട്ടതെന്നും ബന്ധുക്കളും സമര സമിതിയും
ആരോപിക്കുന്നു. ഈ റിപ്പോര്‍ട്ട് സ്ഥിതീകരിക്കാനാവില്ലെന്ന് പ്രഖ്യാപിച്ച് പത്തു
വര്‍ഷമായി ഖാസിയുടെ കുടുംബം പുനരന്വേഷണം ആവശ്യപ്പെട്ട് സമരം നടത്തി വരികയാണ്.
തുടര്‍ച്ചയായ നാന്നൂര് ദിവസങ്ങള്‍ പിന്നിട്ടിട്ടും ഖാസി ആക്ഷന്‍ കമ്മിറ്റിയും
സമരത്തിലാണ്. ഓണ്‍ലൈന്‍ വഴിയും സമരം നടത്തുന്നുണ്ട്. ബാലിശമായ തെളിവുകള്‍ കൊണ്ടും
അനുമാനങ്ങള്‍ കൊണ്ടും കൊലപാതകം ആത്മഹത്യയാക്കാനാണ് സിബി9ഐ ശ്രമിച്ചതെന്ന്
ബന്ധുക്കള്‍ ആരോപിക്കുന്നു. ജിപ്മെറിലെ വിദഗ്ധരുടെ റിപോര്‍ട്ടില്‍ കേസ് തെളിയുമെന്ന
പ്രതീക്ഷ അര്‍പിച്ച് കാത്തിരിക്കുകയാണ് ഖാസിയുടെ ബന്ധുക്കളും
സമരസമിതിയും.