INDIANEWS

“ചെറിയ കുട്ടികള്‍ക്ക് ടീച്ചര്‍മാരും സാറന്മാരും എന്തിനാണ് ഇത്രയധികം എഴുതാനും പഠിക്കാനും തരുന്നത്”? പ്രധാനമന്ത്രിയോട് പരാതി പറഞ്ഞ് ആറ് വയസുകാരി

കോവിഡ് രണ്ടാംതരംഗത്തിന്‍റെ പിടിയിലാണ് രാജ്യം. ഇതിനിടയിലാണ് പുതിയൊരു അധ്യയന വര്‍ഷം കൂടി കടന്നു വരുന്നത്. കഴിഞ്ഞ വര്‍ഷത്തെപ്പോലെ തന്നെ ഇത്തവണയും ഓണ്‍ലൈന്‍ വഴിയാണ് ക്ലാസുകള്‍. സൂം, ഗൂഗിള്‍ മീറ്റ് വഴിയുള്ള പഠനം കുട്ടികള്‍ക്കും ഇപ്പോള്‍ ശീലമായത് പോലെയാണ്. ഓണ്‍ലൈന്‍ ക്ലാസ്സുകളിലെക്ക് മാറിയതോടെ ഹോം വര്‍ക്കുകളുടെ കട്ടിയും പഠന സമയവും കുട്ടികളിലേറി തുടങ്ങി. ഒരു പരിധി വരെ ഇത് കുട്ടികളില്‍ സമ്മര്‍ദം വരുത്തി എന്നു വേണം പറയാന്‍ ഇതിനു ഏറ്റവും വലിയ ഉദാഹരമാണ് കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയായില്‍ വൈറലായ ആറു വയസുകാരിയുടെ വീഡിയോ.

പരാതി, പ്രധാനമന്ത്രി നരേന്ദ്രമോദിയോടാണ്. “ചെറിയ കുട്ടികള്‍ക്ക് ടീച്ചര്‍മാരും സാറന്മാരും എന്തിനാണ് ഇത്രയധികം എഴുതാനും പഠിക്കാനും തരുന്നത്”? ഒരു ആറ് വയസ്സുകാരിയായ കശ്മീരി പെണ്‍കുട്ടിയുടേതാണ് ഈ പരാതി. രാവിലെ പത്ത് മണി മുതല്‍ ഉച്ചയ്ക്ക് രണ്ട് മണി വരെ ഓണ്‍ലൈനില്‍ ക്ലാസ്, പോരാത്തതിന് ഗൃഹപാഠവും. എങ്ങനെ പരാതിപ്പെടാതിരിക്കും.

പ്രധാനമന്ത്രിയെ നേരിട്ട് കണ്ട് തന്റെ പ്രശ്നം പറയുന്നത് പ്രയാസമാണ്, എന്നാല്‍ പിന്നെ ഒരു വീഡിയോ എടുത്തേക്കാം, ഒരു പക്ഷെ, അത് മോഡ്ജീയുടെ ശ്രദ്ധയില്‍ പെട്ടാല്‍ തന്റെ ‘കഷ്ടപ്പാടിന്’ പരിഹാരമായാലോയെന്ന് നിഷ്‌കളങ്കയായ ആ കുഞ്ഞ് കരുതിയിട്ടുണ്ടാവണം. പ്രധാനമന്ത്രിയ്ക്ക് വന്ദനം പറഞ്ഞും താനൊരു ആറു വയസ്സുകാരി പെണ്‍കുട്ടിയാണെന്ന് പരിചയപ്പെടുത്തിയുമാണ് സംസാരം ആരംഭിക്കുന്നത്. അതീവഗൗരവത്തിലാണ് കുഞ്ഞിന്റെ വര്‍ത്തമാനം. ‘സൂം ക്ലാസ്സുകളെ കുറിച്ച് ഞാന്‍ അങ്ങയോട് പറയാം.

ആറ് വയസ് പ്രായമുള്ളവര്‍, അതായത് ചെറിയ കുട്ടികള്‍- അവര്‍ക്കെന്തിനാണ് ടീച്ചര്‍മാരും സാറന്മാരും ഇത്രയും പഠിക്കാനും എഴുതാനും തരുന്നത്? എനിക്ക് രാവിലെ പത്ത് മണിക്ക് തുടങ്ങുന്ന ക്ലാസ് ഉച്ചയ്ക്ക് രണ്ട് മണിക്കാണ് തീരുന്നത്. ഇംഗ്ലീഷ്, കണക്ക്, പിന്നെ ഉറുദു, ഇ.വി.എസ്. പിന്നെ കമ്പ്യൂട്ടറും. ആറിലും ഏഴിലും പഠിക്കുന്ന വലിയ കുട്ടികള്‍ക്കാണ് ഇത്രയധികം പണി കൊടുക്കേണ്ടത്.’ തുടര്‍ന്ന് ഒരു നെടുവീര്‍പ്പ്. ‘എന്തു ചെയ്യാനാ, കുഴപ്പമില്ല, ഗുഡ് ബൈ മോദി സാബ്’ എന്ന പറഞ്ഞാണ് സംസാരം അവസാനിപ്പിക്കുന്നത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close