ചൈനയില്‍ നിന്നും ഇന്ത്യാക്കാരുമായി ആദ്യ വിമാനം ഡല്‍ഹിയില്‍ ഇറങ്ങി ; 324 യാത്രക്കാരില്‍ 42 മലയാളികള്‍, 211 വിദ്യാര്‍ത്ഥികള്‍

ന്യൂഡല്‍ഹി: കൊറോണ വൈറസ് ബാധയുടെ കേന്ദ്രമായ വുഹാനില്‍ നിന്നും 42 മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യാക്കാരുമായി ആദ്യ വിമാനം ഡല്‍ഹിയില്‍ എത്തി. 324 പേരെയും വഹിച്ചു കൊണ്ടുള്ള എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനം രാവിലെ 7.30 നാണ് ഡല്‍ഹിയില്‍ എത്തിച്ചേര്‍ന്നത്.
സംഘത്തില്‍ 211 പേര് വിദ്യാര്‍ത്ഥികളാണ്. മൂന്ന് പേര് കുട്ടികള്‍. ഇവരെ ഹരിയാനയിലെ ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റുമെന്നും 14 ദിവസം നിരീക്ഷണത്തിന് വിധേയമാക്കുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍.
സംഘത്തില്‍ കേരളത്തില്‍ നിന്നുള്ള 42 പേരുണ്ട്. ഏറ്റവും കൂടുതല്‍ പേര് ആന്ധ്രയില്‍ നിന്നുമാണ്. 56 പേര്. തമിഴ്നാട്ടില്‍ നിന്നും 53 പേര് സംഘത്തിലുണ്ട്. ഇവരെ മനേസറിലെ ഐസൊലേഷന്‍ വാര്‍ഡിലേക്കാണ് മാറ്റുന്നത്. ചൈനയില്‍ മരണം 259 ആയി.
സംസ്ഥാനത്ത് ഇതുവരെ 1471 പേര് നിരീക്ഷണത്തിലാണ്. എല്ലാ ജില്ലകളിലും കൊറോണ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതിനിടയില്‍ കൊറോണാ ബാധ സ്ഥിരീകരിക്കപ്പെട്ട യുവതിയുടെ നില മെച്ചപ്പെട്ടു. ഇവരുടെ രക്തസാമ്പിളുകള്‍ പരിശോധനയ്ക്കായി വീണ്ടും അയച്ചിട്ടുണ്ട്.